വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/സൗജന്യ റേഷൻ

Schoolwiki സംരംഭത്തിൽ നിന്ന്
സൗജന്യ റേഷൻ.

സൗജന്യ റേഷൻ വാങ്ങാൻ വന്നതാണ് ബാർബർ ബഷീർ. കാലത്ത് 10 മണി ആയിട്ടേ ഉള്ളൂ. ലോക്ക്ഡൌൺ ആയതിനാൽ റോഡിൽ ആളുകളും വാഹനങ്ങളും ഇല്ല. റേഷൻ കടക്ക് അടുത്ത് നല്ലആൾക്കൂട്ടമുണ്ട്. കോറോണയുടെ വ്യാപനം തടയുന്നതിന് സർക്കാർ നിർദേശിച്ച അകലത്തിൽ ആളുകളെ നിർത്താൻ വളണ്ടിയർമാർ പാടുപെട്ടു കൊണ്ടിരിക്കുകയാണ്. "എല്ലാവരും ഒരു മീറ്റർ അകലം പാലിച്ചു നിൽക്കണം" എന്നുപറയുമ്പോൾ ആളുകൾ ഒന്ന് അങ്ങോട്ടുമിങ്ങോട്ടും നീങ്ങി നിൽക്കും. അൽപം കഴിയുമ്പോൾ വീണ്ടും അടുത്തടുത്ത് വരും.

ബാർബർക്ക് തന്റെ നാട്ടിലെ ചില സുമനസ്സുകൾ ചേർന്ന് നിർമ്മിച്ചുകൊടുത്ത വീടിന്റെ വിസ്തീർണം അൽപം കൂടുതലുള്ളതിനാൽ അദ്ദേഹത്തിന്റെ കാർഡ് നീലയാണ്. അദ്ദേഹം വളണ്ടിയറോട് ടോക്കൺ ചോദിച്ചു. "നിങ്ങളുടെ കാർഡ് ഏതാണ്?". വളണ്ടിയർ തിരിച്ചുചോദിച്ചു. "നീലയാണ്". വളണ്ടിയർ: നീല ഉച്ചയ്ക്കുശേഷമാണ്. രണ്ടുമണിക്ക് ടോക്കൺ കൊടുക്കും അപ്പോൾ വന്നാൽമതി". അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു വരുന്നത് വളണ്ടിയർ കണ്ടു. പരിചയക്കാരനായ സലീമാണ് വളണ്ടിയർ. "എന്താ ഇക്കാ? ഉച്ചക്ക് ശേഷം കിട്ടുമല്ലോ. പിന്നെ എന്തിനാണ് സങ്കടപ്പെടുന്നത്". ബാർബർ പറഞ്ഞു:" നീ ആരോടും പറയരുത്, എന്റെ വീട്ടിൽ അരി തീർന്നിട്ട് രണ്ടുദിവസമായി. ഇന്ന് കിട്ടുമല്ലോ എന്ന് കരുതി വാങ്ങിയിട്ടില്ല. ഇന്നലെയും മിനിഞ്ഞാന്നും അപ്പുറത്തെ വീട്ടിൽ നിന്ന് കൊണ്ട് തന്ന ചക്ക കൊണ്ട് ഒപ്പിച്ചു. നീ പ്രശ്നമാക്കണ്ട. അവിടെ നിൽക്കുന്ന എല്ലാവരുടെയും കാർഡ് കഴിഞ്ഞിട്ട് അവസാനം എനിക്ക് തന്നാൽ മതി. ഇത് കിട്ടിയാൽ ഇന്ന് ആരോടും കടം വാങ്ങാതെ കഴിഞ്ഞേനെ. നീ ആരോടും പറയരുത്. കൊറോണ പ്രശ്നം വന്ന ശേഷം കയ്യിൽ ഒരു നയാ പൈസയില്ല രോഗവ്യാപനം ഭയന്ന് ആരും കടയിലേക്ക് വരാറില്ല.

സലീമിന് സങ്കടമായി ചോദിക്കേണ്ടിയിരുന്നില്ല എന്ന് കരുതി. നമ്മുടെ നാട്ടിൽ ഇങ്ങനെയും മനുഷ്യരുണ്ടല്ലോ.

"നിങ്ങൾ ഇവിടെ നിൽക്കൂ, ഇവിടെ നിൽക്കുന്നവരിൽ കുറെയാളുകൾ കട തുറക്കുന്നതിന് മുമ്പേ കാത്ത് നിൽക്കുന്നവരാണ്. അതിനിടക്ക് ഒരു നീലക്കാർഡ് വന്നാൽ അവർ പ്രശ്നമുണ്ടാക്കും". സലീം ആശ്വസിപ്പിച്ചു.

"കടക്കാരൻ തരാതിരിക്കുമോ?" അദ്ദേഹംആശങ്ക പ്രകടിപ്പിച്ചു.

"ഒരു അവസരം കിട്ടിയാൽ നിങ്ങളുടെ വിഹിതം ഞാൻ വാങ്ങിത്തരും. ഇത് എന്റെ വാക്കാണ്". സലീം സമാധാനിപ്പിച്ചു. അദ്ദേഹം അപ്പുറത്തേക്ക് മാറി നിന്നു. ടോക്കൺ ഓരോന്നോരോന്നായി വിളിച്ചു കൊണ്ടിരുന്നു. പുറത്തെത്തിയ ഉടനെ അയാൾ വിളിച്ചു പറഞ്ഞു :"സൗജന്യ റേഷനോ? ഇത് എല്ലാ മാസോം കിട്ടുന്നതല്ലേ? എല്ലാമാസും കിട്ട്ണ അരി ഇതിനു പുറമേ വേറെ കിട്ടുംന്ന് ഓരോര്ത്തര് പറയുന്നത് കേട്ടു. ഒലക്ക കിട്ടും. ഒര് മുപ്പത് ഇത് കേട്ട ബഷീറിക്കക്ക് കലികയറി.

"ചേട്ടാ, ഈ സൗജന്യം ആശ്വാസമായി തോന്നാത്തവർ ഇതു വാങ്ങരുത്. അതാണ് മാന്യത. നിങ്ങൾക്കിത് ആശ്വാസമായി തോന്നുന്നില്ലെങ്കിൽ ഒന്നുകിൽ വേണ്ടെന്നു വെക്കണം. അല്ലെങ്കിൽ മറ്റാർക്കെങ്കിലും നൽകണം. ഇതിന് രണ്ട് രൂപയെങ്കിലും വിലയിട്ടിരുന്നെങ്കിൽ 15 കിലോ അരിക്ക് 30 രൂപ കടം വാങ്ങേണ്ട സ്ഥിതിയുള്ളവർ പോലും ഇവിടെ കാത്തു നിൽക്കുന്നവരിലുണ്ട്. അവരുടെ നെഞ്ചിലാണ് നിങ്ങൾ കുത്തുന്നത്. ഇനി ഇതിലേക്ക് കറി വെക്കാനുള്ള സാധനം വാങ്ങാൻ പണമില്ലാത്തതിന്റെ പേരിൽ സർക്കാർ വക കിറ്റ് പ്രതീക്ഷിച്ചു നിൽക്കുന്നവർ പോലുമുണ്ട് ഈ കൂട്ടത്തിൽ. അവരാരെങ്കിലും നിങ്ങളോട് വഴക്കിടുന്നതിന് മുമ്പ് സ്ഥലം വിടുന്നതാണ് നിങ്ങൾക്ക് നല്ലത്".

മത്തായിച്ചേട്ടൻ ഒന്നും മിണ്ടാതെ തന്റെ ഭാഗത്ത് നിൽക്കാൻ ആരെങ്കിലും ഉണ്ടോ എന്ന് ചുറ്റും നോക്കി. തന്റെ പക്ഷം ചേരാൻ ആരുമില്ലെന്ന് മനസ്സിലാക്കിയ അയാൾ ഒരു ഓട്ടോറിക്ഷയിൽ സാധനങ്ങൾ എടുത്തു വെച്ച് സ്ഥലം വിട്ടു. ബഷീറിക്കയെ ഒന്ന് തണുപ്പിക്കാൻ വേണ്ടി രാമു പറഞ്ഞു:

"നിങ്ങൾക്ക് വലിയ പ്രശ്നമൊന്നുമില്ലല്ലോ, കട തുറന്നിട്ടില്ലെങ്കിലും ആളുകളുടെ വീട്ടിൽ ചെന്ന് മുടി വെട്ടിക്കൊടുത്തുകൂടെ അതിനു മറുപടിയൊന്നും പറയാതെ അദ്ദേഹം ഒന്നു ചിരിച്ചു.കൊറോണയെ ഭയന്ന് കട പൂട്ടിയതിന് ശേഷം ഇതു വരെ ഒരുത്തനും തന്നെ വീട്ടിലേക്ക് വിളിച്ചിട്ടില്ലന്ന വിവരം അവനോട് പറഞ്ഞിട്ടെന്ത്? തന്റെ കഷ്ടപ്പാട് അവൻ കൂടി അറിയുന്നതദ്ദേഹത്തിനു പ്രയാസം തോന്നി

12:00മണിയോടടുത്ത് കടയിൽ ആളൊഴിഞ്ഞു. വളണ്ടിയർ സലീം അദ്ദേഹത്തിന്റെ കാർഡുമായി വില്പനക്കാരന്റെ അടുത്തു ചെന്നു. നീല കാർഡ് കണ്ട അദ്ദേഹം "ഇതിനു സമയമായിട്ടില്ല" എന്നു പറഞ്ഞു. പിന്നെയാണ് മുഖത്തേക്ക് നോക്കിയത്. വളണ്ടിയർ ആണെന്ന് കണ്ട അദ്ദേഹം ചോദിച്ചു:" ഈ കാർഡ് എന്താ ഈ നേരത്ത്?

സലീം പറഞ്ഞു:" കാര്യമൊക്കെ പിന്നെ പറയാം, അയാളുടെ കാർഡിലുള്ളതു കൊടുത്തേക്കൂ".അങ്ങനെ അദ്ദേഹത്തിന്റെ വിഹിതം ലഭിച്ചു.

സഞ്ചിയിൽ റേഷൻ സാധനങ്ങൾ വാങ്ങി അദ്ദേഹം തിരിഞ്ഞു നിന്ന് കണ്ണുനീർ തുടച്ചത് സലീം കാണാത്ത പോലെ നിന്നു. റേഷൻ കടക്കാരനും സലീമിനും നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹം അവിടെ നിന്നു നീങ്ങി. സഞ്ചിയും തലയിൽ വെച്ച് അദ്ദേഹം കുറച്ചപ്പുറത്തുള്ള ഒരു കടയിൽ കയറി ഉണക്ക മീനിനു വില ചോദിക്കണം.ആ കടയിൽ മത്തായിച്ചേട്ടൻ സൗജന്യ റേഷൻ 20 രൂപക്ക് കടക്കാരന് വിൽക്കുന്നതും തൊട്ടപ്പുറത്ത് കടക്കാരൻ ബംഗാളിക്ക് 28രൂപക്ക് വിൽക്കുന്നതും കണ്ട് ഒന്ന് നെടുവീർപ്പിട്ടു. ഉണക്കമീനിനുംപൊള്ളുന്ന വിലയാണ്. ചെറിയ ഇനം ഉണക്കൽ മീനിനു തന്നെ നൂറു ഗ്രാമിന് 40 രൂപ വിലയുണ്ട്. മെല്ലെ കടയിൽനിന്ന് ഇറങ്ങുമ്പോൾ തൊട്ടടുത്ത കോഴിക്കടയിൽ നിന്നു ജമാൽ വിളിച്ചു. "ഇക്ക നിങ്ങൾക്ക് സലീം ഇവിടെ കോഴി ഏൽപ്പിച്ചിട്ടുണ്ട്. ഞാൻ ഇവിടെ നിങ്ങൾ വരുന്നത് കാത്തുനിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്ന് രണ്ടു നദികൾ ഉത്ഭവിച്ചു.

സിനാൻ.വി.പി
10 A വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ