സാമ്പത്തിക ചരിത്രം
കേരളത്തിന്റെ നെയ്ത്തുപട്ടണമായാണ് ബാലരാമപുരം അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രധാന പങ്കും നെയ്ത്തിനെ ആശ്രയിച്ചാണ് നടക്കുന്നത്. സാമുദായിക വ്യത്യാസമില്ലാതെ നിരവധി ആളുകൾ കൈത്തറി നെയ്ത്ത് കൈത്തൊഴിലായി സ്വീകരിച്ചിട്ടുണ്ട്. ഇന്ന് എല്ലാ സമുദായത്തിൽപ്പെട്ട ജനങ്ങളും കുലത്തൊഴിൽ നിന്നും മാറി വ്യത്യസ്തമായ തൊഴിലുകളിലുകളിലേക്ക് പോവുകയാണ്. കൂടുതൽ പേരും കൈത്തറി മേഖലയിലാണ് പുതിയ തൊഴിൽ നേടുന്നതും സംരംഭങ്ങൾ ആരംഭിക്കുന്നതും. ബാലരാമപുരം കൈത്തറി വസ്ത്രങ്ങൾക്ക് ലഭിച്ച പേരും പെരുമയുമാണ് ഇതിനു കാരണം. ഭൂമിശാസ്ത്ര ലക്ഷണ പ്രകാരം (ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ) ബൗദ്ധിക സ്വത്തവകാശം ലഭിച്ച കേരളത്തിലെ ആദ്യത്തെ കൈത്തറി ഉത്പന്നമാണ് ബാലരാമപുരം കൈത്തറി. വിവിധ സമുദായങ്ങളിൽപ്പെട്ട നിരവധി ആളുകൾ സർക്കാർ ജോലികളിൽ പ്രവേശിക്കുന്നുണ്ട്. ഏകദേശം അഞ്ച് വർഷം മുൻപ് ബാലരാമപുരത്തെ പൈതൃക ഗ്രാമത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുളള നടപടികൾ കേരള ബജറ്റിൽ സ്വീകരിച്ചിട്ടുണ്ട്. കർഷകരും കർഷക തൊഴിലാളികളുമാണ് ഈ പ്രദേശതത്ത് കൂടുതലായി കണപ്പെടുന്ന മറ്റൊരു വിഭാഗം. കാർഷിക മേഖല ലാഭകരമല്ലാത്തതിനാൽ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് കൂടുതലാണ്. ഒരു കാലത്ത് വ്യാപകമായിരുന്ന നെൽകൃഷി ഇന്ന് നാമമാത്രമാണ്. മറ്റ് കാർഷിക വിളകളിലാണ് കൂടുതൽപേരും ആശ്രയിക്കുന്നത്. ധാരാളം പേർ നിർമ്മാണമഖലകളിൽ ജോലിചെയ്യുന്നു. അന്യ സംസ്ഥാന തൊഴിലാളികളുടെ എണ്ണം എല്ലാ തൊഴിൽ മേഖലയിലും വർദ്ധിച്ചുവരുന്നു. ബാലരാമപുരം പട്ടണം കേന്ദ്രീകരിച്ച് ചെറുകിടകച്ചവടക്കാരും വ്യാപാരികളും തൊഴിലെടുക്കുന്നു. ഇവിടെ ദിവസക്കൂലിക്കാരാണ് ഏറ്റവും കൂടുതൽ. മത്സ്യബന്ധനത്തിലും അനുബന്ധതൊഴിലുകളിലും ഏർപ്പെട്ടിരിക്കുന്ന അഞ്ഞൂറിലധികം ജനങ്ങൾ ഇവിടെയുണ്ട്. പ്രധാന വരുമാന മാർഗമായി വ്യാപാര മേഖല മാറുന്നുണ്ട്. ഈപ്രദേശം സാമ്പത്തിക അഭിവൃദ്ധിയിലേക്ക് കുതിക്കുന്ന അവസരത്തിലാണ് കോവിഡ് മഹാമാരിയെതുടർന്നുളള ലോക്ഡൗണും മറ്റ് നിയന്ത്രണങ്ങളും നിലവിൽ വരുന്നത്. കോവിഡ് പ്രതിസന്ധി ഈ മേഖലയുടെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം പേരും മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുളളവരാണ്. ചാല കമ്പോളം കഴിഞ്ഞാൽ ഏറ്റവും തിരക്കുളള ഒരു കമ്പോളമാണ് ബാലരാമപുരം. ഭക്ഷണ സാധനങ്ങൾ, ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, നിർമ്മാണ മേഖലക്കാവശ്യമായ സാധനങ്ങൾ തുടങ്ങിയവയുടെ വമ്പിച്ച വിൽപനയാണ് ഈ പ്രദേശത്ത് നടക്കുന്നത്. പഞ്ചായത്തിന്റെ നികുതി വരുമാനത്തിലെ വലിയ പങ്കും ലഭിക്കുന്നത് വ്യാപാര മേഖലയിൽ നിന്നുമാണ്. ഇവിടത്തെ ജനങ്ങളുടെ സ്ഥിരോത്സാഹവും അധ്വാനിക്കാനുളള മനസ്സും ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധികളെ തരണം ചെയ്യാൻ പര്യാപ്തമാണ്.