വെള്ളാട് ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/ കോവിഡ് പ്രതിരോധം - കേരളം നമ്പർ 1

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് പ്രതിരോധം - കേരളം നമ്പർ 1

കേരളത്തിൻ്റെ വിദ്യാഭ്യാസ, ആരോഗ്യമേഖലകൾ രാജ്യത്തിന് മാതൃകയാണെന്ന കാര്യം നമ്മുക്ക് പല അവസരങ്ങളിലും മനസിലായിട്ടുള്ളതാണ്. ഇപ്പോൾ കേരളത്തിൻ്റെ ആരോഗ്യമേഖല വൈറസ് രോഗങ്ങളെ ചെറുക്കുന്ന കാര്യത്തിൽ മുന്നിലാണ്. എന്തുകൊണ്ട് കേരളം നമ്പർ 1 എന്ന ചോദ്യം കേട്ട് നെറ്റി ചുളിക്കുന്നവരും ധാരാളമുണ്ട്. കൊറോണ പ്രതിരോധത്തിൽ ലോകത്തിന് കേരളം മാതൃകയാവുന്നു എന്ന് പറയുന്നത് വെറുതേയല്ല. കണക്കുകൾ കഥ പറയും. കൊറോണ ഒരു മഹാവ്യാധിയാണ്. അതിന് വ്യാപന സാധ്യത ധാരാളം.ഇന്ത്യയിൽ ആദ്യം കൊറോണ എത്തിയ സംസ്ഥാനം കേരളമാണ്. വുഹാനിൽ നിന്ന് വന്ന വിദ്യാർത്ഥിക്കു പിന്നാലേ അതേ മാതൃകയിൽ 2 പേർക്കു കൂടി കോവിഡ് 19 ബാധിച്ചു. എന്നാൽ കേരളം പതറിയില്ല. തികച്ചും ശാസ്ത്രീയമാർഗങ്ങളിലൂടെ ഒട്ടും അന്ധവിശ്വാസം കലർത്താതെ പ്രകടനപരതയില്ലാതെ കേരളം കോവിഡിനെ നേരിട്ടു. മൂന്നു പേരും അസുഖം ഭേദമായി ആശുപത്രി വിട്ടു.

കോവിഡിൻ്റെ കേരളത്തിലേയ്ക്കുള്ള രണ്ടാം വരവിൽ പക്ഷേ രോഗബാധിതരുടെ എണ്ണം വർധിച്ചു. കാരണം അത് ലോകവ്യാപിയായി കഴിഞ്ഞിരുന്നു.എന്നാൽ കേരളം പതറിയില്ല. അദൃശ്യ ശത്രുവിനെതിരെ ശാസ്ത്രീയ പ്രതിരോധം തീർത്ത് കേരളം .

ഇന്ന് കണക്കുകൾ പ്രതിരോധത്തിൻ്റെ പുത്തൻ മാതൃകയാണ് പറയുന്നത്. ഒരു രോഗിയിൽ നിന്ന് പൊതുവേ 2.6 പേർക്ക് രോഗം പകരാമെന്നാണ് ആഗോള ശരാശരി. കേരളത്തിൽ പുറത്തു നിന്ന് എത്തിയത് 254 രോഗികൾ ഇവരിലൂടെ രോഗം പകർന്നതാകട്ടെ 91 പേരിലോട്ട് മാത്രം. അതായത് രാജ്യാന്തര തലത്തിൽ ഒരു രോഗി ശരാശരി ഏതാണ്ട് മൂന്ന് പേർക്ക് രോഗം പടർത്തുമ്പോൾ കേരളത്തിൽ 3 രോഗികൾ ഒരാൾക്കേ രോഗം പടർത്തിയുള്ളൂ.

കേരളം ഈ രംഗത്ത് പുലർത്തിയ ജാഗ്രതയുടെ തെളിവാണ് ഇത്. ഇതു തന്നെയാണ് സമൂഹ വ്യാപന ഘട്ടത്തിലേയ്ക്ക് കേരളം എത്താത്തതിൻ്റെ കാരണവും. ഇനി മരണ നിരക്ക് നോക്കാം. ലോകത്ത് നൂറ് രോഗികളിൽ ഏതാണ്ട് ആറ് പേർ മരിക്കുമ്പോൾ ഇന്ത്യയിൽ നൂറിൽ മൂന്ന് പേർ മരിക്കുന്നു. എന്നാൽ കേരളത്തിലാകട്ടെ മരണം നൂറിൽ ഒന്നിൽ താഴെയാണ്.

രോഗം ഭേദമാകുന്ന കാര്യത്തിലും കേരളം തന്നെയാണ് ഒന്നാമത്.കേരളത്തിൽ നൂറ് രോഗികളിൽ 24 പേരും അസുഖം മാറി ആശുപത്രി വിടുന്നു എന്നർത്ഥം.

ഇനി പറയൂ ലോകമേ ഏതാണ് ദൈവത്തിൻ്റെ സ്വന്തം നാട്? ഇനി പറയൂ ലോകമേ കരുതലുള്ള ഈ മേത്? ഇനി പറയൂലോകമേ കോവിഡിനെ പ്രതിരോധിക്കുന്ന ലോകത്തെ തുരുത്ത് ഏതെന്ന്? എല്ലാത്തിനും ഒരുത്തരം മാത്രം കേരളം.ഇച്ഛാശക്തിയുള്ള ഭരണകൂടം, ദൃഢനിശ്ചയമുള്ള ആരോഗ്യ പ്രവർത്തകർ, എല്ലാം മറന്ന് യുദ്ധമുഖത്തുള്ള സന്നദ്ധ പ്രവർത്തകരും നേഴ്സുമാരും. അകന്നിരുന്നാലും ഞങ്ങൾ ഒറ്റക്കെട്ട് എന്ന് പ്രഖ്യാപിക്കുന്ന ജനത. ലോകമേ കാണുക ഇത് കേരളം.ഒരേയൊരു കേരളം.

ശിവഗംഗ ജയേഷ്
4 എ വെള്ളാട് ജി യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം