മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവിക്കാം പ്രതിരോധിക്കാം ഒറ്റക്കെട്ടായ്

അതിജീവിക്കാം പ്രതിരോധിക്കാം ഒറ്റക്കെട്ടായ്


എന്റെ കൊറോണക്കാല അനുഭവങ്ങൾ ഒരിക്കലും മായാതെ നിൽക്കുന്ന ഒന്നാണ് .എല്ലാം വളരെ പെട്ടെന്നായിരുന്നു. 'ഓർക്കാപ്പുറത്ത് ഒരവധിക്കാലം ' അങ്ങനെ വേണം ഈ കൊറോണക്കാലത്തെ വിശേഷിപ്പിക്കാൻ .എന്റെ ജീവിതയാത്രയിൽ സുവിശേഷമായ സ്ഥാനം ഈ കൊറോണ വൈറസിന് കിട്ടും. അധികം ദീർഘിക്കുന്നില്ല ,തുടക്കം തൊട്ട് ഒടുക്കം വരെ പറയാം ഓർക്കാപ്പുറത്തെ ആ അവധിക്കാല കഥ ... കൊറോണയെ പറ്റി ഞങ്ങളറിയുന്നത് എകദേശം ഡിസംബർ അവസാനമാണ്. പക്ഷെ, ആദ്യം റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലുള്ള ഒരു സമുദ്രോത്പന തൊഴിലാളിക്കാണ്. കൊറോണ എല്ലാ രാജ്യങ്ങളും കീഴടക്കിയോടുമ്പോൾ നമ്മുടെ ഇന്ത്യയെ മാത്രം വെറുതെ വിടുമോ ,കേരളവും കീഴടങ്ങി. ആ ദിവസം ഒരിക്കലും മറക്കാൻ പറ്റില്ല. മാർച്ച് 10 ഒരു ചൊവ്വാഴ്ച . പതിവുപോലെ സ്കൂളിൽ എത്തി. ആ ദിവസം തന്നെ വാർഷിക പരീക്ഷയുടെ സ്കീം തന്നു . വാർഷികാഘോഷം അടുത്തു വരുന്നതു കൊണ്ടു തന്നെ അതിന്റെ പരിശീലനവും നടക്കുന്നുണ്ടായിരുന്നു. സ്കീം കിട്ടിയതിൽ പിന്നെ ഞങ്ങളെല്ലാവരും അസ്വസ്ഥരായിരുന്നു. ഉച്ചഭക്ഷണവും കഴിഞ്ഞ് കൂട്ടുകാരുമൊത്ത് രസിച്ചിരിക്കുകയായിരുന്നു ഡാൻസ് പ്രാക്ടീസും സെന്റോഫും തന്നെയാണ് പ്രധാന ചർച്ചാ വിഷയം. പെട്ടെന്ന് അപ്രതീക്ഷിതമായി "അസംബ്ലി ഗ്രൗണ്ടിൽ എത്തിച്ചേരണം " എന്നു പറഞ്ഞ് ഒരു അനൗൺസ്മെന്റ് വന്നു. എല്ലാവരും അസംബ്ലി ഗ്രൗണ്ടിൽ എത്തിച്ചേർന്നു. പതിവില്ലാത്തതാണ് ഉച്ചയ്ക്ക് ഒരു അസംബ്ലി. എല്ലാവരും അത്ഭുതത്തോടെ നിന്നു. അസംബ്ലിയുടെ ചുരുക്കം ഇതായിരുന്നു - " കൊറോണ വൈറസ് ഭീതി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടാനാണ് തീരുമാനം. അതിനാൽ ഇന്ന് സ്കൂൾ പൂട്ടുകയാണ് " കാര്യം ഇത്രയേ ഉള്ളുവെങ്കിലും ഞങ്ങളെല്ലാവരും കുറച്ചു നേരത്തേക്ക് നിശ്ശബ്ദരായിരുന്നു. ആ രംഗം ഇന്നും എന്റെ മനസ്സിൽ സ്റ്റക്കായ സി.ഡി പോലെ നിന്നു തിരിയുന്നുണ്ട്. ഞങ്ങളെല്ലാവരുടെയും മനസ്സിൽ പലതരം ചിന്തകൾ മുളയ്ക്കാൻ തുടങ്ങി. ഇങ്ങനെയുള്ള ഒരു തീരുമാനമെടുത്താൽ എന്തൊക്കെയാണ് നിശ്ചലമാവുന്നത്? സ്കൂൾ വാർഷികം, വാർഷിക പരീക്ഷ, സ്പോർട്സ്, സെന്റോഫ്, വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ്, ഡാൻസ് പ്രാക്ടീസ് അങ്ങനെ അങ്ങനെ ഒരുപാട്...... ഞങ്ങൾ ഏഴാം ക്ലാസ്സായതുകൊണ്ട് ഞങ്ങൾക്കും പ്രത്യേക യാത്രയയപ്പ് ഉണ്ടാവേണ്ടതാണ്. ഇങ്ങനെ പെട്ടെന്നൊരു അവധി ആരും പ്രതീക്ഷിച്ചില്ല. എപ്പോഴും എവിടെയും കൂടെയുണ്ടാവുന്ന ഒരു കൂട്ടം കൂട്ടുകാരോടൊക്കെ വിട പറഞ്ഞ് ഇത്രവേഗം പോകാനോ, ആർക്കായാലും സങ്കടമില്ലാതിരിക്കുമോ? കൂട്ടുകാരേക്കാൾ ഉപരി , ഞങ്ങൾക്ക് അറിയും, സ്നേഹവും, കരുതലും നൽകി ഞങ്ങളെ സ്വന്തം മക്കളെപ്പോലെ കാണുന്ന അധ്യാപകരോ? ഇത്രയും പ്രതീക്ഷിച്ചില്ല എത്രവേഗമാണ് കാലം പോകുന്നത് ? വിദ്യാലയമാകുന്ന വീട്ടിലെ അംഗങ്ങളായ അധ്യാപകരോടും കൂട്ടുകാരോടും വിടപറഞ്ഞ് ആ വീട്ടിൽ നിന്നിറങ്ങുമ്പോൾ അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു തന്ന ആ തിരുമുറ്റം മാത്രമായിരുന്നു എന്റെ മനസ്സിൽ. അത്രയും ആത്മബന്ധം വിദ്യാലയത്തിനോടും അവിടത്തെ പൂമൊട്ടുകളായ അധ്യാപകരോടുമുണ്ടായിരുന്നു.അവർ പകർന്നു തരുന്ന തേൻ മധുരം എത്ര ഉയരങ്ങളിലെത്തിയാലും മാഞ്ഞു പോകില്ല. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കുറച്ചും ദിവസം കഴിഞ്ഞപ്പോഴേക്കും പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചു. പിന്നീട് ഒക്കെ നിശ്ചലമായി. വൈകാതെ ജില്ലയിലും രോഗം റിപ്പോർട്ട് ചെയ്‌തു. കൊറോണയെന്ന ഭീകരൻ എല്ലായിടവും വേട്ടയാടിക്കൊണ്ടിരിക്കയാണ്, അവന് താങ്ങാവുന്നതൊക്കെ അത് വാരി നിറച്ച് കൊണ്ടിരിക്കുന്നു .എല്ലാം സ്വിച്ച് ഓഫ് ആയി കിടക്കുകയാണ്. പക്ഷെ, ഇതൊക്കെ ഇല്ലാതെ ജീവിക്കാൻ കാലം നമ്മെ പഠിപ്പിക്കുകയാണ്. ഇപ്പോൾ മനുഷ്യൻ " ഉള്ളത് കൊണ്ട് ഓണം ഉണ്ണുകയാണ് " .കൊറോണ വൈറസ് എന്തൊക്കെയാണ് പഠിപ്പിക്കുന്നത് .ലോകത്തിലെ എന്തും വെട്ടിപ്പിടിക്കാൻ ഓടുന്ന മനുഷ്യനെ ഒരു നിമിഷം കൊണ്ട് നിസ്സഹായനാക്കിയത് കണ്ണുകൊണ്ട് പോലും കാണാൻ കഴിയാത്ത ഒരു വൈറസ് .പക്ഷെ, ഈ അവധിക്കാലത്ത് ഭീതിയില്ലാതെ ജാഗ്രതയോടെ ഇരിക്കാനാണ് സർക്കാർ നമ്മോട് ആവശ്യപ്പെടുന്നത്. ഈ കൊറോണക്കാലത്തും സ്വന്തം ജീവിതം വരെ മാറ്റി വച്ച് തന്റെ ദൗത്യം പൂർത്തിയാക്കുകയാണ് ആരോഗ്യ പ്രവർത്തകരും പോലീസുകാരും രാപ്പകൽ ഭേദമന്യേ സ്വന്തം നാടിനു വേണ്ടി പ്രവർത്തിക്കുകയാണ് അവർ .നിർഭയത്തോടെ ജാഗ്രതയോടെ അതിജീവിക്കാം പ്രതിരോധിക്കാo ഒറ്റകെട്ടായ് ഈ കൊറോണ വൈറസിനെ .........

ലക്ഷ്മി നന്ദ .കെ
7 D മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ