സി എം എസ് എച്ച് എസ് തലവടി/അക്ഷരവൃക്ഷം/എനിക്ക് തെറ്റി

Schoolwiki സംരംഭത്തിൽ നിന്ന്
എനിയ്ക്ക് തെറ്റി
                                    ജീവികളിൽ  എനിക്കേറെ ഇഷ്ടം പക്ഷികളോടാണ്. പക്ഷികളിൽ വച്ച് ഏറ്റവും ഇഷ്ടം തത്തയോടും. അതിന്റെ പച്ച നിറവും ചുണ്ടിന്റെ ചുവപ്പും കഴുത്തിലെ വളയം പോലുളള വരയും എന്നെ കൂടുതൽ ആകർഷിച്ചു. അതുകൊണ്ടു തന്നെ ഞാനൊരു തത്തയെ സംഘടിപ്പിച്ചു,കൂട് വാങ്ങി അതിലിട്ടു. ദിവസവും തീറ്റയും വെള്ളവും കൊടുക്കും.  കൂടിനടുത്തു പോയി നിന്ന്  കൗതുകത്തോടെ ഏറെ നേരം നോക്കിക്കാണും .എന്തെങ്കിലും ചോദിക്കും. തത്ത നന്നായി സംസാരിക്കുന്ന പക്ഷിയാണെന്ന് എനിക്കറിയാം .എന്നോടൊന്ന് സംസാരിച്ചെങ്കിൽ  എന്റെ പേരൊന്നു വിളിച്ചെങ്കിൽ എന്നൊക്കെ എനിക്ക് ആശ തോന്നി. പക്ഷെ നാളുകൾ ഏറെ ആയിട്ടും തത്ത എന്നോടൊന്നും മിണ്ടിയില്ല. ഞാൻ അച്ഛനോട് ചോദിക്കും "എന്താ അച്ഛാ നമ്മുടെ തത്ത ഒന്നും മിണ്ടാത്തത്? "   "കുറച്ചു കഴിയട്ടെ അത് മിണ്ടും  നീ സമാധാനിക്ക് " . അച്ഛന്റെ വാക്കുകളിൽ ഞാൻ സമാധാനിച്ചു. പക്ഷെ ഫലമുണ്ടായില്ല .
                                 അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം എന്റെ ക്ലാസ് ടീച്ചർ ഇംഗ്ലീഷ് ടെസ്‌റ്റിലെ ഒരു കഥ പഠിപ്പിച്ചു. സെറാ എന്ന കുട്ടിക്ക് പിറന്നാൾ സമ്മാനമായി കിട്ടിയത് കിളികളെ പിടിക്കുന്ന ഒരു കുടുക്ക് വല ആയിരുന്നു .സെറയ്ക്ക് വളരെ ഇഷ്ടപ്പെട്ടു.അതുകൊണ്ട്  കിളികളെ പിടിക്കാൻ അവൻ തീരുമാനിച്ചു. അതറിഞ്ഞ അവന്റെ അമ്മ അവനെ വിലക്കി  "അരുത് മകനെ,  കിളികൾ പ്രകൃതിയിൽ യദേഷ്ട്ം പാറി നടക്കേണ്ടവരാണ് . അതിനെ പിടിച്ചു കൂട്ടിലടയ്ക്കരുത് അത് ദോഷമാണ് ".
എന്നിട്ടും സെറ ഒരു കിളിയെ പിടിച്ചു കൂട്ടിലടച്ചു. ആദ്യ രണ്ടു ദിവസം തീറ്റയും വെ ള്ളവും കൊടുത്തു. മൂന്നാം ദിവസം അവൻ അതിനെ മറന്നു. പിന്നീട് അവൻ കൂടിനടുത്തേക്കു ചെന്നപ്പോൾ ആ കിളി കൂട്ടിൽ ചത്ത് കിടക്കുന്നതാണ് കണ്ടത്. തീറ്റയും വെള്ളവും കിട്ടാതെ സ്വാതന്ത്ര്യവും നഷ്ടപ്പെട്ട് ,ആ കിളി ആ കൂട്ടിനു ള്ളിൽ ചിറകിട്ടടിച്ചു ചത്തതാണെന്നു സെറ മനസ്സിലാക്കി. ഈ കഥ ടീച്ചർ പഠിപ്പിച്ചു കഴിഞ്ഞപ്പോൾ എനിക്കാകെ വിഷമമായി. എങ്ങനെയെങ്കിലും സ്കൂൾ ഒന്ന് വിട്ടിരുന്നെങ്കിൽ, എത്രയും വേഗം വീട്ടിൽ എത്തിയെങ്കിൽ ........
                         സ്കൂൾ വിട്ടു, ഞാൻ വീട്ടിലെത്തി .ഞാൻ തത്തയുടെ അടുത്തേക്ക് ഓടി ചെന്ന് അതിനു തീറ്റയും വെള്ളവും കൊടുത്തു .ഞാൻ ആലോചിച്ചു, എനിക്ക് അച്ഛനും അമ്മയും ഉണ്ട്. അവരുടെ കൂടെ ഇരിക്കാനും അവരോടൊപ്പം ഉറങ്ങാനും ആണല്ലോ എനിക്കിഷ്‌ടം .അതുപോലെ ഈ തത്തയ്‌ക്കും അച്ഛനും അമ്മയും ഉണ്ടാവില്ലേ  ? അവരോടൊപ്പം കഴിയാനും സന്തോഷിക്കാനും  ഈ തത്തയ്‌ക്കും ആഗ്രഹമുണ്ടായിരിക്കില്ലേ? ഞാൻ പിന്നെ ഒട്ടും ആലോചിച്ചില്ല ,മെല്ലെ കൂടു തുറന്നു തത്തയോട് ആരും കേൾക്കാതെ പതിയെ പറഞ്ഞു ........പൊയ്ക്കോ പറന്നു പൊയ്ക്കോ .തത്ത എന്റെ ചെവിയിൽ മന്ത്രിച്ചതുപോലെ "നന്ദി കൂട്ടുകാരാ ..."      തത്ത പറന്നകന്നു ......
                         തത്തയുടെ ചിറകടി ശബ്ദം നിലയ്ക്കും വരെ ഞാൻ കാതോർത്തു നിന്നു .എനിക്ക് പറ്റിയ തെറ്റ് ഞാൻ തന്നെ തിരുത്തിയല്ലോ എന്ന സന്തോഷത്തോടെ ഞാൻ വീടിനുള്ളിലേക്ക് ഓടിക്കയറി ..............



ഷാരോൺ പോൾ ജോസഫ്
3 A സി എം എസ് എച്ച് എസ് തലവടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ