കൊറോണക്കാലം

 

ഉം.... ഇത് മാർച്ച്‌ മാസല്ലേ? പരീക്ഷ ആയില്ലേ? ഇപ്പോഴും കളി തന്നെ കളി. ഇപ്പോഴെങ്കിലും നന്നായി പഠിച്ചൂടെ, ഇനി ഇതു കഴിഞ്ഞാൽ രണ്ടു മാസം കളി തന്നെ കളി.
വീട്ടുകാരുടെ ചീത്ത കേട്ടപ്പോൾ ആലോചിച്ചു നോക്കി. ശരിയാണ് എത്ര വേഗത്തിലാണ് ഒരു വർഷം കഴിഞ്ഞത്.
ഞങ്ങൾ കുട്ടികൾക്ക് പുതിയ ക്ലാസ്സ്‌ തുടങ്ങി പരീക്ഷ കഴിഞ്ഞാൽ ഒരു കൊല്ലം കഴിഞ്ഞു അതാണ്‌ കണക്ക്.
ഇനിപ്പോ സ്കൂൾ വാർഷികം, ടൂർ, സ്കൂളിൽ നിന്ന് പിരിഞ്ഞു പോകുന്ന ടീച്ചർമാരുടെ യാത്രയയപ്പ്, സദ്യ,
ഏഴാം ക്ലാസ് കഴിഞ്ഞ് വേറെ സ്കൂളിലേക്ക് പോകുന്ന കുട്ടികളുടെ സെന്റ് ഓഫ്‌, വാർഷിക പരീക്ഷ എല്ലാം ഈമാസത്തിലാണ്.
പിന്നെ ഞങ്ങടെ പൂരം അതു ആലോചിച്ചപ്പോൾ തന്നെ മുഖം സന്തോഷം കൊണ്ട് വിടരും.
പൂരപ്പറമ്പും, കളിപ്പാട്ടങ്ങളും, ആനയും, പൂതനും, തിറയും, കണ്ണ് കൊണ്ട് നോക്കിയാൽ കാണാത്ത അത്ര ആൾക്കാരും ഒക്കെ.
പിന്നെ എന്റെ പിറന്നാളും ഈ മാസത്തിൽ തന്നെ ആണല്ലോ.
എല്ലാം കൂടി ചിന്തിച്ചാൽ സന്തോഷം, പേടി, സങ്കടം, ടെൻഷൻ അങ്ങനെ എന്തെല്ലാമോ...
അതു കഴിഞ്ഞാൽ രണ്ടു മാസം, വിരുന്ന്, ടൂർ, സിനിമ എല്ലാത്തിനും പോണം . ഹോ..
അങ്ങനെ ഇരിക്കുമ്പോളാണ് ചൈനയിൽ ഫെബ്രുവരി യിൽ കൊറോണ എന്ന വൈറസ് ഉണ്ടായി, രോഗം പരത്തി ആളുകൾ മരിച്ചു എന്നൊക്കെ അറിയുന്നത്.
അപ്പോഴും ഏറ്റവും വലിയ രാജ്യം -ചൈന എന്നും, പിന്നെ അവിടുത്തെ ആളുകളുടെ വേഷവും, മുഖവും എല്ലാം ചിത്രങ്ങളിൽ കണ്ടത് ഒക്കെ ആണ് മനസിലേക്ക് വന്നത്.
വൈറസ്, രോഗം, മരണങ്ങൾ, അതിന്റ ഭീകരത അങ്ങനെ ഒന്നും തോന്നിയതേ ഇല്ല.
ടിവി യിൽ വാർത്തകൾ ഒന്നും അങ്ങനെ കാണാറില്ലായിരുന്നു,.
സിനിമ, കോമഡി അങ്ങനത്തെ ഒക്കെ ആണ് കണ്ടിരുന്നത്. ദിനപത്രത്തിലും ഇഷ്ടപ്പെട്ട വാർത്തകൾ ആണ് വായിക്കാറ്.
പെട്ടന്നാണ് ദിവസം തോറും സ്ഥിതി ഗതികൾ ആകെ മാറി മറിയുന്നത് ശ്രദ്ധയിൽ പെട്ടത്.
നമ്മുടെ രാജ്യമായ ഇന്ത്യ അടക്കം എല്ലാ ലോകരാജ്യങ്ങളിലേക്കും,
കൊറോണ വൈറസ് എന്നു വിളിക്കുന്ന കോവിഡ് 19 എന്ന ആ കൊടും ഭീകരൻ മരണം വിതച്ചു കൊണ്ട് നുഴഞ്ഞു കയറിക്കൊണ്ടിരുന്നത്.
സ്കൂളുകൾ അടച്ചു, ആരാധനാലയങ്ങൾ, കടകമ്പോളങ്ങൾ, പാർക്കുകൾ സിനിമ തീയറ്ററുകൾ, എല്ലാം അടച്ചു.
വിമാനം, ട്രെയിൻ, ബസ് തുടങ്ങി പൊതു ഗതാഗതം നിലച്ചു, നിരത്തുകൾ നിശബ്ദമായി.
ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ആയി. രാജ്യം പൂട്ടി.
എത്ര പെട്ടന്നാണ് കാര്യങ്ങൾ മാറിയത്. ഇപ്പോൾ ന്യൂസ്‌ കാണും പേടിയോടെ, ഓരോ ദിവസവും പത്രം വായിക്കും ആശങ്കയോടെ.
എല്ലാവരുടെ കണ്ണിലും ഒരു പേടി കാണാം.
നമ്മൾ ജാഗ്രതയോടെ സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ അനുസരിച്ചു നീങ്ങണം.
ഞങ്ങൾ കുട്ടികൾ അടക്കം എല്ലാവരും ജാഗരൂഗരാണ്.
ഈ കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ,പ്രതിരോധം, എന്നിവയെ കുറിച്ചെല്ലാം ഞങ്ങൾക്ക് അറിയാം.
കൈ നന്നായി കഴുകണം, മാസ്ക് ധരിക്കണം, ആവശ്യമില്ലാതെ പുറത്തിറങ്ങരുത്, വൃത്തി പരിശീലിക്കണം എന്നെല്ലാം അറിയാം.
ഇന്നും 16.4.2020 രാവിലെ പത്രമെടുത്തു .കേരളം. "ചെറിയ ഒരാശ്വാസം കോവിഡ് ഒരാൾക്ക് മാത്രം ". രോഗ ബാധിതർ -387, ഭേദമായവർ -218, മരണം -2.
"നമുക്ക് പൊരുതാം, ജാഗ്രതയോടെ ഇരിക്കാം, കൊറോണയെ തുരത്താം".


 


മീനാക്ഷി സി
4 A സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കഥ