വിജ്ഞാനോദയം എൽ.പി.എസ്/അക്ഷരവൃക്ഷം/ഇനി ഞാനെന്തു ചെയ്യും?

Schoolwiki സംരംഭത്തിൽ നിന്ന്
ഇനി ഞാനെന്തു ചെയ്യും?

എന്തൊരു ചൂടാണിവിടെ ? എന്തൊരു നാടാണിത്? ഓ... ഞാൻ മറന്നു .എൻ്റെ പേര് കൊറോണ .ഈ ഭൂമിയിലേക്ക് 2019 ൽ വന്ന കോവിഡെന്ന പുതിയൊരു വൈറസാണ് ഞാൻ.വന്നയുടൻ ഞാൻ ചൈനയിൽ മുഴുവൻ പരന്നു. ചൈനക്കാർ എന്നെ തുരത്താൻ നോക്കിയപ്പോൾ ഞാൻ വിമാനത്തിൽ കയറി ഇങ്ങോട്ടേക്ക് വെച്ച് പിടിച്ചു. അതും ഇവിടെ ഈ ദൈവത്തിൻ്റെ സ്വന്തം നാട്ടിലേക്ക്.വിമാനത്തിൽ നിന്നറങ്ങി നേരെ നടക്കാൻ തുടങ്ങി. നോക്കുന്നിടത്തൊക്കെ പല തരം പോസ്റ്ററുകൾ .എല്ലാത്തിലും ബ്രെയ്ക്ക് ദ ചെയിൻ എന്നെഴുതിയിട്ടുണ്ട്. എനിക്കതിൻ്റെ അർത്ഥം മനസിലായില്ല. പിന്നീട് രണ്ടു പേർ അതിനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടപ്പോഴാണ് അതെന്നെ തുരത്താനുള്ള ഒരു തരം പദ്ധതിയാണെന്ന് മനസിലായത്. എൻ്റെ ആദ്യ പ്ലാൻ ഏതെങ്കിലും ഒരു മനുഷ്യനിൽ പടർന്ന് കയറണം എന്നുള്ളതായിരുന്നു. എന്നാലേ എനിക്ക് നിലനിൽപ്പുള്ളൂ. അങ്ങനെ ഒരു വഴിപോക്കനിൽ ഞാൻ കയറാൻ നോക്കിയതാ.എന്നാൽ നാടുനീളെ ഒരുക്കി വെച്ചിട്ടുള്ള കൈ കഴുകൽ സെൻ്ററുകളിൽ ഒന്നിൽ കയറി ഹാൻ്റ് വാഷുകൊണ്ട് അയാളെന്നെ കഴുകി തുരത്തിക്കളഞ്ഞു. നിരാശനായ ഞാൻ ഒരു എ.ടി.എമ്മിനരികിലെത്തി. അവിടെ രണ്ട് സാനിറ്റെസറുകൾ രണ്ട് സൈഡിലായി വെച്ചിരിക്കുന്നു . പണമെടുക്കാൻ വരുന്നവരൊക്കെ അതിൽ ഞെക്കി കൈകൾ തലോടിക്കൊണ്ടാണ് വരവ്. അതിൻ്റെ മണം തന്നെ എനിക്ക് വെറുപ്പാണ്. അവിടെ നിന്ന് രക്ഷപ്പെട്ട ഞാൻ ഒരു പച്ചക്കറിക്കടയിലാണെത്തിയത്.കടക്കാരൻ്റെ കൈയിലെത്തിയാൽ രക്ഷപ്പെട്ടു. നാട്ടിലെ മുഴുവൻ ജനങ്ങളിലേക്കും പടരാലോ... എന്നാൽ മാസ്ക്കണിഞ്ഞ കടക്കാരൻ ഓരോ മിനുട്ട് കൂടുമ്പോഴും കൈ കഴുകുന്നു . കൊറോണക്കാലം തുടങ്ങിയ ശേഷം അയാളു പയോഗിക്കുന്ന പന്ത്രണ്ടാമത്തെ സോപ്പാണത്രേ ഇത്.... ഇവിടെയും എനിക്കൊരു രക്ഷയുമില്ലല്ലോ.? അപ്പോഴാണെനിക്കോർമ്മ വന്നത് . അടുത്തുള്ള റേഷൻ കടയിൽ എനിക്ക് പറ്റിയ നാലഞ്ചാളെങ്കിലും കാണും. അവിടെയെത്തിയപ്പോളല്ലേ രസം. റേഷൻകടക്കാരൻ കടയിലിരുന്ന് ഉറക്കം തൂങ്ങുന്നു. കാര്യമറിഞ്ഞപ്പോൾ എൻ്റെ സങ്കടം ഇരട്ടിയായി. നാട്ടിലെ നാലഞ്ചാളുകൾ ചേർന്ന് രണ്ടു മൂന്ന് ദിവസം കൊണ്ട് റേഷൻ സാധനങ്ങളൊക്കെ ഓരോരുത്തരുടേയും വീട്ടിലെത്തിച്ചു പോലും..സാമൂഹിക അകലം പാലിച്ച് കേരളത്തിലെ സന്നദ്ധ സേനയിലെ അംഗങ്ങൾ വീണ്ടും എന്നെ തോൽപിച്ചു. ഇനി ഒരേ ഒരു വഴി ഏതെങ്കിലും വീട്ടിലേക്ക് വലിഞ്ഞ് കയറണം എന്നതാണ്.അങ്ങനെ ഞാനൊരു വീട്ടിലെത്തി. ആറു മണിയായതിനാൽ എല്ലാവരും ടീവിയിൽ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണുകയാണ്. ഞാൻ ജനങ്ങളിലേക്കെത്താതിരിക്കാനുള്ള കരുതലുകളെ കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നത്.വീട്ടിലെ വളർത്തുമൃഗങ്ങൾ മുതൽ കാട്ടിലെ കുരങ്ങൻ മാരെ വരെ പരിചരിക്കുമെന്നും അതിഥി തൊഴിലാളികൾ മുതൽ അനാഥർ വരെയുള്ള വർക്ക് ഭക്ഷണം നൽകുമെന്നും അദ്ദേഹം പറയുന്നുണ്ട്. ജാതിക്കും മതങ്ങൾക്കും രാഷ്ട്രീയത്തിനുമപ്പുറം ജനങ്ങളെല്ലാം പരസ്പരം സഹായിക്കുന്നു. ഇതെന്തൊരു നാട് ! ഇതെന്തൊരു ജനങ്ങൾ! എന്നെ പേടിച്ചും പോലീസിൻ്റെ ഡ്രോൺ വരുന്നതു കൊണ്ടും കുട്ടികളും യുവാക്കളൊന്നും ഒത്തുകൂടുന്നില്ല. വയലിലെ കളിയില്ല, പുഴയിലെ കുളിയില്ല . ഇനി ഞാനെന്തു ചെയ്യും? ഇറ്റലിയിൽ നിന്ന് വന്ന എൻ്റെ ചില കൂട്ടുകാർ ഇവിടെയുള്ള രണ്ട് പ്രായമായവരുടെ ശരീരത്തിൽ കഷ്ടപ്പെട്ട് കയറിയതായിരുന്നു. കേരളത്തിലെ മിടുക്കൻമാരായ ആരോഗ്യ പ്രവർത്തകർ പുല്ല് പോലയല്ലേ അവരെ രക്ഷിച്ചെടുത്തത്. ഇവിടെ വന്നിട്ടിത്ര നാളായിട്ടും എനിക്ക് ചുരുക്കം ചിലരെ മാത്രമേ കൊല്ലാൻ കിട്ടിയിട്ടുള്ളൂ.... അതു കൊണ്ടീ കേരള നാട്ടിൽ നിന്നിട്ട് ഇനി കാര്യമില്ലെന്ന് തോന്നുന്നു. ഒറ്റക്കിരുന്ന് ചാവുന്നതിനേക്കാൾ നല്ലത് ഇവിടുന്ന് സ്ഥലം വിടുന്നതാ.. പക്ഷെ എവിടേക്ക് പോകാൻ - സകല യാത്രകളും ഇവർ നിർത്തിയില്ലേ.? ഞാനിവിടെ കിടന്ന് ചാകും...അല്ലെങ്കിൽ ഇവരെന്നെ പിടിച്ചുകെട്ടും - തീർച്ച!!

ധ്യാൻ നന്ദ് ടി
4 വിജ്ഞാനോദയം എൽ .പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ