സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ബോധോദയത്തിന്റെ മിന്നൽപ്രഭ

Schoolwiki സംരംഭത്തിൽ നിന്ന്
ബോധോദയത്തിന്റെ മിന്നൽപ്രഭ

'നാളെ ലോകം നശിക്കുമ്പോൾ ആ നാശമുഖത്തിന് അറ്റോമിക് ബോംബിന്റെ 'മഷ്റൂം ക്ളൗഡ് ' മുഖമായിരിക്കില്ല. അതിന് വെെറസിന്റെ മുഖമായിരിക്കും. ഇനിയുള്ള വർഷങ്ങളിൽ കോടിക്കണക്കിന് മനുഷ്യൻ കൊലച്ചെയ്യപ്പെടാൻ പോകുന്നത് യുദ്ധമുഖങ്ങളിലായിരിക്കില്ല. പകർച്ചവ്യാധി കണക്കിനു പടർന്നുപിടിക്കുന്ന അദൃശ്യ വൈറസുകളുടെയും മൈക്രോബുകളുടെയും അസാമാന്യ ആക്രമണം കൊണ്ടായിരിക്കും' -മൈക്രോസോഫ്ട് എന്ന ലോകോത്തര ബിസിനസ് സാമ്രാജ്യത്തിന്റെ സഹസ്ഥാപകനായ ബിൽഗേറ്റ്സ് ‍,നാല് വർഷങ്ങൾക്കുമുൻപ് റ്റെഡ് ടോക്ക് (Ted Talk)വേദിയിൽ നിന്ന് ലോകത്തിന്റെ കാതിലേക്കു കടത്തിവിട്ട മുന്നറിയിപ്പായിരുന്നു ഈ വാക്യം. ചരിത്രത്തിൽ ഇതുവരെ നിവർത്തിക്കപ്പെട്ട പ്രവചനങ്ങളോടൊപ്പം ഇന്ന് ഒന്നുകൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. 'അണ്വായുധങ്ങളുടെയും ബയോവെപ്പണുകളുടെയും നിർമ്മാണത്തിന് മില്ല്യൺ കണക്കിന് മുതൽ മുടക്കുനടത്തിയ നാം വെെറോളജി , എപ്പിടമോളജി ഉൾപ്പെടുന്ന ആരോഗ്യ പ്രതിരോധ മേഖലയിലെ പഠനത്തിനായി എന്തുചിലവഴിച്ചു ? മിസൈലുകൾ കൊണ്ടുള്ള ദൃശ്യപ്പോരാട്ടത്തിന് അതിർത്തികൾ അടച്ചു നാം പദ്ധതി ആവിഷ്ക്കരിക്കുമ്പോൾ , അതിർത്തികൾ ഒരു തടസ്സമേ അല്ലാത്ത അദൃശ്യ പോരാളികളായ വൈറസുകളുടെയും മൈക്രോബുകളുടെയും അങ്കംവെട്ടിനു നാം എന്തു തയ്യാറെടുപ്പുനടത്തി ? എന്ന ചോദ്യവും അദ്ദേഹം ആരായുന്നു. അയൽരാജ്യത്തിന്റെ അതിർത്തി ചൂഴ്ന്നുകയറി അക്രമം അഴിച്ചുവിടാനും, ആകാശത്തു സ്ഥാപിച്ചിട്ടുള്ള സാറ്റലൈറ്റ് അടയാളങ്ങളുടെ നിർദേശം വഴി ഭൂമിയിലൂടെ കടന്നുപോകുന്ന കാറിനകത്തേക്ക് നിറയൊഴിച്ച് കത്തിച്ച് കളയാനുമുള്ള ശാസ്ത്ര മികവ് നേടിയ മനുഷ്യർക്ക് ചൈനയിലെ വുഹാനിലും, ഇറ്റലിയിലെ മിലാനിലും മരണത്തോട് മല്ലടിക്കുന്നവരുടെ ജീവനെ പിടിച്ചുനിർത്താനാകുന്നില്ല. ശാസ്ത്രത്തിനു മുട്ടുമടക്കേണ്ടിവരുന്ന അദൃശ്യ ശക്തികൾ ! ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തിയിട്ടുള്ള മഹാമാരികളുടെ നടുവിൽ മനുഷ്യന് കൂട്ടായിരുന്നിട്ടുള്ളത് എന്നും മനഃസാക്ഷിയുള്ള മനുഷ്യൻ തന്നെയാണ്. റോബോട്ടുകളല്ല എന്നറിയുക. അപകടകരമായ ഈ സാഹചര്യത്തെ അകത്തിരുന്ന് നാം പ്രതിരോധിക്കണം. ഒരു പഞ്ഞമാസക്കാറ്റ് എങ്ങോട്ട് വീശണമെന്നറിയാതെ പുറത്ത് ചൂളംകുത്തി കാത്തുനിൽപ്പുണ്ട്. കാര്യങ്ങളെല്ലാം ബോധപൂർവ്വം ലളിതമാക്കണം. ഒരാൾക്ക് എത്ര ഉരുള ഭക്ഷണം വേണമെന്നും, എത്ര വിഭവങ്ങൾ കൂട്ടുണ്ടാവണമെന്നും തിരിച്ചറിയുന്നൊരു നിമിഷം, ചെറുതെങ്കിലും ബോധോദയത്തിന്റെ മിന്നൽപ്രഭയുള്ളതാണ്. സാമൂഹ്യ അകലം പാലിച്ച്, സുരക്ഷിതത്വത്തിന്റെ കവാടമായ സ്വന്തം ഭവനത്തിൽ സ്വയം പ്രതിരോധം തീർത്ത് സ്വയം രക്ഷനേടുക‍; ഒപ്പം അപരന്റെ സുരക്ഷയും നിന്റെ കരങ്ങളിലാണെന്നോർക്കുക. ‘ STAY HOME AND STAY SAFE .’

ഫാത്തിമ ടി സെഡ്
10 A സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം