സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/ചരിത്രം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം വട്ടയാൽ

ആറു നൂറ്റാണ്ടുകളുടെ മേൽ ചരിത്ര സ്മൃതി പേറുന്ന വിശാലമായ ഒരു പ്രദേശമാണ് വട്ടയാൽ . എ.ഡി. 1400 കളുടെ ആരംഭത്തിൽ പുറക്കാട്ട് വന്ന പോർച്ചുഗീസ് / കർമ്മലീത്ത മിഷനറിമാരുടെ പ്രവർത്തന ഫലമായി 1410-ൽ വട്ടയാലിൽ ഒരു കുരിശു സ്ഥാപിച്ചതായി കാണുന്നു.

ആ കാലഘട്ടത്തിൽ തന്നെ പള്ളിയായി അത് രൂപം പ്രാപിച്ചപ്പോൾ ഈജിപ്തിലെ വിശുദ്ധ അന്തോനിയുടെ (വനത്തിലെ അന്തോനി / വനവാസം അന്തോനി) നാമത്തിൽ ചെറിയ ഇടവകയായി രൂപം പ്രാപിക്കുകയും തിരുക്കർമ്മങ്ങൾ അനുഷ്ടിക്കപ്പെടുകയും ജനുവരി 17 ന് ഇടവക തിരുന്നാൾ മകരം പെരുന്നാൾ എന്ന പേരിൽ നടത്തിപ്പോരുകയും ചെയ്തു.

കത്തോലിക്കാ തിരുസഭയിൽ പാദ്രുവാദോ ഭരണം റദ്ദു ചെയ്യപ്പെടുകയും കൊച്ചി രൂപതാ പ്രവർത്തനങ്ങൾ മന്ദീഭവിക്കുകയും ചെയ്തപ്പോൾ സഭയിലെ പ്രവർത്തനങ്ങൾ, അങ്കമാലി രൂപത ആലപ്പുഴ പഴയങ്ങാടി ഹോളിക്രോസ് ദേവാലയ അധികാരികൾ വട്ടയാൽ പ്രദേശം അതിനു കീഴിലാക്കുകയും ചെയ്തു. ഇക്കാലത്ത് ഈ പള്ളിയും ഈ മേഖലയും കുരിശു പള്ളി/ കുരിശു പള്ളിക്കൽ എന്നും അറിയപ്പെട്ടു.

എന്നാൽ പതിനാറാം നൂറ്റാണ്ടിന്റെ പൂർവ്വ വർഷങ്ങളിൽ വി. പത്രോസിന്റെ നാമധേയത്തിൽ ഈ ദൈവാലയം പുനർ നാമകരണം ചെയ്തത് ഈശോ സഭാ വൈദികരാണ്. 1760-ൽ ആ സ്ഥലത്ത് പുതിയ ദൈവാലയം നിർമ്മിക്കുകയും ഇടവകയായി ഉയർത്തപെടുകയും ചെയ്തു. (ഇന്നത്തെ ദൈവാലയം അല്ല.) പാലസ് - ബീച്ച് റോഡ് വടക്കേ അതിരും തെക്ക് തോട്ടപ്പള്ളി വരേയും കിഴക്ക് പള്ളാത്തുരുത്തി - പൂക്കൈതയാറുകളും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്ന അതി വിശാലമായ ഒരു പ്രദേശം വട്ടയാൽ ഇടവകയുടെ ഭാഗമായിരുന്നു.

ഈ കാലഘട്ടത്തിൽ 1879-ൽ അതി പ്രാധാന്യമുള്ള രേഖകളും അമൂല്യ വസ്തുക്കളും മോഷണം പോയി. തന്മൂലം അതിന് മുൻപുള്ള ശരിയായ വിവരങ്ങൾ നമുക്ക് ലഭ്യമല്ല. 1879 ന് ശേഷം വട്ടയാൽ ഇടവകയിൽ വികാരിയായിരുന്ന റവ. ഫാദർ എം ഫെർണാണ്ടസിന്റെ പേരു മാത്രമേ രേഖകളിൽ കാണുന്നുള്ളു. ഈ കാലത്താണ് വട്ടയാൽ ഇടവക വി. പത്രോസിന്റെ പേരിൽ പുനർ നാമകരണം ചെയ്യപ്പെട്ടത്.