സമൂഹം.എച്ച്.എസ്.എൻ .പറവൂർ/അക്ഷരവൃക്ഷം/കിച്ചു നൽകുന്ന പാഠം
കിച്ചു നൽകുന്ന പാഠം
വീടിന്റെ ഉമ്മറത്തെ മരച്ചില്ലകൾക്കിടയിലൂടെ ആഴ്ന്നിറങ്ങിയ സൂര്യപ്രകാശം ജനലുകൾക്കിടയിലൂടെ കടന്നു ചെന്നു. സൂര്യൻ അടിച്ചിട്ടും ഉറക്കമുണരാതിരുന്ന മടിയനായ കിച്ചുവിന്റെ കൺപോളയെ മെല്ലെ തൊട്ടുണർത്തി. തലേ ദിവസം ചെളിവെള്ളത്തിൽ ഓടി നടന്ന് പന്ത് തട്ടി കളിച്ചതിന്റെ ക്ഷീണം ഇപ്പോഴും അവനുണ്ടായിരുന്നു. കൊച്ചു കുട്ടിയാണെങ്കിലും അവന്റെ ജീവിത രീതി അലസതയുടെ ഒരു കൊട്ടാരം തന്നെ ആയിരുന്നു. അവധിക്കാലമായതിനാൽ നേരം പുലർന്നപ്പോൾ തന്നെ അവന്റെ മനസ്സ് അശുദ്ധമായ തെരുവിൽ കളിക്കുന്ന ചിന്തയിലായിരുന്നു. ചെരുപ്പ് പോലും അവൻ ധരിക്കാറില്ല. കിച്ചുവിന്റെ അയൽവാസിയും കൂട്ടുകാരനായിരുന്നു പാച്ചു എന്ന മിടുക്കൻ. അവൻ എന്നും അതി രാവിലെ എഴുന്നേൽക്കും, ശരീരത്തിനും മനസ്സിനും ആരോഗ്യം നൽകുന്ന വ്യായാമങ്ങൾ ചെയ്യും. ഒരു ദിവസം ഇരുവരും കളിക്കുവാനായി കളിസ്ഥലം തെരഞ്ഞെടുക്കുന്ന തർക്കത്തിലേർപ്പെട്ടു. കിച്ചു അഴുക്കു വെള്ളത്തിൽ പന്ത് കളിക്കുന്നതിനും, പാച്ചു വൃത്തിയുള്ള പുൽ മൈതാനത്ത് പന്ത് കളിക്കുന്നതിനും വാശി പിടിച്ചു. ഒടുവിൽ അലസനായ കിച്ചുവിന്റെ വാശിക്ക് മുന്നിൽ പാച്ചു വഴങ്ങി. കാളി കഴിഞ്ഞ ഉടനെ പാച്ചു ശുദ്ധജലത്തിൽ കൈയും കാലും കഴുകി. കിച്ചുവിനോടും ഇത് ചെയ്യാൻ പറഞ്ഞു എങ്കിലും അവൻ അത് വക വച്ചില്ല. ഇരുവരും വീട്ടിലേക്ക് മടങ്ങി. കിച്ചു വീട്ടിലെത്തിയ ഉടൻ തന്നെ കൈപോലും കഴുകാതെ ആഹാരം കഴിക്കാൻ തുടങ്ങി. ഇത് കണ്ട അമ്മ അവനെ ശാസിച്ചു. ഇതിൽ പരിഭവിച്ച് അവൻ മുറിയിൽ കയറി കതകടച്ച് മുഷിഞ്ഞ വസ്ത്രം മാറാതെ തന്നെ കട്ടിലിൽ കിടന്നു. നേരം പുലരാറായപ്പോൾ അവന് ശരീര വേദന അനുഭവപ്പെട്ടു. പനിക്കുകയും ചെയ്തു. അവൻ അമ്മയെ ചെന്ന് വിളിച്ചു. അപ്പോൾ തന്നെ 'അമ്മ അവനെയും കൊണ്ട് ആശുപത്രിയിലേക്കോടി. പരിശോധന നടത്തിയ ഡോക്ടർ അമ്മയോട് പറഞ്ഞത് കേട്ട് 'അമ്മ വിഷമിച്ചു. അവന്റെ കാലിൽ ചെറിയ മുറിവുണ്ടായിരുന്നത്രെ. വൃത്തിഹീനമായ അവസ്ഥയിൽ ആ മുറിവിലൂടെ രോഗാണുക്കൾ കയറിയിട്ടുണ്ടാകും. എലിപ്പനിയാണ് അവന് എന്നാണ് പറഞ്ഞത്. കിച്ചുവിന്റെ നില കൂടുതൽ വഷളായി. ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കിയ കിച്ചു പേടിച്ചു വിറങ്ങലിച്ച് ഈശ്വരനോട് പ്രാർത്ഥിച്ചു. അമ്മയും പാച്ചുവും തന്നോട് പറഞ്ഞ വാക്കുകളെ അവൻ അപ്പോൾ ഓർത്തു. അമ്മയോട് ക്ഷമ ചോദിക്കുകയും കൂട്ടുകാരനായ പാച്ചുവിനെ കാണാൻ വാശി പിടിക്കുകയും ചെയ്തു. ഒടുവിൽ പാച്ചു അവനെ കാണാൻ എത്തി. കിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു. അവനോട് എന്തൊക്കെയോ പറയാനും തുടങ്ങി. ദിവസങ്ങൾ കടന്നു പോയി. കിച്ചു തന്റെ അപകട നില തരണം ചെയ്തു. അവന്റെ ചുണ്ടുകളിൽ നിന്നും മാഞ്ഞു പോയ ആ പുഞ്ചിരി തിരികെയെത്തി. ദൈവത്തെ മനസ്സിൽ ഓർത്തു കൈകൂപ്പി. മറ്റുള്ളവർ തന്റെ ജീവന് കല്പിച്ച വില പോലും സ്വന്തം ജീവന് താൻ കൊടുത്തില്ലല്ലോ എന്നോർത്ത് അവൻ ലജ്ജിച്ചു. നമ്മുടെ അറിവില്ലായ്മയെ മറ്റുള്ളവർ തിരുത്താൻ ശ്രമിക്കുമ്പോൾ അതിനെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയാണ് വേണ്ടത്. വൃത്തിഹീനമായ സ്ഥലങ്ങളിൽ നമ്മൾ പോകുകയാണെങ്കിൽ തീർച്ചയായും ഉടൻ നമ്മുടെ കൈകളും ദേഹവും വൃത്തിയാക്കിയതിനു ശേഷമേ മറ്റെന്തും ചെയ്യാവൂ എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ കൊച്ചു കഥ.
സാങ്കേതിക പരിശോധന - DEV തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ