ഇനി എന്ത്???
"നമ്മുടെ ഈ കഷ്ടപ്പാടൊക്കെ എന്ന് അവസാനിക്കും?"ഈ ശവങ്ങളൊക്കെ കുഴിച്ചു മൂടിക്കഴിഞ്ഞ് നമുക്ക് വല്ല അസുഖോ വന്നാൽ ഇവരാരെങ്കിലും നോക്കുമോ നമ്മുടെ കുടുംബത്തെ?"
"ആർക്കറിയാം!"
ഇങ്ങനെ പറഞ്ഞു കൊണ്ട് അതീവ സുരക്ഷയോടെ കെട്ടിപ്പൊതിഞ്ഞ ഒരു മൃതദേഹം രവിയും അൻവറും മറവ് ചെയ്തു. 15 ദിവസമായി അവർ വീട്ടിൽ പോയിട്ട് കോവിഡ്-19 വൈറസ് ബാധയേറ്റ് മരിക്കുന്നവരുടെ മൃതദേഹങ്ങൾ കുഴിച്ചിടലാണ് അവരുടെ ജോലി.ഇതിപ്പോൾ രണ്ടാമത്തേതാണ്.ആ 40-45 വയസ്സ് തോന്നിക്കുന്ന മൃതദേഹത്തെ സഹതാപത്തോടെ നോക്കിക്കൊണ്ട് രവി പറഞ്ഞു.
"ഇയാൾക്ക് വല്ല ആവശ്യോം ഉണ്ടായിരുന്നോ ഈ വേണ്ടാധീനം കാണിക്കാൻ".
ഇതുകേട്ട അൻവർ മറുപടി പറഞ്ഞു "പടച്ചോൻ വിചാരിച്ചാ എന്താ നടക്കാൻ പ്രയാസം?മരണം അടുത്ത് വരുമ്പം ആർക്കാ എന്താ താേന്നേണ്ടതെന്ന്
അള്ളാഹുവല്ലേ തീരുമാനിക്കുന്നത്.മനുഷ്യനെ കൊണ്ട് അത് തടുക്കാൻ പറ്റുവോ?"
"അങ്ങനെ ഒരാൾ ഒണ്ടായിരുന്നേൽ നമ്മുടെയാെക്കെ വിളി അങ്ങേരു കേൾക്കില്ലായിരുന്നോ? അതിൽ എനിക്കൊട്ടും വിശ്വാസം ശേഷിക്കുന്നില്ല അത് പണ്ടേ നഷ്ടപ്പെട്ടതാണ്."
രവി വാക്കുകളിൽ വിഷാദം പുരട്ടി.
അവർ കുറച്ചു മുൻപ് മറവ് ചെയ്തത് ഒരു അതിധനവാന്റെ മൃതദേഹമായിരുന്നു. കോവിഡ്-19 ബാധിച്ചു നിരീക്ഷണത്തിലായിരുന്നു അയാൾ.പരിശോധനഫലം പോസിറ്റീവ് ആയി എന്നറിഞ്ഞപ്പോൾ പിറ്റേ ദിവസം അയാൾ ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്ന് ഉണ്ടായിരുന്ന പണമാെക്കെ താഴോട്ട് വാരി എറിഞ്ഞിട്ട് ചാടി ആത്മഹത്യ ചെയ്തു.മരണഭയത്താൽ ആ സർവ്വ സൗഭാഗ്യങ്ങളും ഉള്ള സമ്പന്നൻ സ്വയം ജീവിതം നശിപ്പിച്ചു!രവി പറഞ്ഞത് ശരിയാണ് ദൈവമാണ് ജനനത്തിനും മരണത്തിനും ഇടയിൽ ചരട് വലിക്കുന്നതെങ്കിൽ സ്വന്തം ജീവൻ ആ സമ്പന്നൻ തന്നെ നശിപ്പിക്കുമായിരുന്നില്ല. ലോകം മുഴുവൻ വൈറസ് ഭീതിയിൽ മുങ്ങുമായിരുന്നില്ല.നല്ല മനുഷ്യരും അനേകം ചീത്ത മനുഷ്യരും ഒരുപോലെ അതിന്റെ ദോഷങ്ങൾ അനുഭവിക്കുമായിരുന്നില്ല.
അൻവറും രവിയും ആശുപത്രിയിലെ ഒരു മുറിയ്ക്കള്ളിൽ വിശ്രമിച്ചു. അവിടെ നിന്നും അൻവറിന്റെ ചോദ്യം -"എടാ രവി നമ്മളിപ്പോൾ കുഴിച്ചിട്ടില്ലേ..... അയാളുടെ പേര് എന്തായിരുന്നു..?"
-"ഓ.. അതൊരു നസ്രാണി.. ഏബൽ എന്നാ പേര്.പണക്കാരൻ .. രണ്ടു പെൺമക്കളായിരുന്നു..ഫേബ..ആമി"രവി ദുഃഖത്തോടെ പറഞ്ഞു.
"നീയിതാെക്കെ എങ്ങനെയറിഞ്ഞെടാ രവി? "
"അതാ ഡോക്ടർ ആരാേടോ പറയുന്നത് കേട്ടു"
അൻവറും രവിയും അയാളുടെ മരണകാരണത്തെക്കുറിച്ചു ചർച്ച ചെയ്തു. ഇളയ മകളുടെ കല്യാണത്തിന് ഗൾഫിൽ നിന്ന് വന്നതാണ്. കല്യാണം മാറി ഇപ്പോൾ മരണമായി.
മനുഷ്യജീവിതം എല്ലായ്പോഴും ഇങ്ങനെതന്നെയാണ്.ഒരു നിമിഷത്തിന്റെ തീരുമാനമാണ് എല്ലാം മാറ്റി മറിക്കുന്നത്...!
അൻവർ പറഞ്ഞു "എന്റെ മോളുടെ നിക്കാഹ് നാളെ നടക്കേണ്ടതായിരുന്നു. വിധി എന്നെ ഇവിടെയെത്തിച്ചു.. ശവങ്ങൾ കുഴിച്ചു മൂടാൻ.. ! കടം വാങ്ങിയും സ്ഥലം വിറ്റും കല്യാണം നടത്താറായപ്പോൾ അതിനും വന്നു ഒരു തടസ്സം. ഇതാണ് അറിവുള്ളവർ വിധിയുടെ വിളയാട്ടം എന്നു പറയുന്നത്".
അങ്ങനെ കടുത്ത ദൈവ വിശ്വാസി ആയ അൻവർ വിധിയെ പഴിച്ചു സമാധാനിച്ചു.
അടുത്ത മൃതദേഹം വരുന്നതും കാത്ത് അൻവറും രവിയും അങ്ങനെയിരുന്നു.
ചുമ്മാതിരുന്നു മടുപ്പ് തോന്നിയപ്പോൾ അൻവർ രവിയോട് അവന്റെ വീടിനെ പറ്റി ചോദിച്ചു അപ്പോൾ രവി മടുപ്പോടെ പറഞ്ഞു
"എന്റെ വീടിനെ പറ്റിയാണെങ്കിൽ അത് ആ പഴയ കേസിൽ തന്നെ കുടുങ്ങി ഇപ്പോഴും തർക്ക വസ്തുവായി തന്നെ കിടക്കുന്നു എന്റെ കുടുംബത്തെ പറ്റി ആണെങ്കിൽ തന്തയും തള്ളയും ചത്തിട്ട് രണ്ട് കൊല്ലമായി.സഹോദരി ആർ.സി.സിയിൽ. ഭാര്യയും മക്കളും കളഞ്ഞിട്ട് പോയി.ഇനി ഭാവി പരിപാടി, സമയം കിട്ടുമ്പോൾ കുറച്ചു വിഷമോ ഒരു മുഴം കയറോ വാങ്ങി സ്വയം അവസാനിപ്പിക്കുക "
അൻവർ ഇതു കേട്ട് അസ്വസ്ഥനായി..
"നിനക്കായി വിധി മറ്റെന്തോ കാത്ത് വെച്ചിട്ടുണ്ട്.അതെനിക്ക് ഉറപ്പാണ് "
അൻവർ പറഞ്ഞത് കേട്ടു രവി തിരിച്ചു പറഞ്ഞു
എനിക്കായി വിധി കാത്ത് വെച്ചിട്ടുള്ളത് മരണമാണ്. എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്ത് ഞാൻ ചെന്നെത്തും"
രവി എന്നും പറയാറുള്ള സ്ഥിരം പല്ലവി തന്നെയാവർത്തിച്ചു. അപ്പോഴാണ് അൻവറിനു മൊബൈലിൽ ഒരു മെസ്സേജ് വന്നത്.
'കോവിഡ് രക്ഷാപ്രവർത്തനത്തിൽ എല്ലാ നിർധന ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്കും സർക്കാർ പരിരക്ഷ പ്രഖ്യാപിച്ചിരിക്കുന്നു...!'
രവി ഒരു നിമിഷത്തേക്ക് വിധിയിൽ വിശ്വസിച്ചു.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ
|