സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/ സംരക്ഷിക്കണം നമ്മുടെ പ്രകൃതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
 സംരക്ഷിക്കണം നമ്മുടെ പ്രകൃതിയെ     


             ജൂൺ അഞ്ചിന് നാം ലോകമെങ്ങും പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകിക്കൊണ്ട് പരിസ്ഥിതി ദിനം ആചരിക്കുന്നു.കേവലം ആചരണവും ആഘോഷവും മാത്രമായി നാമതിനെ മാറ്റുമ്പോൾ നമ്മുടെ തന്നെ നാശം വിളിച്ചുവരുത്തുകയാണ് നാം.മനുഷ്യൻ അറിഞ്ഞിരിക്കേണ്ടത് ഒന്നുമാത്രം .പ്രകൃതിയെ ആശ്രയിക്കാതെ ജീവിക്കാൻ നമുക്ക് ആവില്ല.ഇത് നാം അറിഞ്ഞുകഴിഞ്ഞവരാണ്. പക്ഷെ എന്തു ചെയ്യാൻ? ആരും  ഒന്നും പഠിച്ചില്ല.പ്രകൃതിയുടെ ആവശ്യകതയും പ്രസക്തിയും പൂർണ്ണമായി ഉൾക്കൊണ്ട്  പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്ന് നാം അഭിമുഖികരിക്കുന്ന ഒട്ടനവധി പ്രശ്നങ്ങളും ഉണ്ടാകുമായിരുന്നില്ല.ഇന്ന് പരിസ്ഥിതി ദിനം വെറും വാക്കുകളിലോ അല്ലെങ്കിൽ ഒരു വൃക്ഷത്തൈ നട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്നതിലോ ഒതുങ്ങിപ്പോകുന്നു.വാക്കുകളെക്കാൾ പ്രവർത്തിക്ക് പ്രാധാന്യം നൽകുന്നവരാകാൻ നാം പഠിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു.വികസനത്തിന്റെ പേരിൽ മനുഷ്യന് പരിസ്ഥിതിയെ ചൂഷണം ചെയ്യുമ്പോൾ നിയമങ്ങളെല്ലാം  കാറ്റിൽ പറക്കുന്നു. സ്വാർത്ഥലാഭത്തിനായി ഉള്ള ചൂഷണങ്ങൾ നമുക്കും വരും തലമുറയ്ക്കും കരുതി വച്ചിരിക്കുന്ന മഹാവിപത്തുകളെക്കുറിച്ച് ഇനിയും നാം ബോധവാന്മാരാകേണ്ടിയിരിക്കുന്നു.മാലിന്യനിർമ്മാർജനം സർക്കാരിന്റെ മാത്രം തലയിൽ കെട്ടിവെയ്ക്കാൻ ശ്രമിക്കരുത്.ജനങ്ങളുടെ കൂടെ പങ്കാളിത്തം ഉണ്ടായാലേ  തക്ക പരിഹാരം  കണ്ടെത്താനാകൂ. സ്വന്തം വീട്ടിലെ മാലിന്യം എങ്ങനെയും  ഒഴിവാക്കുക  എന്ന ലക്ഷ്യത്തോടെ അന്യന്റെ വീട്ടുമുറ്റത്തും റോഡിലുമായി വലിച്ചെറിയുന്ന മലയാളികളുടെ ശീലം മാറേണ്ടിയിരിക്കുന്നു.വിറ്റും കൊള്ളയടിച്ചും ധൂർത്തടിച്ചും നാം തന്നെയാണ് നമ്മുടെ നാടിനെ ദുരന്തഭൂമി ആക്കിയത്.ജനകീ സ്വയകൂട്ടായ്മകളിലൂടെയുള്ള അവബോധവും പൊതുനൻമ ലക്ഷ്യമാക്കിയുള്ള  ഒരുമിച്ചുള്പ്രവർത്തനവുമാണ് ഏതു പ്രശ്നത്തിന്റെയും ശാശ്വത പരിഹാരം. അതിനാൽ നാം ഓരോരുത്തരും ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്. മണ്ണ്, പക്ഷികൾ, സസ്യങ്ങൾ , ജലം തുടങ്ങി പ്രകൃതി കനിഞ്ഞുനൽകുന്ന പ്രതിഭാസങ്ങൾ നിലനിർത്താൻ ആവശൃമായ മുൻകരുതൽ എടുക്കുക എന്നത് ഓരോ മനുഷ്യന്റെയും കടമയാണ്. വൃക്ഷങ്ങൾ ഇല്ലാതാക്കുന്നതിനും പുഴകളും തോടുകളും നശിപ്പിക്കുന്നതിനും മനുഷ്യൻ മത്സരിക്കുന്നു.എന്നാൽഇത് എന്റേതു മാത്രമല്ല വരുംതലമുറയുടേതുകൂടിയാണ് എന്ന ബോധം ഇല്ലാതെ പോകുന്നു. പ്രകൃതിയെ തന്റെ ലാഭങ്ങൾക്കു പാത്രമാക്കുക എന്നതിലാണ് മനുഷ്യന്റെ ശ്രദ്ധ.ഇവിടെയാണ് പ്രകൃതി സൗഹൃദ സമീപനത്തിന്റെ പ്രസക്തി വർദ്ധിക്കുന്നത്. മനുഷ്യൻ പ്രകൃതിയുടെ ശത്രുവല്ല മിത്രമാണ് എന്ന ബോധം വളർത്തേണ്ടിയിരിക്കുന്നു. "സംരക്ഷണമെന്നത് മണ്ണും മനുഷ്യനും തമ്മിലുള്ള സ്വരചേർച്ചയാണ്.ഇടതുകൈ വെട്ടിമാറ്റി വലതുകൈ കൂടുതൽ പരിപോഷിപ്പിക്കാൻ നിങ്ങൾക്കു കഴിയില്ല".അമേരിക്കൻ ചിന്തകനായ ആൽഡോലിയോ പോൾഡിന്റെ വാക്കുകളാണ്. ഒന്നിനെ നശിപ്പിച്ചു മറ്റൊന്നിനെ പ്രതിഷ്ഠിക്കൽ സാധ്യമല്ല എന്ന ചിന്തയാണ് അദ്ദേഹം മുന്നോട്ടു വയ്ക്കുന്നത്.ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് സവിശേഷതകളുണ്ട്. സാക്ഷരതയുടെയും ആരോഗ്യത്തെയും കാര്യത്തിൽ മുൻപന്തിയിലാണ് നാം. നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിലാണ്.പാടം നികത്തിയാലും,മണൽ വാരിയാലും, മാലിന്യ കൂമ്പാരങ്ങൾ കൂടിയാലും,വനംവെട്ടിയാലും,ഞങ്ങൾക്കു യാതൊരു പ്രശ്നവും ഇല്ലഎന്നു കരുതുന്നവരുടെ കാഴ്ച്ചപ്പാടുകളാണ് മാറ്റപ്പെടേണ്ടത്.ഇത്തരം പ്രശ്നങ്ങൾ ബോധപൂർവമായി ഇടപ്പെട്ട് ഭൂമിയെ സംരക്ഷിക്കാൻ നാം തയ്യാറായില്ലെങ്കിൽ നമ്മുടെ മക്കൾക്ക് ഇവിടെ വാസയോഗമില്ലാതായി വരും.നമുക്ക് നമ്മുടെ പൂർവ്വികർ ദാനം തന്നതല്ല ഈ ഭൂമി മറിച്ച് നമ്മുടെ ഇളം തലമുറയിൽനിന്ന് കടം വാങ്ങിയതാണ്. എല്ലാവർക്കും ആവശ്യത്തിനുള്ളത് എന്നും പ്രകൃതിയിലുണ്ട്.അത്യാഗ്രഹത്തിനൊട്ടില്ലതാനും. പ്രകൃതി അമ്മയും നാം മക്കളും ആണെന്ന ബോധത്തോടെ ജീവിക്കണം. കമ്പോസ്റ്റ് കുഴികൾ നിർമ്മിച്ചും, പ്ലാസ്റ്റിക് കൂടുകൾ ഉപേക്ഷിച്ചും, പുറത്തു പോകുമ്പോൾ കടലാസ് ബാഗുകൾ കയ്യിൽ കരുതിയും, വിവിധ മാർഗത്തിലൂടെയും നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം.നമ്മൾ കൈകോർത്താൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും. പ്രകൃതിസംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുവാൻ നാം ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കണം. 



ആഷ്ലി ലിയ ജേക്കബ്
9 A സി.എം.എസ്.എച്ച്.എസ്,കുമ്പളാംപൊയ്ക
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - ലേഖനം