വി.എച്ച്.എസ്.എസ്. പനങ്ങാട്/അക്ഷരവൃക്ഷം/അപ്പുവിന്റെ സംശയങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റെ സംശയങ്ങൾ

തേങ്ങ ചിരകുന്നത് കേട്ടാണ് അപ്പു ഉണർന്നത്. അമ്മയുടെ അടുത്തേക്ക് നടന്നിട്ട് അവൻ ചോദിച്ചു: " അമ്മേ, എന്തിനാ ഈ തേങ്ങ ചിരകുന്നത്?" "നിനക്ക് പുട്ട് ഇഷ്ടമല്ലേ? പുട്ടിനു വേണ്ടിയാണ് തേങ്ങ ചിരണ്ടുന്നത് ." അമ്മ പറഞ്ഞു. കുറച്ചു നേരം അവൻ അതെടുത്ത് തിന്നുകൊണ്ടിരുന്നു. അപ്പുറത്തേക്ക് ചെന്നപ്പോൾ വല്യച്ഛൻ തേങ്ങ പൊതിക്കുന്നത് കണ്ടു. അവൻ ഓടി അമ്മയുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു: " വല്യച്ഛന്റെ വീട്ടിലും പുട്ടാണോ അമ്മേ ഇന്ന്? അവർ തേങ്ങ പൊതിക്കുന്നത്‌ കണ്ടു." " അവിടെ തോരനോ കൂട്ടാനോ വല്ലതും വയ്ക്കാണയിരിക്കും തേങ്ങ പൊതിക്കുന്നത്, ചമ്മന്തി ഉണ്ടാക്കാനും തേങ്ങ വേണ്ടേ? " അമ്മ പറഞ്ഞു

അവൻ ഓടി മുറ്റത്തു ചെന്നു. അവിടെ ലക്ഷ്മി അമ്മുമ്മ മുറ്റമടിക്കുന്നത് കണ്ടു." ലക്ഷ്മി അമ്മൂമ്മേ, ഈ ചൂലിന്റെ ഈർക്കിൽ എവിടുന്നാ കിട്ടുന്നത്? " അവൻ ചോദിച്ചു. " അത് നിനക്കറിയില്ലേ, തെങ്ങിന്റെ ഓല കീറിയാണ് ചൂലുണ്ടാകുന്നത്." അമ്മൂമ്മ പറഞ്ഞു. പെട്ടെന്ന് അവനൊരു വിളികേട്ടു. ചെന്നു നോക്കിയപ്പോൾ തേപ്പുകാരനാണ്. " അപ്പൂ, അമ്മയോട് രണ്ട് ചിരട്ട തരാൻ പറയൂ" തേപ്പുകാരൻ പറഞ്ഞു. അപ്പു അടുക്കളയിലേക്ക് ഓടി. "അമ്മേ ദേ ആ തേപ്പുകാരൻ ചിരട്ട ചോദിക്കുന്നു. എന്തിനാ അയാൾക്ക് ചിരട്ട? " അപ്പു ചോദിച്ചു. " ചിരട്ട കത്തിച്ച് തേപ്പുപെട്ടിയിലിട്ടാണ് തേക്കുന്നത്." അപ്പു വേഗം ചിരട്ട എടുത്ത് തേപ്പുകാരന്‌ കൊടുത്തു.

"നീ കളിച്ചു ചിരിച്ചു നടക്കുകയാണോ? കുളിച്ച് ഭക്ഷണം കഴിക്കുന്നില്ലേ?" മുത്തശ്ശി ചോദിച്ചു. "കുളിക്കാം മുത്തശ്ശി.. " അപ്പു പറഞ്ഞു. " ആദ്യം വെളിച്ചെണ്ണ പുരടണ്ടേ? " മുത്തശ്ശി ചോദിച്ചു." ഈ വെളിച്ചെണ്ണ എവിടുന്നാ കിട്ടുന്നത് മുത്തശ്ശി?? " അപ്പു ചോദിച്ചു. " തേങ്ങ വെയിലത്ത് വെച്ച് ഉണക്കി കൊപ്രയാക്കി അതാട്ടിയാണ് വെളിച്ചെണ്ണ ഉണ്ടാക്കുന്നത്. അപ്പൂ, നാളേയല്ലെ അമ്പലത്തിൽ നിന്ന് പറ വരുന്നത്? കണ്ണപ്പനെ വിളിച്ച് ചൊട്ടയും കുരുത്തോലയും എടുപ്പിക്കണം. എന്നിട്ട് നമ്മുക്കിവിടെള്ളാം അലങ്കരിക്കണ്ടേ? " മുത്തശ്ശി പറഞ്ഞു. " ഈ തെങ്കുകൊണ്ട് എന്തെല്ലാം ഉപയോഗങ്ങളാണ്!." അപ്പു ചോദിച്ചു. " പിന്നേ? നമ്മുടെ കൽപവൃക്ഷം അല്ലേ തെങ്ങ്. തെങ്ങ് കൊണ്ട് നമുക്ക് ധാരാളം ഉപയോഗങ്ങളുണ്ട്.തെങ്ങിന്റെ തടി ഉപയോഗിച്ചാണ് നമ്മൾ മേശയും കസേരയും ഓക്കെ ഉണ്ടാക്കുന്നത്.തെങ്ങിന്റെ ഓലയും മടലും നമ്മൾ വിറകായിട്ട്‌ ഉപയോഗിക്കും.കരിക്കിൻ വെള്ളം ക്ഷീണം മാറാൻ നല്ലതാണ്. " മുത്തശ്ശി പറഞ്ഞു. സ്കൂളിൽ പോയി മാഷിനോട് ഒന്നുകൂടി വിശദമായി ചോദിച്ചറിയണം . അപ്പു വിചാരിച്ചു. അപ്പു വേഗം ബാഗുമെടുത്ത് ഓടി.

കല്യാണി മഹാദേവൻ
7 സി വി.എച്ച്.എസ്.എസ്. പനങ്ങാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ