മാർ തോമ എൽ പി എസ് കീരംപാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കീരംപാറ എം റ്റി എൽ പി സ്കൂൾ

സുവിശേഷപ്രചരണാർത്ഥം കീഴില്ലത്തുനിന്നും ചേലാട്ടിൽ വന്നു പ്രവർത്തിച്ചു കൊണ്ടിരുന്ന മാർത്തോമ്മാ സുവിശേഷകനായ ശ്രീ : തോട്ടുങ്കൽ പൈലിയും അദ്ദേഹത്തോടൊപ്പം സ്ഥലവാസികളായ തേക്കുംകുടി ,ദാവീദ് അതിരമ്പുഴ വർഗീസ് എന്നിവരും മാർത്തോമ്മാ സഭയുടെ ഉന്നമനത്തിനായി അത്യുത്സാഹികളായി പ്രവർത്തിച്ചു.

ഹരിജൻ വിഭാഗത്തിൽ നിന്നും ക്രിസ്തുമാർഗ്ഗം സ്വീകരിച്ചതിനാൽ സവർണ്ണ ഹിന്ദുക്കളിൽ നിന്നും പീഡനം അനുഭവിക്കേണ്ടി വന്നവരെ അഭയം കൊടുത്ത് താമസിപ്പിക്കുന്നതിനും ആരാധനയ്ക്ക് കെട്ടിടം പണിയുന്നതിനുമായി ഊഞ്ഞാപ്പാ റയിലുള്ള സ്ഥലം വാങ്ങിച്ചു. ആരാധനയ്ക്കും സ്കൂൾ നടത്തിപ്പിനുമായി പ്രതികൂലസാഹചര്യങ്ങളിൽ അശ്രാന്ത പരിശ്രമം ചെയ്ത് ഒരു കെട്ടിടം ഉണ്ടാക്കി.സ്കൂളിൻറെ പണിക്ക് വേണ്ടി ശ്രീ തേക്കുംകുടി ദാവീദിന്റെ നേതൃത്വത്തിൽ പൊതു സഭാംഗങ്ങൾ ആയി താമസിച്ചിരുന്ന പതിനെട്ടോളം കുടുംബാംഗങ്ങൾ അത്യദ്ധ്വാനം ചെയ്തു . 1096 ൽ ( M.E) സ്കൂൾ പ്രവർത്തനം ആരംഭിച്ചു.താമസിയാതെ യാക്കോബായ സഭ വക ഒരു  സമാന്തര പ്രൈമറി സ്കൂൾ ഇതിനടുത്ത് തന്നെ പ്രവർത്തനമാരംഭിച്ചു.മൂന്നും നാലും ക്ലാസ്സുകൾ ആരംഭിച്ച് പ്രവർത്തനം നടത്തുവാൻ ഗവൺമെൻറ് നിന്നും അനുവാദവും വാങ്ങിച്ചു . അനന്തര വർഷങ്ങളിൽ രണ്ട് സ്കൂൾ കാരും അവരവരുടെ നിലനിൽപ്പിനായി ഒരു ശീതസമരം ആരംഭിച്ചു.ഒടുവിൽ ഗവൺമെൻറിൻറെ തീരുമാനപ്രകാരം ഒന്നും രണ്ടും ക്ലാസുകൾ ഉള്ള അർദ്ധ പ്രൈമറി സ്കൂൾ മാർത്തോമ കാർക്കും മൂന്നും നാലും ക്ലാസ്സുകൾ യാക്കോബായ കാർക്കും അനുവദിച്ച ഈ സമരം അവസാനിപ്പിച്ചു.തുടർന്നുള്ള വർഷങ്ങളിൽ അന്യോന്യം സഹകരിച്ചും സന്മനോഭാവത്തോടും പെരുമാറി വരികയാണ്. കൊല്ലവർഷം 1113-ൽ ശ്രീ. ഒ എ ഏബ്രഹാം ഹെഡ്മാസ്റ്റർ ആയിരിക്കുമ്പോൾ ക്ലാസ്സുകളിൽ ഡിവിഷൻ വർധിപ്പിക്കേണ്ട സാഹചര്യമുണ്ടായി .സ്ഥലപരിമിതി ആയാലും സാമ്പത്തിക പരാധീനതയാലും മറ്റും ഡിവിഷൻ സൗകര്യം കൂട്ടാതിരിക്കുമ്പോൾ  അന്നത്തെ ഇൻസ്പെക്ടർ മി: രങ്കസ്വാമി,ഡിവിഷൻ കൂട്ടുകയോ അല്ലാത്തപക്ഷം യാക്കോബായക്കാരുടെ സ്കൂളിൽ ഒന്നും രണ്ടും ക്ലാസുകൾ അനുവദിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിച്ചു.ഈ സമയത്ത് ഇടവകക്കാർ ചിലർ തെക്കൻ ഇടവകകളിൽ പോയി സുവിശേഷ സംഘത്തിൻറെ അനുവാദപ്രകാരം പണപ്പിരിവ് നടത്തി.സ്ഥലവാസികളുടെ യും ഈ ഇടവകയിലെ സാധുക്കളായ ആളുകളുടെയും അശ്രാന്ത പരിശ്രമത്താൽ 45 അടി നീളമുള്ള ഒരു കെട്ടിടം കൂടി നിർമ്മിച്ച് ക്ലാസുകൾ നടത്തി. പ്രാരംഭ കാലങ്ങളിൽ ഇവിടെ സേവനം ചെയ്തിട്ടുള്ള അധ്യാപകരുടെ സ്ഥിരോത്സാഹവും സേവനതൃഷ്ണയും സ്ഥലവാസികളുടെ മുക്തകണ്ഠമായ പ്രശംസക്ക് പാത്രം ആയിട്ടുണ്ട്.ഒന്നും രണ്ടും ക്ലാസ്സുകളിൽ നന്നാലു ഡിവിഷനുകളും  മുന്നൂറിൽപ്പരം വിദ്യാർഥികളും ഉണ്ടായിരുന്നു.ഇതുവരെ ഈ സ്ഥലത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക മാർഗ്ഗം ഈ സ്കൂൾ മാത്രമായിരുന്നു. പണ്ട് ഷിഫ്റ്റ് സമ്പ്രദായത്തിൽ രാവിലെ മൂന്ന് ഡിവിഷനുകൾ ഉള്ള ഒന്നാം ക്ലാസ്സും ഉച്ചകഴിഞ്ഞ് നാല് ഡിവിഷനുകൾ ഉള്ള രണ്ടാം ക്ലാസും ആണ് നടത്തിക്കൊണ്ടിരുന്നത്.രാവിലെയും ഉച്ചയ്ക്കും പ്രാർത്ഥനയോടെ ക്ലാസുകൾ ആരംഭിക്കുകയും പ്രത്യേക സന്ദർഭങ്ങളിൽ കുട്ടികൾക്ക് പാട്ടും വേദപഠനവും നടത്തുകയും ചെയ്യാറുണ്ട്.ബാല ശുശ്രൂഷ പ്രവർത്തകരും സുവിശേഷകരും കുട്ടികൾക്ക് വേണ്ടി പ്രത്യേകം യോഗങ്ങൾ നടത്താറുണ്ട്.സ്ഥലവാസികൾ ഈ സ്കൂളിൻറെ നന്മയിൽ അതീവ തൽപരരാണ്.ഇപ്പോൾ ടീച്ചർ ഇൻ ചാർജ് ആയി ശ്രീമതി അനിത തോമസ് , റീമ എബ്രഹാം എന്നിവർ പ്രവർത്തിച്ചുവരുന്നു.