സി.എച്ച്.എസ്.അടക്കാക്കുണ്ട്/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലയോര ഗ്രാമമായ കാളികാവിന്റെ നിറവാണ് ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ . എ.പി. ബാപ്പു ഹാജിയുടെ മനസ്സിൽ, തന്റെ ഗ്രാമത്തിനൊരു വിദ്യാലയം എന്ന ആശയം മുള പൊട്ടിയപ്പോൾ ഒരു നാട് മുഴുവൻ നിലാവെളിച്ചത്തിലേക്ക് കാലൂന്നുകയായിരുന്നു. 1976 ൽ പി.ഖാലിദ് മാസ്റ്റർ ഹെഡ് മാസ്റ്ററായി ചാർജ്ജെടുത്ത് ഒരു അധ്യാപികയും ഒരു ഡിവിഷനുമായി വിദ്യാരംഭം കുറിച്ച അപ്പർ പ്രൈമറി വിദ്യാലയം 1983-ൽ ഹൈ സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
1986-ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പടിയിറങ്ങി. 61 കുട്ടികളിൽ 59 പേരും വിജയിച്ച വിദ്യാലയാങ്കണത്തിലേക്ക് അധ്യാപകരും ഡി വിഷനുകളും കൂടി വന്നു. 2006 ൽ ഖാലിദ് മാസ്റ്റർ ഹാജി ഏൽപിച്ച ദൗത്യം 'തന്റെ കൈകളിൽ ഭദ്രമാക്കി പടിയിറങ്ങി. 2006 - 2007 ൽ ബ്രിജിത്ത ടീച്ചറും ശേഷം 2007 മുതൽ ജോഷി മാഷും ആ സാരഥ്യം ഏറ്റെടുത്തു.
അച്ചടക്കം കർശനമായിരുന്ന ക്രസന്റിന്റെ വിജയ ശതമാനം പതുക്കെ ഉയരാൻ തുടങ്ങി. 80-90 ശതമാനങ്ങളിൽ ഒതുങ്ങിയിരുന്ന വിജയത്തിന് ഒരു പൊൻതൂവലായി 2009 - 2010 അധ്യയനവർഷത്തിൽ ഒരു കുട്ടിക്ക് മുഴുവൻ വിഷയങ്ങൾക്കും A+. പഠന മികവിൽ മുൻപന്തിയിലായ ക്രസന്റ് എച്ച്.എസിന് എ പ്ലസിൽ ഒരു തരംഗം സൃഷ്ടിക്കാനായത് 2013 - 2014 അധ്യയന വർഷത്തിലാണ് (16 Full A+). ക്രസന്റ് പ്രൗഢിയോടെ വിജയക്കൊടി ഉയർത്തി. 2014-15-ൽ18 Full A+ ഉം 2015-16 ൽ 35 Full A+ ഉം നേടി നേട്ടങ്ങളിലേക്ക്. 2016 - 17 അധ്യയനവർഷം 43 Full A+ -മായി വിദ്യാലയത്തിന്റെ വിജയപഥം മുന്നോട്ട്.
തന്റെ കർമ്മമേഖല പുഷ്ടിപ്പെടുത്തി സസന്തോഷം ജോഷി മാഷ് പടിയിറങ്ങിയപ്പോൾ വി.റഹ്മത്തുള്ള സാർ ആ സാരഥ്യം ഏറ്റെടുത്തു. ആ വർഷം(2017-18) ൽ 80 Full A+ മലയോരത്തിന് ആഹ്ലാദത്തിരമാലയായി. 2018-19 ൽ 83 Full A+ നോടൊപ്പം 100% വിജയം കൈവരിക്കാൻ ക്രസന്റ് HS ന് കഴിഞ്ഞു എന്നതിനു പുറമേ സ്റ്റേറ്റിൽ 4ാം സ്ഥാനവും മലപ്പുറം റവന്യു ജില്ലയിൽ ഒന്നാം സ്ഥാനവും നേടാൻ കഴിഞ്ഞത് അഭിമാനകരമാണ്. 2019-20 ൽ 101 Full A+ ഉം 2020-21 ൽ 260 Full A+ ഉം നേടിയ വിദ്യാലയം ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തി നിൽക്കുന്നു.
സഹ്യന്റെ മടിത്തട്ടിൽ പിറന്ന ഈ അക്ഷരക്ഷേത്രത്തിന്റെ മുഖശ്രീ തരിമ്പും ചോർന്നുപോകാതെ എന്നും നിലനിർത്താൻ ക്രസന്റിന്റെ രസതന്ത്രത്തിന് കഴിഞ്ഞു. അതോടൊപ്പംതന്നെ പ്രൗഢിയുടെ ഉത്തുംഗ ശൃംഗത്തിൽ എത്തി നിൽക്കുന്ന വിദ്യാലയം വിജയത്തിന്റെ ജൈത്രയാത്ര തുടരുകയാണ്