സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/വസന്തമൊരുക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
വസന്തമൊരുക്കാം


വസന്തം. എന്തൊരു ഭംഗിയുള്ള വാക്ക് അല്ലെ? നമുക്ക് ഒരു വസന്തം തീർത്താലോ? ആറു ഋതുക്കളിൽ ഒന്നിന്റെ പേരാണ് വസന്തം. ചെടികൾ പൂത്തുലഞ്ഞു നിൽക്കുന്ന കാലം. പുഷ്പകാലം ഹോ, വായിൽ വെള്ളം വരുന്നുണ്ടോ? നില്ക്കട്ടെ, വായിൽ വെള്ളമൂറാൻ നിൽക്കട്ടെ.

കാലാവസ്ഥാ വസന്തം വരുന്നത് വർഷത്തിൽ ഒന്നോ രണ്ടോ മാസങ്ങളിൽ മാത്രമാണ്. എന്നാൽ ജീവിതം മുഴുവനും വസന്തമാക്കി മാറ്റുകയായിരിക്കണം നമ്മുടെ ലക്‌ഷ്യം. ജീവിതം ബന്ധപ്പെടുന്ന ഇടങ്ങളിലെല്ലാം വസന്തം വരുത്തുക.

അതിനു പക്ഷെ, മാർഗം ഒന്നേയുള്ളു. പരിസ്ഥിതി നല്ലതാക്കി വെക്കുക.

കുറ്റമറ്റ പരിസ്ഥിതി വസന്തം വിരിയിക്കും. എന്നും ഇപ്പോഴും.

ഇറങ്ങിപുറപ്പെടാൻ നിൽക്കട്ടെ. ആദ്യം പരിസ്ഥിതി എന്താണെന്ന് നോക്കാം.

പ്രിയ കൂട്ടുകാരെ കൂട്ടുകാരികളെ നമ്മുടെ പരിസ്ഥിതി നമ്മൾ തന്നെയാണ്. ഒന്നാമതായി നമ്മുടെ മനസ്സ് ശുദ്ധമായിരിക്കണം.

കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, തുടങ്ങിയ ഷഡ്ദോഷങ്ങളിൽ നിന്ന് മനം ശുദ്ധമാവണം. നമ്മുടെ ജീവിതം മാത്രമല്ല നമ്മുടെ പരിസരവും ലോകം മുഴുവനും അലങ്കോലപ്പെടുന്നതിനു കാരണം മനുഷ്യൻ ഈ ഷഡ്ദോഷങ്ങളിൽ നിന്നും വിമുക്തി കൈവരിക്കാത്തതാണ്. ഷഡ്ദോഷങ്ങളിൽ നിന്ന് മോചിതമാവുന്നതോടെ മനുഷ്യന് സ്വബോധം തിരിച്ചു കിട്ടും. അവൻ പരിസര ബോധമുള്ളവനായി മാറും.

നാം തന്നെയാണ് നമ്മുടെ പരിസ്ഥിതി. ഒന്നാമതായി നമ്മുടെ ശരീരം. മുടി, താടി, രോമകൂപങ്ങൾ, പല്ലുകൾ, കൈകാലുകൾ, ഗുഹ്യഭാഗങ്ങൾ തുടങ്ങിയവ വൃത്തിയാക്കുക. നമ്മുടെ വസ്ത്രങ്ങൾ, നാം ഉപയോഗിക്കുന്ന മേശ, കസേര മറ്റു സാധന സാമഗ്രികൾ, നമ്മുടെ വീടും പരിസരവും ഭംഗിയായി സൂക്ഷിക്കുക. വീട്ടു വളപ്പിൽ ചെടികളും പൂമരങ്ങളും നട്ടുവളർത്തുക. വീട്ടിലും വളപ്പിലും കാറ്റും വെളിച്ചവും തട്ടുന്നുണ്ടന്നു ഉറപ്പ് വരുത്തുക. വീട്ടിലെ പൂന്തോട്ടത്തിൽ നിന്നും മണമുള്ളവയിൽ ചിലതെടുത്തു അയൽവാസികൾക്ക് കാഴ്ച വെച്ച് അവരോടു കൊച്ചു വർത്തമാനങ്ങൾ പറയുക. ഇത്രയും സാധിച്ച ശേഷം പൂമുഖത്തോ മറ്റോ ഒരു ചാരു കസേരയെടുത്തിട്ടു ഒന്ന് ഇരുന്നു നോക്കൂ. ഇപ്പോൾ നിങ്ങൾ ഒരു വസന്തം അനുഭവിക്കുന്നില്ലേ. അതാണ് വസന്തം. ഇപ്പോൾ മനസ്സിലായോ? പരിസ്ഥിതിയുടെ പരിമളമാണ് വസന്തം.

ഇനി മതി. ചാരു കസേരയിൽ കൂടുതൽ ഇരിക്കാതെ. എഴുന്നേൽക്കൂ.

ഭൂമിയിൽ വസിക്കുന്ന സർവരും നമ്മുടെ വഴിയിൽ അണിനിരക്കുന്നത് വരെ സ്വന്തം വീടും പരിസരവും സുഗന്ധം പരത്തിയത് കൊണ്ട് മാത്രം നാം രക്ഷപ്പെടില്ല.നമ്മുടെ അയൽപക്കങ്ങൾ, ഗ്രാമം, നഗരം എല്ലാവരും പരിസ്ഥിതി ബോധമുള്ളവരായി മാറണം. നമുക്ക് ഉണരാം. അവിടെങ്ങളിലെല്ലാം വസന്തം വിരിയിക്കാനായി വിയർപ്പൊഴുക്കാം.

കൂട്ടത്തിൽ ചോദിക്കാൻ മറന്നു. ഇന്ന് രാവിലെ പല്ലു തേച്ചിരുന്നോ? പല്ലു തേക്കുന്നതും പരിസ്ഥിതി സേവനത്തിന്റെ ഭാഗമാണ്. തേക്കാത്ത പല്ലുകൾ നാറും. നാറ്റമുള്ളിടത്തു വസന്തം വിരിയില്ലന്നു അറിയാമല്ലോ? നോക്കട്ടെ, ഒന്ന് പുഞ്ചിരിച്ചേ. സബാഷ്‌. നന്നായിരിക്കുന്നു. നമുക്ക് അയൽപക്കത്തേക്ക് പോവാം. ആദ്യം അവർക്ക് ഒരു പുഞ്ചിരി സമ്മാനിക്കാം. സ്നേഹപൂർവ്വം അവരെയും സുഗന്ധവും സൗരഭ്യവുമുള്ള പരിസ്ഥിതി ചുറ്റുപാടുകൾ സൃഷ്ടിച്ചെടുക്കുന്നതിനെ പറ്റി ബോധവൽക്കരിക്കാം. എല്ലാവരും പരിവർത്തിതരാവട്ടെ. നാടും വീടും ഗ്രാമങ്ങളും നഗരങ്ങളും രാജ്യങ്ങളും ജഗം തന്നെയും പൂന്തോപ്പുകളായി മാറട്ടെ.

ഇനി നമുക്ക് ഒരു കവിത ചൊല്ലാം. ഉറക്കെ ചൊല്ലണം.

നമ്മുടെ നാട്ടുകാരനായ മഹാകവി ഉള്ളൂർ പരമേശ്വരൻ എഴുതിയ ഒരു ഒന്നാന്തരം കവിതയിലെ ഏതാനും വരികൾ.

'മാവുകൾ പൂക്കും മനത്തമ്പിളി വികസിക്കും മാനുഷർ പരസ്പരം സ്നേഹിക്കും വിഹരിക്കും'

നോക്കൂ, നമ്മുടെ ദൗത്യം വളരെ വലുതാണ്.

പരിസ്ഥതിഥിയും കാലാവസ്ഥയും പരസ്പരം വേർതിരിക്കാനാവാത്തവണ്ണം ഒന്നാണ്.

നമുക്ക് നല്ല തണുപ്പുള്ള കാലാവസ്ഥ വേണ്ടേ?

കനത്ത മഴ വർഷിച്ചു കിണറുകളും തോടുകളും പുഴകളും നിറഞ്ഞു കവിഞ്ഞു ഒഴുകുമ്പോഴാണ് കാലാവസ്ഥ മെച്ചപ്പെടുക. തണലും തണുപ്പുമില്ലാതെ എന്ത് ജീവിതം?

മഴ പക്ഷെ വെറുതെ വർഷിക്കില്ല. മരങ്ങളും കാടുകളുമില്ലാതെ കാർമേഘം കനത്തു വീർത്തു മഴ വർഷിക്കില്ല.

നമുക്ക് ഒത്തൊരുമിക്കാം. നമ്മുടെ പരിസരത്തെ ഹരിതാഭമാക്കാം.

പ്രകൃതി പൂത്തുലയട്ടെ. തണുത്തു ഉല്ലസിക്കട്ടെ. എല്ലായിടത്തും വസന്തം വിരിയട്ടെ.

ഓർക്കുക. നാം കഠിനാദ്ധ്വാനം ചെയ്താണ് ഇത്രയുമാക്കിയത്. നമ്മുടെ കൂടെ ചേരുകയല്ലാതെ ഭരണകർത്താക്കൾക്കും സംവിധാനങ്ങൾക്കും ഇനി വേറെ നിർവാഹമില്ല.

ഇത്രയുമായപ്പോൾ നാം ഒരു പുതിയ ഭൂമി സൃഷ്ട്ടിച്ചതായി തോന്നുന്നില്ലേ?, തണുത്തു പതം വന്ന മണ്ണിന്റെ മണവും പൂച്ചെടികളിൽ വിരിഞ്ഞു നിൽക്കുന്ന പൂവുകളുടെ സുഗന്ധവും ആസ്വദിക്കാൻ കഴിയുന്നില്ലേ. ഇനി ഒന്ന് മേലോട്ട് നോക്കിക്കേ. ആ പഴയ ആകാശം തന്നെയാണോ ഇപ്പോൾ നിങ്ങൾ കാണുന്നത്. അല്ല ഒരിക്കലുമല്ല. എല്ലാം മാറി. ഇപ്പോഴുള്ളത് പുതിയ ആകാശം, പുതിയ ഭൂമി.

ഇപ്പോൾ മനസ്സിലായില്ലേ, പരിസ്ഥിതിയാണ് വലുത്. നമ്മുടെ പരിസ്ഥിതിയുടെ സൃഷ്ടിയുടെ പരിപാലനവും നമ്മുടെ തന്നെ ഉത്തരവാദിത്തമാണ്.

പണ്ടൊരു കവി പറഞ്ഞിട്ടുണ്ട്.

'നാം തന്നെ കണ്ണാടി, അതിൽ കാണുന്ന മുഖവും നമ്മുടേത്. വേദനയും ആശ്വാസവും നാം. ചഷകവും വീഞ്ഞും നാം തന്നെ.'

നമുക്ക് മടങ്ങിപോവാം.

നമ്മുടെ വീട്ടിലേക്കു. വീട്ടിൽ പ്രവേശിക്കുന്നതിന് മുമ്പ് നമ്മുടെ അയൽവാസികളെ ഒന്ന് കൂടി അഭിവാദനം ചെയ്തേക്കൂ.

വീട്ടിലെത്തിയ ശേഷം ഒന്ന് കുളിച്ചു ഭക്ഷണം കഴിച്ചു ഉന്മേഷവാന്മാരാവുക.

എവിടെ ആ ചാരു കസേര?

അതെടുത്തു ഉമ്മറത്തിട്ടു ഒന്ന് ഇരുന്നു നോക്കൂ.

അല്പം കഴിഞ്ഞു രാത്രിയാവുമ്പോൾ തണുത്ത വെള്ളത്തിൽ ഒന്ന് കൂടി കുളിച്ചു ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടക്കുക.

ഇനി ആധി വേണ്ട.


സീമാ ബഷീർ
9 F സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം