സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മണിമലയാറിന്റെ അക്കരെ ഇന്നത്തെ പുത്തൻചന്തക്കും അപ്പുറത്ത് വേങ്ങക്കുന്നിൽ ആയിരുന്നു ആദ്യ വിദ്യാലയം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. ഹെൻറി ബേക്കർ ജൂനിയറിന് ശേഷം മുണ്ടക്കയത്ത് എത്തിയ മിഷനറിയായ ഹെൻറി ലോറൻസ് സ്ക്കൂൾ സ്ഥാപിക്കൽ ലക്ഷ്യത്തെ ഗണ്യമായി സഹായിച്ചു. വളരെ സാമ്പത്തിക സഹായങ്ങൾ അദ്ദേഹം നൽകിയിരുന്നു. വന്യജീവികൾ ഉൾക്കാടുകളിലേക്ക് നീങ്ങിയതും കുടിയേറ്റങ്ങൾ ആരംഭിച്ചതും ആ മലയോര പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യത്തെ ഗണ്യമായി സ്വാധീനിച്ചു. ആറിന് അക്കരെ ആയിരുന്ന സ്കൂൾ പിന്നീട് കൂടുതൽ സൗകര്യാർത്ഥം മുണ്ടക്കയത്തേക്ക് മാറ്റി. നമ്മുടെ പള്ളിയുടെ തൊട്ടടുത്ത സ്ഥലമായിരുന്നു അതിന് തിരഞ്ഞെടുത്തത്. സ്ക്കൂളിന്റെ ഒരു ചെറിയ രൂപമായിരുന്നു അത്. അവിടെ നിന്ന് താഴെ പള്ളിയുടെ റോഡരുകിൽ ഇന്ന് കൊന്നമരങ്ങൾ നിൽക്കുന്ന ഭാഗത്ത് പ്രിപ്പറേറ്ററി ക്ലാസുകൾ ആരംഭിച്ചു. അന്നത്തെ വികാരിയായിരുന്ന റവ:എ.പി.ഇട്ടിച്ചൻ ഇതിന് നേതൃത്വം നൽകി. ശ്രീ. എ. പി. ജോസഫ് ആയിരുന്നു മിഡിൽ സ്ക്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റർ . അതിനും താഴെ ഉണ്ടായിരുന്ന പാറക്കൂട്ടങ്ങൾ നീക്കി നിർമ്മിച്ചെടുത്തതാണ് ഇപ്പോഴത്തെ സി. എം. എസ്. എൽ. പി. മിഡിൽ സ്ക്കൂളിൽ പ്രഗൽഭരായ ശ്രീ. സി. ഡി. ഐസക്ക് കുന്നുംപുറത്ത്, കൊടുകുളത്തി സ്വദേശി ആയിരുന്ന ശ്രീ. പി. സി. ജോസഫ് തുടങ്ങിയ അദ്ധ്യാപകർ സ്ക്കൂളിനെ പുരോഗതിയിലേക്ക് നയിച്ചു.

ഹൈസ്ക്കൂൾ ഇംഗ്ലീഷ് വിദ്യാഭ്യാസമായിരുന്നു അടുത്ത ലക്ഷ്യം. പള്ളിയുടെ റോഡരികിൽ ഇന്ന് വാകമരങ്ങൾ നില്ക്കുന്ന സ്ഥാനത്ത് ഇതിനുളള ശ്രമം ആരംഭിച്ചു. മുളയും പുല്ലും കാട്ടുകമ്പുകളും ഉപയോഗിച്ച് സ്ക്കൂൾകെട്ടിടം നിർമ്മിച്ചു. സ്ക്കൂളിന് അംഗീകാരം നൽകുന്നതിന് മുന്നേോടിയായി അന്നത്തെ ഡിവിഷണൽ ഇൻസ്പെക്ടർ പരിശോധനക്ക് എത്തിയപ്പോൾ ക്ലാസ് മുറിയും ശവക്കോട്ടക്ക് അടുത്തായുളള അതിന്റെ സ്ഥാനവും തൃപ്തികരമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ കെട്ടിടം വേണമെന്ന് നിർബന്ധിച്ചു. അതിന്റെ ഫലമായി അല്പമകലെ മാറിയുളള കുന്നിൻ പുറം തിരഞ്ഞെടുത്തു. അവിടെ പുതിയ വിദ്യാലയം ആരംഭിക്കുന്നതിനുളള നടപടികളെക്കുറിച്ച് ചിന്തിച്ചു. അതാണ് ഇന്നത്തെ മുണ്ടക്കയം സി. എം. എസ്. ഹൈസ്ക്കൾ. പുത്തൻ പുരക്കൽ, പൊട്ടംകുളം, കടൂപ്പറമ്പിൽ എന്നീ കുടുംബക്കാരിൽ നിന്നും ഇന്ന് സ്ക്കൂൾ സ്ഥിതി ചെയ്യുന്ന രണ്ടേക്കർ സ്ഥലം ലഭിച്ചു. അങ്ങനെ 1921-ൽ ആദ്യത്തെ ഇംഗ്ലീഷ് മിഡിൽ സ്ക്കൂൾ മുണ്ടക്കയത്ത് സ്ഥാപിതമായി.

റബ്ബർ തോട്ടങ്ങളും തേയില തോട്ടങ്ങളും വെച്ചുപിടിപ്പിക്കുന്ന കാലമായതിനാൽ ധനികരായ ഉടമകൾ ഇവിടെ എത്തിയത് നമ്മുടെ സ്ക്കൂളിന് നല്ല കാലമായിരുന്നു. അവരുടെ സഹകരണത്തിലും സ്വദേശികളുടെയും പളളിയുടെയും ശ്രമത്തിലും പുതിയ ക്ലാസ് മുറികൾ പണിയുവാൻ ആരംഭിച്ചു. ശ്രമദാനത്തിലൂടെ ആയിരുന്നു മിക്ക പണികളും പൂർത്തിയാക്കിയത്. സ്ക്കൂളിലെ പ്യൂൺ ആയി സേവനം അനുഷ്ഠിച്ച ശ്രീ. പി. ജെ. വറുഗീസും നിർണ്ണായക പങ്കു വഹിച്ചു. കെട്ടിട നിർമ്മാണത്തിനുളള ദൈനം ദിന ചെലവുകൾ ബഹുമാനപ്പെട്ട ഇട്ടിയച്ചൻ വീടുകളിൽ നിന്നും നേരിട്ട് ശേഖരിക്കുകയായിരുന്നു. വൈകുന്നേരമാകുമ്പോൾ ഒരു വീട് ലക്ഷ്യമാക്കി നടന്നുചെന്ന് അന്നത്തേക്ക് കൊടുക്കേണ്ട കൂലിയും വാങ്ങിയാണ് മടങ്ങിയിരുന്നത്. അദ്ധ്യാപകർക്ക് പന്ത്രണ്ടര രൂപയായിരുന്നു അന്നത്തെ ശമ്പളം. പകുതി മാത്രമേ കൈയിൽ കിട്ടിയിരുന്നുളളു. അതിൽ തന്നെ ഏറിയ ഭാഗവും സ്ക്കൂളിന് നൽകി വന്നു. 1939-ൽ മിഡിൽ സ്ക്കുൾ അപ്ഗ്രേഡ് ചെയ്ത സംഭവത്തെ അടുത്ത നാഴിക്കല്ലായി വിശേഷിപ്പിക്കാം. മാനേജ്മെന്റിൽ നിന്നും സഹായത്തിനായി ഇട്ടിയച്ചന്റെ നേതൃത്വത്തിൽ ശ്രീ. പി. ടി. വറുഗീസ്, ശ്രീ. ടി. എം. കുര്യൻ, ശ്രീ. പി. സി. ജോൺ എന്നീ അദ്ധ്യാപകർ കോട്ടയത്തിന് പോയി. ആവശ്യങ്ങൾ അന്നത്തെ മാനേജർ ആർച്ച് ഡീക്കൻ പി. സി. കോര മുമ്പാകെ അവതരിപ്പിച്ചു. എന്നാൽ കെട്ടിട നിർമ്മാണത്തിന് യാതൊരു വിധ സഹായവും ലഭിച്ചില്ല. ഈ ആവശ്യത്തിനായി ഇനിയും കോട്ടയത്തിന് വരേണ്ടതില്ലായെന്നും അറിയിച്ചു. തിരിച്ചെത്തിയ അവർ നിരാശരായില്ല. ഇട്ടിയച്ചന്റെ ധീരമായ നേതൃത്വത്തിൽ ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്ത് അഞ്ചു മുറികളുളള ഒരു കെട്ടിടം നിർമ്മിച്ചു. അന്നത്തെ അദ്ധ്യാപകരായിരുന്ന ശ്രീ. പി.സി. അലക്സാണ്ടർ, ശ്രീ. ടി. എം. കുര്യൻ, ശ്രീ. പി. സി. ജോൺ, ശ്രീ. ഏ. വി. ശാമുവേൽ, ശ്രീ. മാമ്മൻ സഖറിയ എന്നിവർ രാവും പകലും വിശ്രമമില്ലാതെ അക്ഷീണം പരിശ്രമിച്ചു. അങ്ങനെ 1939-ൽ ആദ്യ ഇംഗ്ലീഷ് ഹൈസ്ക്കൂൾ പൂർത്തിയായി. പ്രഥമ ഹെഡ് മാസ്റ്റർ ശ്രീ. സി. ജെ. ചെറിയാൻ സാറായിരുന്നു. 1946 വരെ അദ്ദേഹം സേവനം അനുഷ്ഠിച്ചു. 1941-ൽ ആദ്യ E.S.L.C ബാച്ച് പരീക്ഷ എഴുതി. ആദ്യമായി ഫസ്റ്റ് ക്ലാസ്സോടെ പാസ്സായത് ശ്രീ. ടി. കെ. മാത്തൻ തൈപ്പറമ്പിൽ ആണ്. 1945-ൽ കേവലം 15 അദ്ധ്യാപകരും 520 കുട്ടികളും ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ 1946 ആയപ്പോഴേക്കും അദ്ധ്യാപകർ 41 ആയും കുട്ടികളുടെ എണ്ണം രണ്ടായിരമായും വർദ്ധിച്ചു. ശ്രീ. സി. ജെ. ചെറിയാൻ സാറിനെ തുടർന്ന് പ്രഗൽഭരായ പ്രഥമാദ്ധ്യാപകരുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായി. 33ഹെഡ് മാസ്റ്റർമാർ ഇതിനോടകം ഈ വിദ്യാലയത്തെ നയിച്ചിട്ടുണ്ട്. നല്ല നിലവാരവും അച്ചടക്കവും നിലനിന്നിരുന്നത് കൊണ്ട് മുണ്ടക്കയത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം ശോഭിച്ചു. പുറത്തിറങ്ങിയ ആയിരക്കണക്കിന് വ്യക്തികൾ ഇന്ന് നമ്മുടെ സംസ്ഥാനത്തും ഭാരതത്തിലും ലോകത്തെമ്പാടും സേവനം ചെയ്തു വരുന്നു. ഹെൻറി ബേക്കർ ജൂനിയറിന്റെ സ്വപ്നം സഫലമായിരിക്കുന്നു. മുണ്ടക്കയത്തിന്റെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ച് അന്ന് അദ്ദേഹം ചിന്തിച്ചില്ലായിരുന്നെങ്കിൽ മുണ്ടക്കയം നിവാസികൾ വിദ്യാസമ്പന്നരാകുന്ന കാലം എത്രയോ അകലെയായിരുന്നേനെ!

ഇന്ന് കിഴക്കൻ മേഖലയിലെ വിദ്യാലയങ്ങളുടെ തറവാട്ടമ്മയായ മുണ്ടക്കയം സി. എം. എസ്. ഹൈസ്ക്കൂളിന് കാലത്തികവിൽ തിളക്കങ്ങളും മങ്ങലുകളും ഉണ്ടായിട്ടുണ്ട്. ഇന്നും നൂറ് കണക്കിന് കുട്ടികൾക്ക് അറിവ് നൽകുന്ന ഈ സ്ഥാപനം 100 വർഷങ്ങൾ പിന്നിട്ട് മുണ്ടക്കയത്ത് ശോഭിക്കുന്നു. ആ പഴയ വിദ്യാലയത്തെ ആധുനീകരിച്ച് രൂപവും ഭാവവും മാറ്റി വരും തലമുറകൾക്കായി നിലനിർത്തേണ്ടത് നാം ഓരോരുത്തരുമാണ്.