മോഡൽ റെസിഡൻഷ്യൽ സ്കൂൾ അട്ടപ്പാടി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ അട്ടപ്പാടി മേഖലയിൽ മുക്കാലി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. പട്ടിക വർഗ്ഗ വികസന വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇത്. ഇത് ഒരു മാതൃക ആശ്രമ വിദ്യലയമാണ്.
അട്ടപ്പാടി മേഖലയിലെ പട്ടികവർഗ്ഗ വിഭാഗത്തിലെ പെൺകുട്ടികളുടെ സാമൂഹിക ഉന്നമനത്തിനായി കേരള സർക്കാർ പട്ടിക വർഗ്ഗ വികസന വകുപ്പിനുകീഴിൽ ആരംഭിച്ച അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്കൂൾ 1997 ൽ ചിണ്ടക്കിയിൽ താൽക്കാലിക കെട്ടിടത്തിൽ യു. പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കുന്ന 35 പേർക്ക് അഞ്ചാം ക്ലാസ്സിലേക്ക് പ്രവേശനം നൽകിവരുന്നുണ്ട്. യു. പി സ്കൂളായി പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയം 2000 ത്തിൽ ഹൈസ്കൂളായി ഉയർത്തി. 2008 ൽ മുക്കാലിയിൽ 25 ഏക്കർ സ്ഥലത്ത് നിർമ്മിച്ച സ്വന്തം കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. 2018-19 അദ്ധ്യയനവർഷം മുതൽ ഹയർസെക്കന്ററി കോഴ്സ് ആരംഭിച്ചു. ഓരോ അദ്ധ്യയനവർഷവും സയൻസ് ഗ്രൂപ്പിൽ ( ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് ) 50 പേർക്കും ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ ( ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി ) 50 പേർക്കും പ്രവേശനം നൽകിവരുന്നുണ്ട്. അട്ടപ്പാടി മേഖലയിലെ 100 കുട്ടികൾക്ക് പ്ലസ് വൺ കോഴ്സിന് പ്രവേശനം നൽകാൻ കഴിയുന്നു എന്നത് ഏറെ അഭിമാനകരമാണ്. ഈ വിദ്യാലയത്തിൽനിന്ന് ഓരോ വർഷവും എസ്. എസ്. എൽ. സി കഴിഞ്ഞ് 35 കുട്ടികളും ഹയർസെക്കന്ററി കോഴ്സ് കഴിഞ്ഞ് 100 കുട്ടികളുമാണ് പുറത്തിറങ്ങുന്നത്. ഹയർസെക്കന്ററി വിഭാഗത്തിൽ സ്ഥിരം അദ്ധ്യാപകരെ ലഭിക്കുന്നതുവരെ കരാർ/താൽക്കാലിക വ്യവസ്ഥയിൽ അദ്ധ്യാപകരെ നിയമിച്ച് കുട്ടികൾക്ക് മെച്ചപ്പെട്ട പഠനസൗകര്യം ഒരുക്കുന്നുണ്ട്.
പാലക്കാട് ജില്ലാ കളക്ടർ ചെയർമാനും അട്ടപ്പാടി ഐ. ടി. ഡി. പ്രോജക്ട് ഓഫീസർ കൺവീനറുമായുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയാണ് സ്കൂളിന്റെ മേൽനോട്ടം വഹിക്കുന്നത്. കൂടാതെ സ്ഥലം എം. എൽ. എ ചെയർമാനായുള്ള ഒരു ഉപദേശകസമിതിയും പ്രവർത്തിക്കുന്നുണ്ട്. പി. ടി. എ യുടെ മഹത്തായ പ്രവർത്തനവും കാര്യക്ഷമമായ ഇടപെടലുകളും സ്കൂളിന്റെ ഉയർച്ചക്കും കുട്ടികളുടെ ഉന്നതവിജയത്തിനും കൂടുതൽ സഹായകരമാകുന്നുണ്ട്. കുട്ടികളുടെ താമസം, ഭക്ഷണം, യൂണിഫോം, കുട, ബാദ്, ബുക്ക് & സ്റ്റേഷനറി മുതലായവയെല്ലാം സർക്കാർ സൗജന്യമായി നൽകിവരുന്നു. വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ അദ്ധ്യാപക ജീവനക്കാർ അക്കാദമികകാര്യങ്ങളും പട്ടിക വർഗ്ഗ വികസന വകുപ്പിൽ നിന്നുള്ള സീനിയർ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അനദ്ധ്യാപക ജീവനക്കാർ സ്കൂളിന്റെ മറ്റ് ഭരണകാര്യങ്ങളും നിർവ്വഹിച്ചുവരുന്നു.