മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/വിനോദ സഞ്ചാരം,വെല്ലുവിളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
വിനോദ സഞ്ചാരം,വെല്ലുവിളികൾ

വിവാദങ്ങൾ നിരവധി സൃഷ്ടിക്കുകയും ഇപ്പോഴും സൃഷ്ടിച്ച കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു വിഷയമാണ് വിനോദ സഞ്ചാരവും പാരിസ്ഥിതിക പ്രശ്നങ്ങളും. ലോക ജനതയുടെ ഒരു വൈകാരിക പ്രശ്നമല്ല, ഇന്ന് ഈ പരിസ്ഥിതി പ്രശ്നങ്ങൾ. ഇത് സൃഷ്ടിക്കുന്ന കെടുതികൾ അത്ര ചെറുതല്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. 1960 കളിൽ ആണ് ലോകം പാരിസ്ഥിതിക പ്രശ്നങ്ങളും മായി ബന്ധപ്പെടുത്തി വിനോദസഞ്ചാരത്തെ ശ്രദ്ധിച്ചു തുടങ്ങിയത്. പ്രകൃതി സന്തുലന പ്രക്രിയയിൽ അധിഷ്ഠിതമാണ്. മരവും മണ്ണും പാറയും ഒക്കെ പ്രത്യേക അനുപാതത്തിൽ ചേർന്നൊരുങ്ങി നിൽക്കുന്ന പ്രകൃതിയിൽ മനുഷ്യൻ ഏൽപ്പിക്കുന്ന ഏതു പ്രശ്നവും ഭാവിയിൽ ഗുരുതരമായ ഭവിഷ്യത്തുണ്ടാക്കും. ഓരോ വിനോദ സഞ്ചാര കേന്ദ്രത്തിനും വാഹക ശേഷിയുണ്ട്. നിശ്ചിത ദിവസം നിശ്ചിത വിനോദസഞ്ചാരികളെ മാത്രമേ ഓരോ കേന്ദ്രത്തിലും ഉൾക്കൊള്ളാൻ കഴിയൂ.

വിനോദസഞ്ചാരത്തെ കുറിച്ച് കേരളത്തിൽ മാത്രമല്ല, ലോകരാജ്യങ്ങളിൽ എല്ലാം വ്യത്യസ്ത കാഴ്ചപ്പാടുകൾ ആണ് നിലനിൽക്കുന്നത്. ഗുണം പറയുന്നവർക്കും ദോഷം പറയുന്നവർക്കും ഒരു പോലെ പറയുവാൻ നിരവധി വസ്തുതകൾ ഉണ്ട്. അവ പഠിച്ചു വിലയിരുത്തുന്ന ഗ്രന്ഥങ്ങളും ഇന്നുണ്ട്. വിനോദസഞ്ചാരം നല്ലതാണ്. അറിവ് പകരാനും ലോകജനതയെ അറിയാനും ഉതകുന്ന ഒന്ന്. ഭൂമിയുടെ ചടുലവും സുന്ദരവുമായ അവസ്ഥ നേരിട്ട് കാണുക എന്നത് വിസ്മയവും, അനുഭൂതിയും ഉണ്ടാക്കുന്നതാണ്. പ്രകൃതിയുടെ വിചിത്ര പ്രതിഭാസം കാണുമ്പോൾ 'അഹം' പൊളിക്കാനുള്ള ബോധവും സഞ്ചാരിക്ക് ഉണ്ടാകുന്നു. മറ്റു നാടുകളുടെ സംസ്കാരം തൊട്ടറിയുക, ജനതയുടെ സ്വഭാവങ്ങൾ നേരിൽ അറിയുക എന്നതെല്ലാം നന്മയുടെ വശങ്ങൾ തന്നെ. എന്നാൽ ഇതിനപ്പുറം സഞ്ചാരികൾ ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ നിർണായകം ആയിട്ടുണ്ട്. ഇങ്ങനെ വരാൻ കാരണം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായ പെരുപ്പം ആണ്. ദമ്പതികളുടെ വിനോദയാത്ര കൂടിയതും വിനോദസഞ്ചാരത്തിന് പ്രാധാന്യം വർദ്ധിപ്പിച്ചു. പാരിസ്ഥിതിക പ്രശ്നങ്ങളും കൂടി. ഇത്തരം കാര്യങ്ങളിലേക്ക് ആണ് ഈ ഉപന്യാസം വിരൽചൂണ്ടുന്നത്. രണ്ടു തരം വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉണ്ട്:
വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രകൃതിദത്തമായ കേന്ദ്രങ്ങളാണ് ഒന്നാമത്തേത്. രണ്ടാമത്തേത് മനുഷ്യൻ നിർമ്മിച്ച കേന്ദ്രങ്ങൾ. തീരപ്രദേശങ്ങൾ, മലരണികാടുകൾ, വരയാടുകൾ വിഹരിക്കുന്ന മൂന്നാർ കേന്ദ്രങ്ങൾ, നീലക്കുറിഞ്ഞികൾ പൂക്കുന്ന താഴ്‌വരകൾ ഇതെല്ലാം പ്രകൃതിജന്യ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. എന്നാൽ തേക്കടിയും താജ്മഹലും മനുഷ്യനിർമ്മിത വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. പ്രകൃതിജന്യ കേന്ദ്രങ്ങൾ നശിക്കാൻ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാവാൻ വളരെ കുറച്ച് വസ്തുതകൾ മതി. വിനോദസഞ്ചാരികൾ വലിച്ചെറിയുന്ന ക്യാരിബാഗുകൾ, ഭക്ഷണാവശിഷ്ടങ്ങൾ, വേഗത്തിൽ നശിക്കാത്ത തുണികൾ, തുടങ്ങി എന്തും ആ സ്ഥലങ്ങളുടെ നിർമലത കളയും. അവിടം നാശത്തിലേക്ക് പോകുകയും ചെയ്യും. ധാരാളം ജനങ്ങൾ( വാഹക ശേഷിക്ക് അപ്പുറം എത്തുകയാണെങ്കിൽ ) ഉപയോഗിച്ച് തള്ളുന്ന വസ്തുക്കൾ ടൺ കണക്കിന് വരും. അവ ദഹിപ്പിക്കുക യാണെങ്കിലും, കുഴിച്ചിടുകയാണെങ്കിലും, പുനരുപയോഗിക്കുകയാണെങ്കിലും എന്ത് ചെയ്തിട്ടാണെങ്കിലും പാരിസ്ഥിതിക സന്തുലനാവസ്ഥ സൃഷ്ടിച്ചില്ലെങ്കിൽ വർഷങ്ങൾ കഴിയുമ്പോൾ അവിടം നശിക്കും. ചരിത്ര- പുരാവസ്തുക്കളുടെ കാര്യത്തിലും ഇതാണ് സംഭവിക്കാൻ പോകുന്നത്. മനുഷ്യദത്തമായ വിനോദസഞ്ചാരകേന്ദ്രങ്ങൾ അങ്ങനെ നശിക്കുകയില്ല. ഇത്തരം മുഖശോഭ നഷ്ടപ്പെടുത്തുന്ന ചിലതെങ്കിലും മുന്നിൽകണ്ട് ആയിരിക്കും അവയുടെ നിർമ്മാണം. വിനോദസഞ്ചാരത്തിന്റെ മുഖച്ഛായ മാറുകയാണ്.
കേരളത്തിന്റെ കാര്യം എടുക്കാം. വിദേശ ടൂറിസ്റ്റുകൾ കേരളത്തിൽ വരുന്നത് ഏറെയും പ്രകൃതിജന്യമായ കേന്ദ്രങ്ങൾ സന്ദർശിക്കാനാണ്. കേരളത്തിന്റെ ഹരിതാഭയിൽ മനം മയങ്ങാനും, ഇത്തിരി ശുദ്ധ വായു നുണയാനുമാണ് . പണ്ടു വിദേശികൾ തിര കണ്ടും, കൊടുമുടി കണ്ടും, കായൽ കണ്ടും മടങ്ങി ഇരുന്നെങ്കിൽ, ഇന്നത്തെ സഞ്ചാരി പ്രകൃതിവിഭവങ്ങളുടെ നേർക്കാഴ്ചക്ക് പ്രാധാന്യം നൽകുന്നു. ജല യാത്ര മാത്രം നടത്തുന്നതിനും ക്ഷേത്രങ്ങൾ, പള്ളികൾ എന്നിവ കാണുന്നതിനും അവർ ശ്രദ്ധ വയ്ക്കുന്നു. കേരളത്തിലും പല സമയത്തും വാഹക ശേഷി കവിഞ്ഞു വിനോദസഞ്ചാരികൾ വരാറുണ്ട്. വിനോദസഞ്ചാരികൾ എത്തുന്നതിനു നമ്മുടെ കാഴ്ചപ്പാട് ഭാരതത്തിന് പുറത്തുള്ളവർ എന്നായിരുന്നു. തദ്ദേശീയരും വിനോദസഞ്ചാരികൾ തന്നെ- ഒരു പ്രദേശത്ത് വിനോദസഞ്ചാരമായി ബന്ധപ്പെട്ട് വരുമ്പോൾ. ഇനി കേരളത്തെ സംബന്ധിച്ചിടത്തോളം വിനോദസഞ്ചാരം വരുത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം. പ്രധാനമായും ആരോപിക്കുന്ന വിശേഷങ്ങൾ ഇതൊക്കെയാണ്: പ്രകൃതിജന്യമായ സ്ഥലങ്ങൾ മാലിന്യ കൂമ്പാരങ്ങൾ നിറഞ്ഞതാണ്. അത്തരം പ്രദേശങ്ങളുടെ സഹജ ശോഭ നഷ്ടപ്പെടുന്നു. വിനോദസഞ്ചാരികൾ ഉപയോഗിക്കുന്ന വസ്തുക്കൾ വലിച്ചെറിയുമ്പോൾ ഓരോ സ്ഥലത്തും അവ ടൺ കണക്കിനു വർദ്ധിക്കുന്നു. അവയെ സംസ്കരിക്കാനോ ഒഴിവാക്കാനോ ഇടമില്ലാതെ വരുമ്പോൾ ആ സ്ഥലം മലിനമാകുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉള്ള റോഡ് നിർമാണവും അനുബന്ധ കാര്യങ്ങളും ഉയർത്തുന്ന പ്രശ്നങ്ങളാണ് മറ്റൊന്ന്. നൈസർഗ്ഗിക സൗന്ദര്യത്തിന് കേടു വരത്തക്കവിധം ഉള്ള റോഡ് നിർമ്മാണങ്ങൾ ഏറെ പാരിസ്ഥിതികപ്രശ്നങ്ങൾ വിളിച്ചു വരുത്തുന്നുണ്ട്. വൃക്ഷങ്ങൾ മുറിച്ചു മാറ്റുക, സന്തുലനാവസ്ഥയ്ക്ക് ഭംഗം വരത്തക്കവിധം റോഡുകളുടെ ഇരുവശത്തും അപ്പാർട്ട്മെന്റുകൾ തീർക്കുക, അവിടം പ്ലാസ്റ്റിക് പോലുള്ള വസ്തുക്കളാൽ മലിനമാക്കുക എന്നിവ വൻ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവയാണ്. പ്രകൃതിജന്യമായ സ്ഥലത്ത് ഡീസലും, പെട്രോളും കത്തുമ്പോൾ ഉണ്ടാകുന്ന പുകയും പ്രശ്നങ്ങൾ ആവിർഭവിക്കുന്നുണ്ട്. വൻതോതിലുള്ള ഭൂവിനിയോഗം ആണ് വിനോദസഞ്ചാരം ഉയർത്തുന്ന വലിയ പരിസ്ഥിതി പ്രശ്നം. അതിന്റെ ഭാഗമായി കുടിയൊഴിപ്പിക്കൽ, ഇടിച്ചു നിരത്തൽ മുതലായവ വേണ്ടിവരുന്നു. ജൈവവൈവിധ്യ നാശവും പരമ്പരാഗത തൊഴിൽ മേഖലയുടെ തകർച്ചയും സംജാതമാകുന്നു.
ഉദാഹരണമായി ബേക്കൽ ടൂറിസം പദ്ധതി തന്നെ എടുക്കാം. അത് നടപ്പാക്കുമ്പോൾ ബേക്കലിലെ മത്സ്യബന്ധനം തകരുന്നു. ഭൂമിക്ക് വർത്തനവ്യതിയാനം സംഭവിക്കുന്നു. ഭൂവിനിയോഗം പരിസ്ഥിതി പ്രശ്നം ഏറെ സൃഷ്ടിക്കുന്നത് ഗോൾഫ് ടൂറിസത്തിലാണ്. വിനോദസഞ്ചാരത്തിന്റെ എല്ലാ ഗുണവും സംജാതം ആകണമെങ്കിൽ ഗോൾ കളിക്കാനുള്ള ഗ്രൗണ്ട് വേണം. നാലു ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള സ്ഥലമാണ് ഗ്രൗണ്ടിന് ഒരുക്കേണ്ടത്. രാസവളം ഉപയോഗിച്ച് പുല്ല് വളർത്തണം. കീടനാശിനികൾ തളിച്ചു സംരക്ഷിക്കണം. ഇത് വൻ പരിസ്ഥിതി പ്രശ്നം സൃഷ്ടിക്കാൻ കാരണമാകും. ഗോൾഫ് മൈതാനം ഉള്ള എല്ലാ സ്ഥലങ്ങളും പാരിസ്ഥിതിക പ്രശ്നം അനുഭവിക്കുന്നുണ്ട്. പരിസ്ഥിതി പ്രവർത്തകർ ഈ സ്ഥലത്തിനു 'ഹരിത മരുഭൂമി' എന്നാണ് പേരിട്ടിരിക്കുന്നത്. ഇത്തരം ലാഭകരമല്ലാത്ത വിനോദ സഞ്ചാര രീതികൾ ഒഴിവാക്കിയാൽ ലോക വിനോദസഞ്ചാര മേഖലയിൽ കേരളം വരുകയുമില്ല.

വിനോദ സഞ്ചാരത്തിന്റെ വളർച്ചയ്ക്ക് വേണ്ടത്ര പ്രാധാന്യം നൽകിയും അതിനു പുതിയ ദിശാ സ്വഭാവം നൽകിയും പരിസ്ഥിതി പ്രശ്നങ്ങൾ ഒഴിവാക്കാം. ചെറിയ കെട്ടിടങ്ങൾ- പ്രകൃതിയോടിണങ്ങുന്നവ- നിർമ്മിച്ചും വഴിയോരങ്ങളുടെ നൈസർഗിക സൗന്ദര്യത്തോടെ സൂക്ഷിച്ചും, പ്ലാസ്റ്റിക് കർശനമായി നിയന്ത്രിച്ചും വിനോദസഞ്ചാരത്തെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ മെച്ചപ്പെടുത്താം.

സംയുക്ത ബാബു
9 G മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം