ശിവഗിരി എച്ച്.എസ്.എസ് വർക്കല/അക്ഷരവൃക്ഷം/യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
യാത്ര


വീടിന്റെ പിന്നാമ്പു റത്ത് അടുക്കളയോട് ചേർന്നിരിക്കുന്ന പടിയിൽ ഞാൻ ഉറക്കച്ചടവ്‌ മാറ്റാനിരിക്കുകയായിരുന്നു.എല്ലാ ദിവസവും ഞാൻ അവിടെയാണ് ഇരിക്കുന്നത് . പുറത്തു നല്ല ഇരുട്ടുണ്ട് . അടുക്കളയിൽ ഇട്ടിരിക്കുന്ന ഓറഞ്ച് ബൾബിന്റെ പ്രകാശം ജനാലയുടെ ഇടയിലൂടെ നേർത്ത വരകളായി പുറത്തേയ്ക്കു പതിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞു ഞാൻ എന്റെ ബ്രഷും പേസ്റ്റും എടുത്തു പല്ല് തേയ്ക്കാൻ പോയി. പൈപ്പ് തുറന്നു വെള്ളമുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം ഞാൻ എന്റെ മുഖം കണ്ണാടിയിൽ നോക്കി ഉറക്കക്ഷീണം എന്റെ മുഖത്തു നന്നായി തെളിഞ്ഞു കാണുന്നുണ്ട്. ഇന്നലെ ഞാൻ വളരെ വൈകിയാണ് ഉറങ്ങിയത്. ബന്ധുകളും അവരുടെ കുട്ടികളും ഇന്നലെ വന്നിരുന്നു. കുട്ടികളുടെകൂടെ കളിച്ചുകൊണ്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. പെട്ടെന്ന് ഓർമ്മകൾ മായ്ക്കുന്നപോലെ വെള്ളം വീശിയടിച്ചു ഞാൻ എന്റെ മുഖം കഴുകി. തുടർന്ന് പല്ല് തേച്ചു വേഗം ഒരുങ്ങി റെഡിയായി. മുറ്റത്ത് ഒരു വണ്ടി നിർത്തുന്നതിന്റെ ശബ്ദം കേട്ടു. ഞാൻ കിടപ്പുമുറിയിൽ നിന്നും വേഗം ഉമ്മറത്തേക്ക് ഓടിച്ചെന്നു. അതു ഒരു കാറായിരുന്നു. കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു ബാലൻ മാമൻ ഇറങ്ങി. "മോനെ വന്നു വണ്ടിയിൽ കേറ് "എന്നു സൗമ്യമായി പറഞ്ഞു. അപ്പോൾ സിഗരറ്റ് ഉപയോഗിച്ച് കറപിടിച്ച മാമന്റെ പല്ല് ചുണ്ടിൽ നന്നായി ഉരയുന്നുണ്ടായിരുന്നു . ഞാൻ ഒന്നുകൂടി കിടപ്പുമുറിയിലേക്കു തിരികെ ചെന്നു എന്റെ മുടി ഒന്നുകൂടി ചീകിവൃത്തിയാക്കി. കണ്ണാടിയിലൂടെ കിടപ്പുമുറിയുടെ ഒരു വശത്തായ് എന്റെ മൂന്നാം ക്ലാസിലെ ഇംഗ്ലീഷ് പുസ്തകം അലക്ഷ്യമായി തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപെട്ടു. അതിൽ ജൂലിയാ രാജകുമാരിയുടെ പാഠമാണ് തുറന്നു കിടക്കുന്നത്. കുറച്ചു ദിവസങ്ങൾകു മുൻപ് ഞാൻ അത് വായിച്ചതായിരുന്നു . എന്നാൽ അതു അടച്ചുപോലും വെയ്ക്കാതെ ഞാൻ കാറിനടുത്തേക്ക് പോയി. വണ്ടിയുടെ ഡോർ എങ്ങനെ തുറക്കണം എന്നു അറിഞ്ഞൂടാത്ത ഞാൻ ചെറിയ ലജ്ജ നിറഞ്ഞ നിസഹായതയോടെ കാറിന്റെ ഡ്രൈവറായ അജയൻ ചേട്ടന്റെ മുഖത്തേക്ക്‌ നോക്കി. എന്നെ ഒന്നു നോക്കിയ ശേഷം ഒന്നും മിണ്ടാതെ കാറിന്റെ ഉള്ളിൽ നിന്നും ഒരു മുഷിഞ്ഞ തുണിയെടുത്തു കണ്ണാടി തുടച്ചുവൃത്തിയാക്കിയ ശേഷം സീറ്റിനു മുകളിലിട്ടിരിക്കുന്ന ടവ്വൽ പുറത്തെടുത്ത് കുടഞ്ഞു. എന്നിട്ട് അതു സീറ്റിനുമുകളിൽ വിരിച്ചിട്ടു. ബാലൻ മാമനും അച്ഛന്റെ രണ്ടു സഹോദരന്മാരും എന്റെകൂടെ വരുന്നു എന്നു ഞാൻ മനസിലാക്കി. എന്റെ അച്ഛൻ ഇന്ന് ഗൾഫിൽ നിന്നും വരുന്നുണ്ട്. ഞങ്ങൾ അച്ഛനെ കൂട്ടാൻ എയർപോർട്ടിലേക്ക് പോകുകയാണ്. ബാലൻ മാമൻ ഒഴികേ ഞങ്ങൾ മൂന്നുപേരും പിറകു വശത്തെ സീറ്റിലാണ് ഇരുന്നത്. ഞാൻ ഇടത്തു ജനൽ വശത്താണ് ഇരുന്നത്.സാധാരണഗതിയിൽ അച്ഛൻ ഓണത്തിനാണു നാട്ടിൽ വരാറുള്ളത്ത്. എന്നാൽ ഈ വർഷം വരവ് നേരത്തെ യാണ്. എല്ലാ വർഷവും അമ്മയും അച്ഛനെ എയർപോർട്ടിൽ നിന്നും കൂട്ടാൻ വരാറുള്ളതാണ് എന്നാൽ വണ്ടിയിൽ ആവിശ്യമായ സ്ഥലം ഇല്ലാത്തതിനാലാവാം അമ്മ കൂടെ വരാത്തെ. വീട്ടിൽ നിന്നും യാത്രക്കു പുറപെടാൻ അല്പം വൈകിയതിൽ എല്ലാംവരുടെയും മുഖത്തു നേരിയ വിഷമമുണ്ട്. നേരം അധികം പുലരാത്തത് കൊണ്ട് നല്ല തണുപ്പുണ്ട് .വഴിയിൽ ചായക്കടകളും തട്ടു കടകളും മാത്രമേ തുറന്നു പ്രവർത്തിക്കുന്നുള്ളു. എന്നാൽ ഞാൻ ചായ കുടിക്കുന്ന ഒരു ആൾ അല്ല.ചായ കുടിച്ചാൽ ഞാൻ കറുത്തുപോകും എന്നാണ് അച്ഛൻ അമ്മയോട് പറഞ്ഞിട്ടുള്ളത് . പട്ടണത്തിലെ വഴിവിളക്കിൽ നിന്നുമുള്ള പ്രകാശം ബാലൻമാമന്റെയും അജയൻ ചേട്ടന്റെയും ദേഹത്ത് നന്നായിയടികുന്നുണ്ട്. ഇതിനിടയ്ക്കാണ് വണ്ടിയുടെ മുൻവശത്തായി വച്ചിരിക്കുന്ന ചിരിക്കുന്ന സപ്രിംഗ് പാവ എന്റെ ശ്രദ്ധയിൽ പെട്ടത്. അതു എന്നെത്തന്നെ ശ്രദ്ധിച്ചു നോക്കുന്നുണ്ടായിരുന്നു. യാത്ര എന്നെ പോലെതന്നെ അതും നന്നായി ആസ്വദിക്കുന്നുണ്ട് എന്നു എനിക്ക് മനസിലായി. പട്ടണത്തിനെ ഇരുട്ട് വിഴുങ്ങിയിട്ടില്ലായിരുന്നു. മുൻപുള്ളത് പോലെ പട്ടണം കെട്ടിടങ്ങളാൽ നിറഞ്ഞിരിക്കുന്നു. അവയെല്ലാം കാഴ്ചയ്ക്ക് ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച തേര് പോലെയാണ്.വണ്ടിയിൽ ഇരുന്നുകൊണ്ട് ഞാൻ കെട്ടിടങ്ങളുടെ നിലകൾ എണ്ണാൻ ഒരു ശ്രമം നടത്തി. അത് എന്നെ കൊണ്ട് സാധിക്കില്ല എന്നു അറിയാമായിരുന്നിട്ടും ഞാൻ ഒരു കൗതുകം ആ പ്രവർത്തിയോട് കാണിച്ചു.കെട്ടിടങ്ങളിൽ ചിലത് നിർമാണം അവസാനിക്കാത്തതാണ്. അതിൽ ചിലതിൽ ഇപ്പോഴും ജോലി നടക്കുന്നുണ്ട് . വണ്ടി മുന്നോട്ടു നീങ്ങുന്തോറും സൂര്യൻ മുകളിലേക്ക് ഉയരുന്നുണ്ടായിരുന്നു.വണ്ടികൾ അധികം കടന്നു പോകാത്തതിനാൽ തെരുവ് നായകൾ അലക്ഷ്യമായി റോഡിൽ നടക്കുകയാണ്. കുറച്ചു സമയം കഴിഞ്ഞപോൾ കടകളിൽ ചിലതു തുറക്കുന്നു. മിക്കതിന്റെയും മുന്നിൽ ഒരു സെക്യൂരിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളു. പുലർച്ചയായതുകൊണ്ട് കെ .എസ്.ആർ .ടി.സി വാഹങ്ങളാണു റോഡിലധികവും. യാത്രയ്ക്കിടയിൽ ഒരു കെട്ടിടത്തിന്റെ മുകളിൽ ഭീമാകാരമായ ഒരു സിനിമ പോസ്റ്റർ വച്ചിരിക്കുന്നത് എന്റെ ശ്രദ്ധയിൽപെട്ടു. അത് എന്തു ഉപയോഗിച്ചാണ് അവിടെ വച്ചിരിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു. പെട്ടന്ന് കഴിഞ്ഞ പ്രാവിശ്യം അച്ഛൻ നാട്ടിൽ വന്നപ്പോൾ സിനിമയ്ക്ക് പോയത് ഓർമവന്നു. അന്ന് സിനിമ തീർന്നപ്പോൾ നേരം വളരെ വൈകിയിരുന്നു.അന്ന് ഞാൻ അച്ഛൻ കൊണ്ടുവന്ന നീല ഷൂവാണ് ഇട്ടിരുന്നത്. "എയർപോർട്ട് എത്താറായോ അജയാ? "അച്ഛന്റെ സഹോദരനായ ചന്ദ്രൻ വല്യച്ഛൻ പതുങ്ങിയ ശബ്ദത്തിൽ ചോദിച്ചു. എന്നാൽ അതിനു മറുപടിയായിട്ടു അജയൻ ചേട്ടൻ ചെറുതായൊന്നു തലയാട്ടി.അജയൻ ചേട്ടന്റെ തലയാട്ടൽ മറുപടി വളരെ ശരിയായിരുന്നു.അല്പം സമയത്തിനുള്ളിൽ തന്നെ ഞങ്ങൾ എയർപോർട്ടിൽ എത്തിച്ചേർന്നു. കണ്ണാടികൾ കൊണ്ട് അലങ്കരിച്ച എയർപോർട്ടിനു മുകളിൽ സൂര്യപ്രകാശം വളരെ നന്നായി തന്നെ പതിക്കുന്നുണ്ടായിരുന്നു. അവിടെ നിന്നും ഒരു വിമാനം പറന്നു പോകുന്നത് ഞാൻ കണ്ടു അതു സാധാരണ കാണുന്നത്തിൽ നിന്നും വളരെ വലിയതായിരുന്നു.വിമാനങ്ങൾ എപ്പോഴും എന്റെ മനസ്സിൽ കൗതുകം ഉണ്ടാകുന്നതാണ് .വിമാനം ഒരു വാഹനമാണെന്നകാര്യം ഞാൻ പലപ്പോഴും മറന്നു പോകാറുണ്ട്.എയർപോട്ടിന്റെ മുന്നിൽ കാറുകൾ കളിപ്പാട്ട വണ്ടി പോലെ നിര നിരയായി അടുക്കിയിട്ടിരിക്കുന്നത് വളരെ ഭംഗിയുള്ള കാഴ്ച്ചയാണ്.ഞങ്ങൾ വണ്ടി നിർത്തി. സാധാരണയായി അച്ഛൻ ഇറങ്ങി വരുന്നിടത്ത് നിന്നും കുറച്ചു ദൂരം മാറിയാണ് വണ്ടി നിർത്തിയത്. നമ്മൾ എല്ലാവരും വണ്ടിയിൽ നിന്നും ഇറങ്ങി. ബാലൻ മാമൻ അല്പം മാറിനിന്നു. കഷണ്ടി തലയൊന്നു രണ്ടുവട്ടം തടവിയതിനു ശേഷം മുണ്ട് മടക്കിയുടുത്തിട്ടു പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്തു വലിക്കാൻ തുടങ്ങി.കഴിഞ്ഞ പ്രാവിശ്യം അച്ഛൻ കൊണ്ടു വന്ന ചുവന്ന വരയൻ ഷർട്ടാണ് മാമൻ ഇട്ടിരിക്കുന്നത് എന്ന കാര്യം എന്റെ ശ്രദ്ധയിൽപെട്ടു . അച്ഛന്റെ സഹോദരനായ ചന്ദ്രൻ വല്യച്ഛൻ ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. രവി വല്യച്ഛൻ കാറിൽ നിന്നും അച്ഛൻ വരുന്നോ എന്നു നോക്കുകയായിരുന്നു. എയർപോർട്ടിൽ പലതരം ഭാഷകളിൽ പ്രസംഗിക്കുന്നുണ്ട്. അച്ഛൻ വരാറുള്ളടുത്ത് നിന്നും ആളുകൾ ഒരു ഉരുട്ടുവണ്ടിയിൽ അവരുടെ പെട്ടികളുംമായി വണ്ടികളിൽ കയറി പോകുന്നു . കുറച്ചു കഴിഞ്ഞപോൾ ഒരു ഗേറ്റ് തുറന്നു വെള്ള കുപ്പായവും ടൈയും ധരിച്ച ഒരു മാന്യനായ മനുഷ്യൻ കടന്നു വന്നു. ബാലൻ മാമൻ പെട്ടന്ന് മുണ്ടിന്റെ മടക്കഴിച്ചിട്ട് സിഗരറ്റ് നിലത്തിട്ട് ചെരുപ്പിന്റെ അടിഭാഗം കൊണ്ട് ചവിട്ടി അമർത്തിയതിനു ശേഷം അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. കൂടെ രവി വല്യച്ഛനും ചന്ദ്രൻ വല്യച്ഛനും. അവർ എന്തൊക്കെയോ പേപ്പറുകൾ കാണിക്കുകയും ചില പേപ്പറുകളിൽ ഒപ്പിട്ടു കൊടുക്കുകയും ചെയ്യുന്നു . അച്ഛനെ കാണാനുള്ള ആകാംക്ഷ എന്റെ മനസിന്റെ അതിരുപൊട്ടി നിക്കുകയായിരുന്നു"ചേട്ടാ അച്ഛൻ ഇപ്പോൾ വരുമോ"ഞാൻ പതുക്കെ അജയൻ ചേട്ടനോട് ചോദിച്ചു "അച്ഛനെ കാണുന്നില്ല ചിലപ്പോൾ അച്ഛൻ നേരത്തെ വേറെ വണ്ടിയിൽ പോയിട്ടുണ്ടാകാം"ചേട്ടൻ പതുങ്ങിയ സ്വരത്തിൽ പറഞ്ഞു. അച്ഛനെ കാണാത്തത് കാരണം എല്ലാവരും വളരെ വിഷമത്തിലായിരുന്നു. ഞങ്ങൾ തിരിച്ചു വണ്ടിയിൽ കയറി. തിരികെ പോകുന്ന നേരം ആൾപോകുന്നയിടത്തും അച്ഛൻ ഉണ്ടോയെന്ന് ഞാൻ ഒന്ന് കണ്ണോടിച്ചു. എന്നാൽ അച്ഛനെ കാണാൻ സാധിച്ചില്ല. വന്നതിനെക്കാൾ വിപരീതമായിരുന്നു തിരിച്ചുള്ള യാത്ര പട്ടണത്തിൽ വല്ലാത്ത ട്രാഫിക് ബ്ലോക്ക്‌. പച്ച ലൈറ്റിനു വേണ്ടി നാടിന്റെ നാലു ഭാഗത്തു നിന്നുള്ളവർ കാത്തുനിൽക്കുന്നു. കടകളിലൊക്കെ ആളുകൾ തിങ്ങി നിറഞ്ഞിരിക്കുന്നു.കെട്ടിടങ്ങളിലെ വെളിച്ചം നിർത്തിവെച്ചിരിക്കുന്നു. ആകപ്പാടെ പൊടിയും പുകയും നിറഞ്ഞ് വിമ്മിഷ്ടപ്പെടുത്തുന്ന അവസ്ഥ. ഇതിനിടയിലൊക്കെയും എന്റെ അച്ഛൻ ഏതെങ്കിലും വണ്ടിയിൽ ഉണ്ടോ എന്നു ഞാൻ ഒന്നു പരിശോധിച്ചു.ഇടയ്ക്ക് പെട്രോൾ അടിക്കാനായി അജയൻ ചേട്ടൻ പെട്രോൾ പമ്പിൽ വണ്ടി നിർത്തി. അവിടെ ഒരു പെട്ടിയിൽ നിന്നും പെട്രോൾ... പെട്രോൾ... ഡീസൽ..... ഡീസൽ... എന്നൊക്കെ ശബ്ദം വരുന്നുണ്ടായിരുന്നു. കാശിനു പകരം അജയൻ ചേട്ടൻ ഒരു കാർഡാണ് കൊടുത്തത്. ആദ്യമായാണ് ഒരു കാർഡിൽ നിന്നും പണം കൊടുക്കുന്ന വിദ്യ ഞാൻ കാണുന്നത്. അവിടെ അതി പുരാതനമായ നോ സ്‌മോക്കിങ് ബോർഡ്‌ ഒരു തുരുമ്പ് കമ്പിയിൽ തൂക്കിയിട്ടിട്ടുണ്ടായിരുന്നു. എന്നാൽ ഇത്രയും പുകയുള്ള വണ്ടി കടത്തി വിടുന്നു എന്നത് വളരെ രസകരമായ കാഴ്ച്ചയാണ്. അധികം താമസിക്കാതെ ഞങ്ങൾ തിരിച്ചു നാട്ടിൽ എത്തി. സാധാരണയായി അച്ഛൻ നാട്ടിൽ വരുമ്പോൾ സുഹൃത്തു ക്കളോടു കൂടി ആൽത്തറ ച്ചുവട്ടിലാണ് ചിലവഴികുന്നത്. എന്നാൽ ഇന്നവിടെ ആരുമില്ല. അപ്പോൾ ഞാൻ ഒരു കാര്യം ഉറപ്പിച്ചു. അച്ഛൻ വീട്ടിൽ തന്നെ ഉണ്ട്.ഞങ്ങൾ വീട്ടിലെത്തി.കാറിൽ നിന്നും ഇറങ്ങുന്നത്തിനു മുമ്പ് നന്ദി എന്നഭാവത്തിൽ സ്പ്രിഗ് പാവയെ നോക്കി ഒന്നു ചിരിച്ചു. ബന്ധുകളുടെ കുട്ടികൾ ഇന്നലെ നിന്നയിടത്തു തന്നെ നിന്നു കളിക്കുന്നു. എന്നാൽ അവരുടെ സംഘത്തിൽ ചേരാതെ ഞാൻ അച്ഛനെ അന്വേഷിച്ചു വീട്ടിനുള്ളിലേക്ക് പോയി. അവിടെ ഞാൻ എന്റെ കൂട്ടുകാരൻ ഹരിയുടെ അമ്മയെയും അച്ഛന്റ സുഹൃത്തുകളയുമൊക്കെ കണ്ടു.എന്നാൽ എന്റെ അച്ഛനെ മാത്രം കണ്ടില്ല. അല്പ സമയത്തിന് ശേഷം വീടിന്റെ മുറ്റത് ഒരു വലിയ വണ്ടി വന്നതിന്റെ ശബ്ദം ഞാൻ കേട്ടു. അതു അച്ഛൻ കൊണ്ടു വന്നു മിഠായിയും കളിപ്പാട്ടങ്ങളുമായി വന്ന വണ്ടി തന്നെ. ഞാൻ മനസ്സിൽ ഉറപ്പിച്ചു.ഞാൻ വേഗം മുറ്റത്തേക്ക് ഓടിച്ചെന്നു.ആ വലിയ വണ്ടിയുടെ അടുത്ത് മാമനും വല്യച്ഛന്മാരും അയൽവാസികളുമൊക്കെ തടിച്ചു കൂടിയിരുന്നു അതിൽ നിറയെ പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുകയായിരുന്നു.അവർ ആ വണ്ടി തുറന്നു ഒരു പെട്ടി പുറത്തേയ്ക്ക് ഇറക്കി. അതു എന്താണെന്നു അറിയാനായി ഞാൻ അവരുടെ ഇടയിലൂടെ ഇടിച്ചുതള്ളി മുന്നിലെത്തി. ആ തണുത്ത പെട്ടിക്കുള്ളിൽ അച്ഛൻ കിടക്കുകയിരുന്നു.വളരെ വ്യത്യസ്തമായ ഒരു ഡ്രസ്സ്‌ ആണ് അച്ഛൻ ഇട്ടിരുന്നത്. അവർ അച്ഛനെ സ്വീകരണമുറിയിലേക്ക് കൊണ്ടുവന്നു കിടത്തി. കിടപ്പുമുറിയിൽ നിന്നും അമ്മ കരഞ്ഞുകൊണ്ട് ഓടിവന്നു. അമ്മയെ കണ്ടപ്പോൾ എനിക്ക് പേടിയായി. ആദ്യമായാണ് ഞാൻ അമ്മയെ അങ്ങനെ കാണുന്നേ. എന്നെ അടുത്ത് വിളിച്ചു. അമ്മ എന്നെ കെട്ടിപ്പിടിച്ചു കരയുന്നുണ്ടായിരുന്നു. അപ്പോൾ എന്റെ ഉടുപ്പ് അമ്മയുടെ കണ്ണുനീരു പിടിച്ചെടുക്കുനുണ്ടായിരുന്നു. നിമിഷ നേരംകൊണ്ട് വീടാകെ ആളുകൾ നിറഞ്ഞു. ബാലൻ മാമൻ എന്നെ വിളിച്ചു കുളിക്കാൻ ആവിശ്യപ്പെട്ടു തുടർന്നു ബാലൻ മാമനും ദേഹത്ത് ആകെ ചന്ദന വരകൾ പൂശിയ ആ ആളും പറയുന്നത് ഞാൻ ഒരു യന്ത്രം പോലെ ചെയ്തു. ആദ്യമായാണ് അച്ഛൻ ഇങ്ങനെ വരുന്നത്. ആദ്യമായണ് അച്ഛൻ ഇങ്ങനെ ഒരു വേഷത്തിൽ വരുന്നത്. ആദ്യമായാണ് അച്ഛൻ വരുന്ന ദിവസം ഇത്രയും ചന്ദനത്തിരികളുടെ ഗന്ധം പരക്കുന്നത്. ആദ്യമായാണ് അച്ഛൻ വരുന്ന ദിവസം ഇത്രെയും ആൾക്കൂട്ടം. പിന്നാമ്പുറത്തെ പടിയിൽ അമ്മയുടെ മടിയിലിരുന്നപ്പോൾ അമ്മ പറയുന്നു അച്ഛൻ പോയി എന്ന്. ഇനി തിരിച്ചു വരുമ്പോൾ അച്ഛൻ എനിക്കെന്തൊക്കെയാവാം കൊണ്ട് വരുക.ഇത് തികച്ചും വ്യത്യസ്തമായ ഒരു യാത്രയായിരുന്നു...

ഗോകുൽ ആർ. ആർ
പ്ലസ് വൺ സയൻസ് ശിവഗിരി എച്ച്.എസ്.എസ് വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ