Schoolwiki സംരംഭത്തിൽ നിന്ന്
നന്മയുടെ പാതയിലേക്ക്....
ഒരിക്കൽ ഒരു ഗ്രാമത്തിൽ ഒരു കുഞ്ഞു ജനിച്ചു. അവളുടെ ജനനത്തോടെ അവളുടെ അമ്മ മരിച്ചു. അവളുടെ അച്ഛൻ ആകെ തകർന്നു പോയി. കുറച്ചു നാളുകൾക്കു ശേഷമാണ് അച്ഛൻ ആ സത്യം തിരിച്ചറിഞ്ഞത് . തന്റെ മകൾക്ക് കണ്ണു കാണാൻ കഴിയില്ലെന്ന് ....അത് അയാളെ ആകെ തളർത്തിക്കളഞ്ഞു. അവളെ ഏതെങ്കിലും അനാഥാലയത്തിൽ ഉപേക്ഷിച്ച് ബാധ്യത ഒഴിവാക്കാൻ ബന്ധുക്കൾ അയാളെ നിർബന്ധിച്ചു. അവളെ കൊന്ന് തന്റെ ബാധ്യത ഒഴിവാക്കാം എന്നാണ് അയാൾ തീരുമാനമെടുത്തത് .അതിനുവേണ്ടി പല ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല.
അങ്ങനെ ആ കുട്ടി,മീര വളർന്നു വലുതായി. ദൈവം അവൾക്ക് വളരെ നല്ലൊരു കഴിവ് നൽകിയിരുന്നു. നന്നായി പാടാൻ ഉള്ള കഴിവ്... ഒരിക്കൽ കടയിൽ പോയി തിരിച്ചു വരുന്ന വഴി പാടിയ അവളുടെ പാട്ട് ഒരു വ്യക്തി കേൾക്കാനിടയായി. അയാൾ അവളെ പിന്തുടർന്ന് അവളുടെ വീട്ടിലെത്തി അവളുടെ അച്ഛനുമായി സംസാരിച്ചു. തന്റെ കൂടെ വിട്ടാൽ അവളെ നല്ലൊരു പാട്ടുകാരി ആക്കാം എന്ന് അയാൾ വാഗ്ദാനം ചെയ്തു. എങ്ങനെയെങ്കിലും അവളുടെ ബാധ്യത ഒഴിവാക്കാൻ ആലോചിച്ചിരുന്ന അവളുടെ കുടുംബം അവളെ അയാളുടെ കൂടെ വിട്ടു.
കുറച്ചു നാളുകൾക്കു ശേഷം മീര നല്ലൊരു പാട്ടുകാരിയായി വളർന്നു. അവളുടെ പാട്ടുകൾ ആരാധിക്കുന്നവരുടെ എണ്ണം കൂടി ...അറിയപ്പെടുന്ന ഒരു ഗായിക ആയ അവൾ സമ്പന്ന ആയി മാറി.. അവളെ കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞ മീരയുടെ ബന്ധുക്കൾ അവളെ തേടിയെത്തി. സമ്പത്ത് തട്ടുകയായിരുന്നു അവരുടെ ലക്ഷ്യം .
നിഷ്കളങ്കയായ അവൾക്ക് അച്ഛനോടുള്ള ആത്മാർത്ഥമായ സ്നേഹം കാരണം തന്റെ എല്ലാ സ്വത്തുക്കളും അച്ഛന്റെ പേർക്ക് എഴുതി നൽകി. ഇതെല്ലാം അറിയാനിടയായ അവളെ പാട്ടുകാരിയാക്കി മാറ്റിയ വ്യക്തി അവളുടെ അച്ഛനായ അനിലിനോട് ഒരുകാര്യം ആവശ്യപ്പെട്ടു. "നിങ്ങളുടെ മകൾ നൽകിയ പണത്തിൽ നിന്ന് ഒരു ഭാഗം എനിക്ക് നൽകിയാൽ അതിന്റെ രണ്ടിരട്ടിയായി കുറച്ചു നാളുകൾക്കു ശേഷം തിരിച്ചു തരാം. എന്നോടൊപ്പം എന്റെ ബിസിനസിൽ പങ്കാളിയാകുന്നോ?" അനിൽ ആദ്യം മടിച്ചെങ്കിലും രണ്ടിരട്ടി എന്ന ഓഫർ സ്വീകരിക്കാതിരിക്കാൻ അയാൾക്ക് കഴിഞ്ഞില്ല ...
അങ്ങനെ നാളുകൾ കടന്നുപോയി. ഒരു ദിവസം അയാളുടെ ബിസിനസ് എന്താണെന്ന് അറിയാൻ അനിൽ അയാൾ അറിയാതെ പിന്തുടരാൻ തീരുമാനിച്ചു. അങ്ങനെ അനിൽ ചെന്നെത്തിയത് വലിയൊരു ഓർഫനേജിന് മുന്നിലായിരുന്നു. വാതിൽ തുറന്ന് അകത്തേക്ക് എത്തിയ അദ്ദേഹത്തെ കാത്തിരുന്ന കാഴ്ച നൂറുകണക്കിന് കുഞ്ഞുങ്ങൾ മുട്ടുകുത്തി കൈകൂപ്പി നിൽക്കുന്നതായിരുന്നു. അത്ഭുതത്തോടെ അനിൽ ആ വ്യക്തിയുടെ മുഖത്തേക്ക് നോക്കി ."നിങ്ങൾ എനിക്ക് നൽകിയ പണം മുഴുവനും ഈ കുഞ്ഞുങ്ങളെ സഹായിക്കാനാണ് ഞാൻ ഉപയോഗിച്ചിരുന്നത് .കണ്ണു കാണാൻ കഴിയാത്തവരും ചെവി കേൾക്കാൻ കഴിയാത്തവരുമായി ഇഷ്ടംപോലെ കുട്ടികൾ ഇവരുടെ ഇടയിലുണ്ട്. അവർക്കെല്ലാവർക്കും ഒരു ജീവിതമാണ് നിങ്ങൾ നൽകിയത്" അനിലിന് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല. കണ്ണ് കാണാൻ കഴിയാത്ത തന്റെ കുട്ടിയുടെ ജീവൻ നശിപ്പിക്കാൻ അവസരം അന്വേഷിച്ചിരുന്ന താൻ നൂറുകണക്കിന് കുട്ടികളുടെ ജീവൻ രക്ഷിച്ചുവെന്നോ... അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തന്റെ നിഷ്കളങ്കയായ മകളുടെ മുഖം അയാളുടെ മനസ്സിൽ തെളിഞ്ഞു .
സമ്പത്തിന്റെയും നിമിഷസുഖങ്ങളുടെയും ഇരുട്ടിലായിരുന്ന തന്റെ മനസ്സിനെ വെളിച്ചത്തിലേക്ക് നയിച്ചത് കണ്ണിൽ ഇരുട്ടു നിറഞ്ഞ മകളാണെന്ന സത്യം അയാൾ തിരിച്ചറിഞ്ഞു .അന്ന് മുതൽ അനിൽ ഒരു പുതിയ മനുഷ്യനായി.. . തന്റെ മകളെ സ്നേഹിക്കുന്ന നല്ലൊരു അച്ഛനായി.. "ലൗകിക സുഖങ്ങളുടെ ഇരുട്ട് അല്ല.. നന്മയുടെ ,സ്നേഹത്തിൻറെ വെളിച്ചമാണ് ജീവിതം മുന്നോട്ടു നയിക്കുന്നത്" എന്ന് അയാൾ മനസ്സിലാക്കി.. നന്മയുടെ വെളിച്ചത്തിലേക്ക് ഒരു പുതിയ സൂര്യോദയം...
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ
|