രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/മാറ്റേണ്ടത് മലയാളിയുടെ മനസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
മാറ്റേണ്ടത് മലയാളിയുടെ മനസ്സ്

ശുചിത്വം ഒരു സംസ്കാരമാണ്. ഓരോ ജീവിയും അതിന്റെ ചുറ്റുപാടുമുള്ള മറ്റു ജീവികളും പ്രകൃതിയുമായി പരസ്പര ആശ്രയത്തിലും സഹകരണത്തിലും ആണ് ജീവിക്കുന്നത്. ജീവന്റെ തുടർച്ചയ്ക്ക് പ്രകൃതിയുടെ നിലനിൽപ്പും പരിപാലനവും അത്യന്താപേക്ഷിതമാണ്. ഒരു പ്രദേശത്തെ ആവാസവ്യവസ്ഥ നിലനിർത്തേണ്ടതും സംരക്ഷിക്കേണ്ടതും സമൂഹത്തിന്റെ കടമയാണ്. പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്ന ജൈവവൈവിധ്യവും ആവാസവ്യവസ്ഥയും സംരക്ഷിക്കപ്പെടണം എങ്കിൽ നമ്മൾ വ്യക്തികളിൽ ചില ശീലങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്. വ്യക്തിശുചിത്വവും പരിസരശുചിത്വവും ഇവയിൽ പ്രധാനമാണ്.

പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾ യഥാർഥത്തിൽ നമ്മുടെ പൗരബോധത്തിന്റെയും ശുചിത്വ ബോധത്തിന്റെയും ഉൽപ്പന്നങ്ങൾആണെന്ന് നാം തന്നെ ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്. വീടിന്റെ അകം വൃത്തിയാക്കുന്നതിൽ ശ്രദ്ധാലുക്കളായ നാം ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കൂടുകളും അലക്ഷ്യമായി വലിച്ചെറിഞ് എലിക്കും കൊതുകിനും പെരുകാനുള്ള സാഹചര്യം ആണ് ഒരുക്കിക്കൊടുക്കുന്നത്. മാലിന്യ കൂമ്പാരങ്ങൾ സൃഷ്ടിക്കുന്ന പകർച്ചവ്യാധികളും പരിസ്ഥിതിക പ്രശ്നങ്ങളും എല്ലാം നഗരങ്ങളുടെയും പേടിസ്വപ്നങ്ങൾ ആണ്. ആരോഗ്യ വികസന മേഖലയിൽ ഒരു കാലത്ത് മുന്നിലായിരുന്ന സാക്ഷര കേരളമാണ് മലിനീകരണത്തിൽ മുൻപന്തിയിൽ എന്ന് തിരിച്ചറിയാൻ എന്തുകൊണ്ടോ വൈകിയതാണ് നമ്മുടെ സകല ദുരിതങ്ങകും ഉള്ള അടിസ്ഥാന കാരണം എന്ന് ഇപ്പോൾ പൂർണമായി കേരളീയർ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു.

വ്യക്തി ശുചിത്വത്തിൽ ഭാഗമായി ദിവസവും കുളിക്കുകയും നല്ല വസ്ത്രം ധരിക്കുകയും ചെയ്യുന്ന മലയാളി സാമൂഹിക ശുചിത്വം എന്ന പാഠം കൃത്യതയോടെ ഒരിക്കലും പഠിച്ചെടുത്തിരുന്നില്ല. ഭക്ഷണാവശിഷ്ടങ്ങൾ സംസ്കരിക്കുന്നതിന് ഓരോ വീട്ടിലും മണ്ണിരക്കമ്പോസ്റ്റ് പ്രോത്സാഹിപ്പിച്ചാൽ ഒരു പരിധിവരെ ഈ പ്രശ്നം പരിഹരിക്കാം. പ്ലാസ്റ്റിക് വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയാതെ അവ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുക. വീടുകളിൽ ഡ്രെയിനേജ് ക്രമീകരണങ്ങൾ നിർബന്ധമാക്കുന്നത് വളരെ നല്ലതാണ്. ഇത് പരിശോധിക്കുന്നതിനും നിർദേശങ്ങൾ നൽകുന്നതിനും ആരോഗ്യ പ്രവർത്തകരെ ചുമതലപെടുത്തുക. ശുചിത്വം പാലിക്കൂ. ജീവൻ നില നിർത്തൂ. വ്യക്തി ശുചിത്വ ശീലങ്ങൾ ജീവിതചര്യയുടെ ഭാഗമാക്കൂ.


റിഥിൻ പ്രദീപ്
5 A രാമവിലാസം എച്ച് .എസ്.എസ്.ചൊക്ലി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം