സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി/അക്ഷരവൃക്ഷം/ശുചിത്വശീലവും സമ്പൂർണ്ണ ആരോഗ്യവും

"
-- ലേഖനം - ശുചിത്വശീലവും സമ്പൂർണ്ണ ആരോഗ്യവും -->

ഒരു വ്യക്തിയിൽ നിന്നും ആരംഭിക്കേണ്ട ഒന്നാണ് ശുചിത്വം. വ്യക്തികളുടെ കൂട്ടായ്മയാണല്ലോ സമൂഹം. സാമൂഹ്യ ശുചിത്വം വികസിപ്പിക്കണം, അതിന് സമൂഹത്തിലെ ഓരോ പൗരനും മുൻകൈ എടുക്കേണ്ടതുണ്ട്. വ്യക്തികളിലൂടെ കുടുംബങ്ങൾക്കും കുടുംബങ്ങളിലൂടെ സമൂഹത്തിനും സമൂഹങ്ങളിലൂടെ രാജ്യത്തിനും രാജ്യങ്ങളിലൂടെ ലോകത്തിനും സുസ്ഥിര സമ്പൂർണ ആരോഗ്യ-പരിസ്ഥിതി ശുചിത്വത്തിലൂടെ സംജാതമാകുന്നതാണ്. 'പ്രകൃതി അമ്മയാണ്',' പ്രകൃതിയെ സംരക്ഷിക്കണം' തുടങ്ങി ഒട്ടേറെ വാക്യങ്ങൾ നാം നിത്യവും കേൾക്കുന്നതാണ്. ശുദ്ധമായ ജലം, വായു, മണ്ണ് എന്നിവ അടങ്ങുന്ന ഒരു വൃത്തിയുള്ള പ്രകൃതി ഉണ്ടെങ്കിൽ മാത്രമേ മനുഷ്യൻ അടങ്ങുന്ന സകല ജീവജാലങ്ങൾക്കും ഭൂമിയിൽ നിലനിൽപ്പുള്ളൂ. അതിനുവേണ്ടി നമ്മുടെ അമ്മയായ ഭൂമിയെ അഥവാ പ്രകൃതിയെ സംരക്ഷിക്കുവാൻ നമുക്കേവർക്കും പരിശ്രമിക്കാം. ഭൂമിയായ അമ്മയുടെ മക്കൾ എന്ന നിലയിൽ ഈ ലോകത്തെ എല്ലാ പൗരന്മാരും ശുചിത്വം പാലിക്കേണ്ടതുണ്ട്. ദൈവ പാതയിലേക്കുള്ള ഒരു വഴിയാണ് ശുചിത്വം എന്ന് കേട്ടിട്ടുണ്ടല്ലോ. കോടാനുകോടി മനുഷ്യർ വികസനത്തിനും ആർഭാടത്തിനുമായി ചൂഷണം ചെയ്യുന്ന ഭൂമിയെ ശുചിത്വം പാലിക്കുന്നതു വഴി നമുക്ക് രക്ഷിക്കാം, കാരണം ഭൂമി മാതാവാണ്. നമ്മുക്ക് എന്തും തരാൻ തയ്യാറായി നിൽക്കുന്ന അമ്മയെ ഇനി വരുന്ന ഭാവി തലമുറകൾക്കും ആവശ്യമാണ്. വ്യക്തിശുചിത്വം പാലിക്കുന്നത് വഴി തന്റെ ചുറ്റുമുള്ള പരിസരവും ശുചിയായി സൂക്ഷിക്കുവാനുള്ള മനോഭാവം ഓരോ മനുഷ്യനിലും ഉണ്ടാകും എന്നുള്ള കാര്യം തീർച്ചയാണ്. ശുചിത്വത്തിൽ നിന്നും നാന്ദി കുറിക്കട്ടെ പ്രകൃതി സംരക്ഷണം.

ശുചിത്വം പാലിക്കാത്തതുവഴി രോഗങ്ങൾ മനുഷ്യജീവനെ വേട്ടയാടുന്നുണ്ട്. ചെറിയ ചുമ തുടങ്ങി ഇപ്പോൾ എത്തിനിൽക്കുന്ന കോവിഡ്-19 വരെയുള്ള രോഗങ്ങൾ എല്ലാം വ്യക്തിശുചിത്വം പാലിക്കാത്തതിന്റെ ഫലങ്ങളാണ്. നാം നമ്മുടെ പരിസരവും ശരീരവും ശുചിയായി സൂക്ഷിക്കുകയാണെങ്കിൽ രോഗം പടർത്തുന്ന ഒരു വൈറസിനും നമ്മുടെ ശരീരത്തിലേക്ക് കടക്കാൻ സാധിക്കില്ല. പഴയ കാലഘട്ടത്തിലെ പോലെയുള്ള ശുചിത്വശീലങ്ങൾ ഇന്ന് വളരെ കുറച്ചുപേർ മാത്രമേ പാലിക്കുന്നുള്ളൂ. പല്ലു വൃത്തിയാക്കുക, കൈ കഴുകി മാത്രം ഭക്ഷണം കഴിക്കുക തുടങ്ങിയ എത്രയോ നല്ല ശീലങ്ങൾ നാമേവരും കുട്ടിക്കാലം തുടങ്ങി പഠിക്കുന്നതാണ്. എന്നാൽ നമ്മുടെ തിരക്കേറിയ ഈ ജീവിതത്തിനിടയിൽ നമ്മിലെത്രപേർ ശുചിത്വശീലങ്ങൾ പാലിക്കുന്നുണ്ട്? മാലിന്യങ്ങൾ വഴിയരികിൽ വലിച്ചെറിയരുത് എന്നും ജീവന്റെ അടിസ്ഥാനഘടകങ്ങളായ ജലം, വായു, മണ്ണ് എന്നിവയുടെ ശ്രോതസ്സുകൾ നശിപ്പിക്കരുത് എന്നുള്ള നിർദ്ദേശങ്ങളൊക്കെ നാം അനുസരിക്കാറുണ്ടോ? 

നമ്മുടെ ഈ മനോഭാവത്തിന് പിന്നിൽ സ്വാർത്ഥതയും അമിത ആത്മവിശ്വാസവും ഒളിഞ്ഞിരിക്കുന്നുണ്ട്.കോവിഡ്-19 വൈറസ് പടർന്നുപിടിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ സുരക്ഷയ്ക്കായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും സർക്കാർ പറയുന്നത് അനുസരിക്കാതെ നമ്മളിൽ പലരും പുറത്തിറങ്ങി. രോഗബാധിതരായ നമ്മുടെ സഹോദരങ്ങൾ ശരിയായ രീതിയിൽ ശുചിത്വം പാലിക്കുകയും വിദഗ്ധ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്തിരുന്നെങ്കിൽ രോഗബാധ ഏൽക്കുന്നതിൽ നിന്നും രക്ഷപ്പെടാനുള്ള സാധ്യത കൂടുതലായിരുന്നു. ശുചിത്വം പാലിക്കാത്തതിന്റെ  ഫലങ്ങൾ നാം അനുഭവിക്കുകയാണ്. നമ്മുടെ ശുചിത്വബോധം നമുക്ക് മാത്രമല്ല നമ്മുടെ സമൂഹത്തിനും വേണ്ടി ആണെന്ന ബോധം നമുക്ക് ഉണ്ടാകേണ്ടതാണ്‌. ഇനിയെങ്കിലും നിസ്വാർഥമായി അമിത ആത്മവിശ്വാസം ഒഴിവാക്കി ശുചിത്വശീലം പാലിക്കുന്ന പുതിയ മനുഷ്യരായി ജീവിക്കാം. 

ചികിത്സയേക്കാൾ പ്രതിരോധമാണ് നല്ലത്. ഏതു പ്രതിരോധ മരുന്നുകളേക്കാളും  ഏറ്റവും ഫലം ഏറിയത് ശുചിത്വം തന്നെയാണ്. ഈ ലോക്ക്ഡൗൺ കാലത്തു നാമേവരും ശുചിത്വം പാലിക്കാൻ ശ്രമിക്കുക. തുടക്കത്തിൽ സൂക്ഷിച്ചാൽ പിന്നീട് ദുഃഖിക്കേണ്ടതില്ല. ഈ ലോക്ക്ഡൗൺ കാലഘട്ടം ഒരു പുതിയ തുടക്കമാവട്ടെ. രോഗ പ്രതിരോധവും പരിസ്ഥിതി സംരക്ഷണവും എല്ലാം ശുചിത്വത്തിൽ നിന്നും തുടങ്ങട്ടെ.


ലക്ഷമി ചന്ദന ടി. എസ്.
8 B സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - DEV തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം