സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/ ദോഷം ഗുണകരം- മാറ്റം പ്രകടമായ നേട്ടത്തിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ദോഷം ഗുണകരം- മാറ്റം പ്രകടമായ നേട്ടത്തിലേക്ക്...

വായു, ജലം, മണ്ണ്, വനം ,സൂര്യപ്രകാശം, ധാതുക്കൾ, ജീവജാലങ്ങൾ തുടങ്ങിയ രൂപത്തിൽ ഭൂമിയിൽ സ്വാഭാവികമായി നിലനിൽക്കുന്ന എല്ലാ പാരിസ്ഥിതിക യൂണിറ്റുകളെയും പരിസ്ഥിതി എന്ന പദം സൂചിപ്പിക്കുന്നു.മനുഷ്യരുടെ പ്രവർത്തികൾ ഗുണത്തേക്കാളേറെ പരിസ്ഥിതിക്ക് ദോഷമാണ് വരുത്തിയിട്ടുള്ളത്. മാലിന്യങ്ങൾ അലക്ഷ്യമായി ഭൂമിയിലേക്ക് നിക്ഷേപിക്കുന്നതും, കുന്നുകളും മലനിരകളും ഇടിച്ചുനിരത്തി പ്രകൃതിയുടെ നിലനിൽപ്പിനെ ബാധിക്കുന്ന രീതിയിൽ തണ്ണീർത്തടങ്ങൾ ഒക്കെ മൂടുന്നതും, വ്യാവസായിക മാലിന്യങ്ങൾ അമിതമായി ജലാശയങ്ങളിലേക്ക് നിക്ഷേപിക്കുന്നതും ഒക്കെ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നു.

മനുഷ്യരുടെ ജനസംഖ്യ വർധിച്ചുവരികയാണ്. ഇതോടൊപ്പം തന്നെ വ്യവസായവൽക്കരണവും നഗരവൽക്കരണവും കൂടുന്നു .ഈ രീതിയിൽ പ്രതിവർഷം 6000 മെട്രിക് ടൺ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിൽ എത്തിച്ചേരുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.കാർബൺ ഡൈഓക്സൈഡ്, മീതെയ്ൻ, ഓസോൺ തുടങ്ങിയ വാതകങ്ങളുടെ വർധനവ് ആഗോളതാപനത്തിന് കാരണമാകുന്നു. മരങ്ങൾ മുറിക്കുന്നത് കാർബൺഡയോക്സൈഡ് വർദ്ധിക്കാനുള്ള ഒരു കാരണമാണ്.

2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ കണ്ടെത്തിയ കോവിഡ് 19 എന്ന വൈറസ് ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ഡൗണിലൂടെ പരിസ്ഥിതിയിൽ മാറ്റങ്ങൾ സംഭവിച്ചു. മനുഷ്യർ പുറത്തിറങ്ങാതായതോടെ മാലിന്യങ്ങൾ കുറഞ്ഞു. മാധ്യമങ്ങളിലൂടെയുള്ള അറിവനുസരിച്ച് നദികളിലെ മാലിന്യങ്ങൾ കുറഞ്ഞ് തെളിനീർ ചാലുകളായി ഒഴുകിത്തുടങ്ങി. വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് കുറഞ്ഞതോടെ വായുമലിനീകരണവും കുറഞ്ഞതായാണ് കണക്കാക്കപ്പെടുന്നത്. കോവിഡ് 19 ലൂടെ അനേകം ആളുകളുടെ ജീവൻ നഷ്ടമായെങ്കിലും പരിസ്ഥിതിയിൽ വിലമതിക്കാനാവാത്ത മാറ്റങ്ങളാണ് അതുണ്ടാക്കിയത്.ഈ സാഹചര്യത്തിന് ശേഷം മനുഷ്യൻ ഒരുപക്ഷേ പരിസ്ഥിതിയെ പഴയതുപോലെ ദ്രോഹിച്ചേക്കാം. എന്നാൽ നമ്മളാൽ കഴിയുന്ന വിധം പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കിക്കൊണ്ടും വാഹനങ്ങളുടെ അമിതമായ ഉപയോഗം കുറച്ചു കൊണ്ടും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു കൊണ്ടും മറ്റും പ്രകൃതിയോടുള്ള നമ്മുടെ കടമ നമുക്ക് നിറവേറ്റാം.പരിസ്ഥിതിയെ ദ്രോഹിക്കാതെ അവളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യാം.


ലൂർദ് ഒലീവിയ
8 B സെന്റ് ജോസഫ്‍‍സ് എച്ച് എസ് വരാപ്പുഴ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം