സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/അക്ഷരവൃക്ഷം/പാരിസ്ഥിതിക വെല്ലുവിളികൾ
പാരിസ്ഥിതിക വെല്ലുവിളികൾ
പാരിസ്ഥിതിക വെല്ലുവിളികൾക്ക് യാതൊരുവിധ ക്ഷാമവും ഇല്ലാത്ത ഒരു യുഗത്തിലാണ് ഇന്ന് മനുഷ്യൻ.വിശാലമായ ഈ മഹാപ്രപഞ്ചത്തെ പരിഗണിച്ചുകൊണ്ട് നോക്കുമ്പോൾ മനുഷ്യൻ വളരെ നിസ്സാരനാണ്.എന്നാൽ ഈ മഹാപ്രപഞ്ചത്തെയാകമാനം ഒറ്റയ്ക്ക് നശിപ്പിക്കാൻ ഉള്ള തീരുമാനത്തിലാണ് അവനെന്ന് തോന്നും. പ്രകൃതിയെ ഇല്ലാതാക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ മനുഷ്യൻ തന്നെയാണ് മുഖ്യ സ്ഥാനം വഹിക്കുന്നത് എന്ന് നിസംശയം പറയാം. "മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാം ഈ പ്രകൃതിയിലുണ്ട്, എന്നാൽ അത്യാർത്ഥിക്കുള്ളതില്ല" എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. പരിസ്ഥിതിയെ കാത്തുസൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.ആ നമ്മൾ തന്നെ അതിന്റെ കൊലയാളികളായാലോ?നമ്മൾ ചെയ്യുന്ന ഭൂരിഭാഗം പ്രവർത്തനങ്ങളും പ്രത്യേകിച്ച് പ്ലാസ്റ്റിക്, റബ്ബർ തുടങ്ങിയ അസംസ്‌കൃത വസ്തുക്കൾ കത്തിക്കുന്നത് ഓസോൺ പാളിയിൽ വിള്ളൽ വരുത്തുന്നതിനും തന്മൂലം കാൻസർ മുതലായ മാരക രോഗങ്ങൾ ഉണ്ടാക്കുന്നതിനും ഇടവരുത്തുന്നു.വൃക്ഷങ്ങൾ മുറിക്കുന്നതും പാറകൾ പൊട്ടിക്കുന്നതും കുന്നുകൾ ഇല്ലാതാക്കുന്നതും പാടങ്ങളും മറ്റും നികത്തി കെട്ടിടങ്ങൾ പണിയുന്നതും മണലൂറ്റുന്നതും ചെയ്യുന്നതിലൂടെ നമ്മുടെ നാശം തന്നെയാണ് നാം വെട്ടിത്തുറക്കുന്നത്. ഇങ്ങനെ ചിന്തിക്കുമ്പോൾ പ്രളയമൊന്നും ഭയത്തോടെ നോക്കേണ്ട ഒന്നല്ല.നമ്മൾ തന്നെയാണ്, നമ്മുടെ പ്രവർത്തനങ്ങൾ തന്നെയാണ് ഇവയെ ക്ഷണിച്ചു വരുത്തിയത്.മണ്ണും ജലവും നേരിടുന്ന ഒരാധുനിക ദൂഷണമാണ് പ്ലാസ്റ്റിക് പാഴ്‌വസ്തുക്കൾ.ഈയിടെ വാർത്താമാധ്യമങ്ങളിൽ വന്ന വാർത്തയും മനുഷ്യന്റെ അതിക്രമങ്ങളെ ചോദ്യം ചെയ്യുന്നവയാണ്.പ്ലാസ്റ്റിക് വിഴുങ്ങി ചത്ത ഒരു തിമിംഗലത്തിന്റെ ദയനീയ കാഴ്ചയാണ് സംഭവം. നമ്മൾ ചിന്തിക്കാതെ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളും മറ്റു ജീവജാലങ്ങൾക്ക് വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഇന്ന് ധാരാളം ആളുകൾ പ്രകൃതി സംരക്ഷണത്തിനായി വന്നിട്ടുണ്ടെൻകിലും കൂടുതൽ ആളുകളുടെ സഹകരണം ഇനിയും ആവശ്യമാണ്. പ്രകൃതി നമ്മെ സംരക്ഷിക്കുന്നതുപോലെ തിരിച്ചും നമ്മൾ സംരക്ഷണം നൽകണം.അങ്ങനെ പ്രകൃതിയെ സംരക്ഷിച്ചും സ്നേഹിച്ചും പാരിസ്ഥിതിക വെല്ലുവിളികൾക്ക് അന്ത്യം കുറിക്കാൻ നമ്മുക്ക് സാധിക്കണം.അതിനെ നാം ഒത്തൊരുമിക്കണം.പ്രകൃതി സംരക്ഷണം നമ്മുടെ ചുമതലയാണ്. അതിനായി നമ്മുക്ക് അണിചേരാം........... അധികമായി ലഭിക്കുന്ന ഓരോ സമയവും അതിനായി ചെലവഴിക്കാം.........
|