റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/പ്രകൃതിമാത

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിമാത
 പ്രകൃതിയുടെ ഓരോ ഇഴകളിലും ഭംഗി  തൂകുന്നുണ്ട് . സൂര്യനാകുന്ന സിന്ദൂരപൂരം പൂശി പൂവിനെ ചിരിപ്പിച്ചെത്തുന്ന പുലരിയിൽ തുടങ്ങി അവസാനമില്ലാത്ത പ്രകൃതി സൗന്ദര്യത്തിൽ മുഴുകിപ്പോവാത്ത ആരുമുണ്ടാവില്ല . ഇന്നോളം ഈ സൗന്ദര്യം മനുഷ്യൻ കാരണം ഊർന്നുപോകുന്നു എന്ന സത്യത്തെ മറച്ച് തന്റെ സൗന്ദര്യ ശോഭയിൽ മൊട്ടുകളിട്ട് വിരിയിപ്പിക്കുകയാണ് പ്രകൃതി . ഒരമ്മ തന്റെ കുഞ്ഞിനെ പ്രസവിക്കുന്നതുപോലെയാണ് പ്രകൃതിയിൽ ഓരോ നാമ്പുകളും മുളയ്ക്കുന്നത് . ആ നാമ്പുകളെ നുള്ളി എറിയാൻ മാത്രം നോക്കുന്ന മനുഷ്യൻ പ്രകൃതി മാതാവിന്റെ വേദന അറിയുന്നില്ല . നല്ല ഗന്ധത്തോടെ തളിർത്ത മരങ്ങളെ തഴുകി ക്ഷീണിച്ചെത്തുന്ന കാറ്റിന്റെ സുഖത്തിൽ മുഴുകിയിരിക്കുമ്പോൾ ഇവയെയാണല്ലൊ താൻ മുറിച്ചുമാറ്റുന്നത് എന്ന് മനുഷ്യൻ ചിന്തിക്കാറില്ല . പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഓരോ നിമിഷവും താൻ അനാഥനാവുകയാണ് എന്ന് ആരും ഓർക്കാറില്ല . കാരണം പ്രകൃതിയുടെ ഒരു ഭാഗം   തന്നെയാണ് മനുഷ്യൻ എന്ന് വിശ്വസിക്കാൻ മനുഷ്യന് സാധിക്കില്ല . നിറപ്പകിട്ടിന്റെ ശോഭയിൽ മുടിയഴിച്ചാടുന്ന പ്രകൃതിയെ കാണാൻ കവികൾക്കും കഥാകൃത്തുകൾക്കും സാധിച്ചില്ലായിരുന്നങ്കിൽ പ്രകൃതി ശോഭ എന്നേ അനാഥമാകുമായിരുന്നു . ഭൂമിയിൽ ഓരോന്നിനും ഓരോ നിയോഗമുള്ളതുപോലെ പ്രകൃതിക്കും ഒരു നിയോഗമുണ്ടാകും .എന്നാൽ പ്രകൃതിയുടെയും മനുഷ്യരുടെയും നിയോഗങ്ങൾ ഒരിക്കലും അവസാനിക്കാറില്ല .പ്രകൃതി വന്നുകൊണ്ടിരിക്കുന്ന തലമുറകൾക്കായി തന്റെ നിയോഗം നീട്ടിവയ്ക്കുമ്പോൾ മനുഷ്യൻ അത് പൂർത്തിയാക്കാതെ പോകുന്നു .പ്രകൃതിയോടുള്ള കടപ്പാട് മനുഷ്യ ജീവിതത്തിലെ ഒരു പ്രധാന കണികയാണ് .മനുഷ്യർ പക്ഷെ അത് ചെയ്യാറില്ല .മനുഷ്യന്റെ ഈ പ്രവണത മൂലം പ്രകൃതിയുടെ ഓരോ ഇറ്റ് കണ്ണുനീരും പ്രകൃതി ദുരന്തമായി മാറുന്നു . ഇനിയുമിത് തുടർന്നാൽ പ്രകൃതിയുടെ പ്രധാന വേരിന് മുറിവ് സംഭവിക്കും .ആ മുറിവിലൂടെ രക്തം വാർന്നുവീഴും ,പിന്നീട് അതുണങ്ങി ഒടിഞ്ഞുവീഴാൻ തുടങ്ങും .......
Jayalekhmi A Nair
9 E റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ്, കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം