ശിവഗിരി എച്ച്.എസ്.എസ് വർക്കല/അക്ഷരവൃക്ഷം/ തിരികെ യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
തിരികെ യാത്ര


വടക്ക് ഹിമാലയ പർവ്വതവും മൂന്ന് വശങ്ങളിലായി അതി മനോഹരമായ തിരമാലകളും കൊണ്ട് ചുറ്റപ്പെട്ട നമ്മുടെ കൊച്ചു കേരളം. ശാദ്വലമായ, പ്രകൃതിയെ അറിഞ്ഞു ജീവിച്ച നമ്മുടെ സംസ്കാരം. ആ സംസ്കാരത്തിലേക്ക് ഒരു തിരിച്ചുപോക്ക് ഇന്ന് അസാധ്യമായി മാറി. അതിനു ഉത്തരവാദികൾ നാം തന്നെയാണ്. പച്ചപ്പാർന്ന നമ്മുടെ കേരളത്തിന്റ മനോഹാരിത നശിപ്പിച്ച് അവിടെ മണിമാളിക പണിയുന്ന ഒരു സമൂഹമാണ് ഇന്നുള്ളത് . പണ്ട് കൂട്ടുകുടുംബമായിരുന്നു, ഒരു വീട്ടിൽ തന്നെ അനേകം പേർ താമസിച്ചിരുനു. ഇന്ന് ഈ മണിമാളിക വീട്ടിൽ താമസിക്കുന്നത് അധികമായാൽ മൂന്നുപേർ. അന്ന് വീടിനു ചുറ്റും ഫല വൃക്ഷങ്ങളും ചെടികളും ആയിരുന്നു. ഇന്ന് ഓരോ വീടും കോൺക്രീറ്റ് മതിലുകൾ തീർത്ത ഏകാന്തതയിൽ വീർപ്പുമുട്ടുന്നു. കാലം മാറി കോലം മാറി എന്ന് പറയുന്നതുപോലെ ഇന്ന് എവിടെ നോക്കിയാലും പ്ലാസ്റ്റിക്മാലിന്യങ്ങൾ മാത്രമായി. അതിന്റെ ഫലമായി നമുക്ക് നഷ്ടമായത് പ്രകൃതിയുടെ മനോഹാരിതയാണ്. പ്രകൃതിയിൽ ജലസ്രോതസ്സുകളുടെ അളവ് കുറഞ്ഞു. കോൺക്രീറ്റിൽ എവിടെയാണ് ജലം സംഭരിച്ച് വയ്ക്കാൻ സാധിക്കുന്നത്. ഈ കാരണങ്ങളാൽ മണ്ണിന്റെ ഫലപുഷ്ടി കുറഞ്ഞു. മണ്ണിലും ചേറിലും കളിച്ചു വളർന്നിരുന്ന കുട്ടികൾക്ക് ഇന്നത്തെ തലമുറയിലെ കുട്ടികളേക്കാൾ രോഗപ്രതിരോധ ശേഷി ഉണ്ടായിരുന്നു. മണ്ണിൽ നിന്നു കിട്ടുന്ന ഊർജം അവരെ ആരോഗ്യവാന്മാരായിമാറ്റി. അന്ന് പ്രകൃതിയിൽ നിന്നു കിട്ടുന്നത് എന്തും ഭക്ഷിച്ചു. ഇന്ന് പല തരം നിറങ്ങൾ ചേരുന്ന ഭക്ഷണവസ്തുക്കൾ മാത്രം. ഇതിന്റെ ഫലമായി പലവിധ രോഗങ്ങൾ മനുഷ്യനെ കാർന്നു തിന്നു. പണ്ടുകാലത്ത് എല്ലാ വീടിന്റെ മുറ്റത്തും ഒരു കിണ്ടിയിൽ വെള്ളം ഉണ്ടായിരുന്നു, ഇതിന്റെ ആവശ്യകത എന്താണെന്ന് നമുക്ക് ഇപ്പോഴാണ് മനസ്സിലായത്. വാഴയിലയിൽ ഉണ്ണുന്ന ആഹാരത്തിനൊപ്പം ആ വാഴയിലയിൽ എന്തെല്ലാം ഗുണങ്ങൾ ഉണ്ടോ അതെല്ലാം നമുക്ക് ലഭിക്കുമായിരുന്നു. ഇപ്പോൾ വാഴയിലയുടെ സ്ഥാനത്ത് പ്ലാസ്റ്റിക് മാത്രം. എവിടെ ഇറങ്ങിയാലും വാഹനങ്ങളിൽ നിന്ന് വരുന്ന മലിനമായ വാതകങ്ങൾ. ശുദ്ധമായ വായു എന്താണെന്ന് നാം മറന്നു കഴിഞ്ഞിരിക്കുന്നു. പ്രകൃതിയെ ഇത്തരത്തിൽ ഒരു അവസ്ഥയിൽ എത്തിച്ചത് നാം തന്നെയാണ്. ഇന്ന് ലോകത്തെ കാർന്ന് തിന്നുകൊണ്ടിരിക്കുന്നത് വെറുമൊരു സൂക്ഷ്മജീവി ആണ്. ഈ സൂക്ഷ്മ ജീവിക്ക് ഇതൊക്കെ സാധിച്ചുവെങ്കിൽ ഇതിന് കാരണക്കാർ മറ്റാരുമല്ല നാം തന്നെയാണ്. എന്തിനെയും നിസ്സാരമായി കാണുന്ന ഈ ലോകത്തിന്റെ കാഴ്ചപ്പാടാണ് ഈ വിധത്തിൽ കൊണ്ടെത്തിച്ചത്. പ്രകൃതിയെ കൊന്നതിന്റെ പരിണിതഫലങ്ങൾ ആണ് നാമിപ്പോൾ അനുഭവിക്കുന്നത്. പ്രതിരോധിക്കാനുള്ള കഴിവ് ഇല്ലാതാക്കിയതു കൊണ്ടാണ് ഇത്തരത്തിൽ ഒരു ദുരവസ്ഥ നമുക്ക് ഉണ്ടായത്. ഇനിയെങ്കിലും പ്രകൃതിയെ സംരക്ഷിക്കുക, സ്നേഹിക്കുക. ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഈ മഹാമാരിയെ തുരത്താൻ എങ്കിലും നമുക്ക് ഒറ്റക്കെട്ടായി ,ഒരുമിച്ച് നിന്ന് പരിശ്രമിക്കാം. ഭയമല്ല വേണ്ടത് കരുതലാണ്.നമുക്ക് തിരികെ പോകാം... പ്രകൃതിയിലേയ്ക്ക്... നമുക്ക് ജീവിക്കാം... പ്രകൃതിയെ അറിഞ്ഞു... പ്രകൃതിയുടെ ഭാഗമായി.... അതേ ഒരു തിരികെ യാത്രയുടെ സമയം അതിക്രമിച്ചിരിക്കുന്നു...

ആദർശ്. ബി
പ്ലസ് വൺ സയൻസ് ശിവഗിരി എച്ച്. എസ്സ് . എസ്സ്. വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം