ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ഓണപ്പാട്ടുകൾ.

കേരളീയരുടെ ദേശീയോത്സവമായ ഓണാഘോഷത്തോടനുബന്ധിച്ച് പാട്ടുകളും കളികളും കലാപ്രകടനങ്ങളും ഉദയം ചെയ്തിട്ടുണ്ട്. ഓണപ്പാട്ടുകളിൽ പ്രായേണ ഓണാഘോഷത്തിന്റെ ഐതിഹ്യങ്ങളും ചടങ്ങുകളുമാണ് വർണിക്കുന്നത്. 'മാവേലി നാടുവാണീടും കാലം' എന്ന നാടോടിപ്പാട്ട് പ്രചുരപ്രചാരമുള്ളതാണ്. ഓണത്തിന് പൂവിടുകയും പൂക്കളം നിർമിക്കുകയും ചെയ്യുമ്പോൾ പൂപ്പാട്ടുകൾ (പൂവിളിപ്പാട്ടുകൾ) പാടിവരുന്നു. അത്യുത്തര കേരളത്തിൽ 'ഓണത്താർ' എന്ന തെയ്യം ഭവനംതോറും വന്നു പാട്ടു പാടി ആടാറുണ്ട്. വണ്ണാന്മാർ പാടിവരുന്ന ഈ പാട്ടിന്റെ ഉള്ളടക്കം മഹാബലിയുടെ കഥയാണ്. ഓണക്കാലത്തു പുള്ളുവരും പാണരും ഭവനങ്ങളിൽ വന്നു പാട്ടു പാടും . ഓണപ്പാട്ടുകൾ പാടിയാൽ അവർക്കു പ്രത്യേക പാരിതോഷികങ്ങൾ ലഭിക്കും . ഓണക്കാലത്തെ വിനോദങ്ങൾക്കു പാടുന്ന പാട്ടുകളും കുറവല്ല. തുമ്പിതുള്ളൽപ്പാട്ടുകളും തലയാട്ടപ്പാട്ടുകളും ഊഞ്ഞാൽപ്പാട്ടുകളും കുമ്മിപ്പാട്ടുകളും മറ്റും ഗ്രാമീണാന്തരീക്ഷത്തിൽ ഇന്നും പ്രചാരത്തിലിരിക്കുന്നു.