ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്/അക്ഷരവൃക്ഷം/മുറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
മുറിവ്

മുറ്റത്തെ മാവിൽ നിന്നും മാങ്ങകൾ ഓരോന്നായ് പൊഴിഞ്ഞുവീഴുകയാണ്.സുരേന്ദ്രൻ ഫോൺ വിളിയിൽ മാത്രമായ് ഒതുങ്ങി.ചാരുകസേരയിൽ നിന്ന് ബുദ്ധിമുട്ടിയാണ് നാരായണൻ എഴുന്നേറ്റത്.തന്റെ വീൽ ചെയറിൽ എങ്ങനെയോ കയറിപ്പറ്റി.വയസ്സ് എൺപത് ആയില്ലേ.അതിന്റേതായ ചില ലക്ഷണങ്ങൾ കണ്ടുവന്നിട്ട് ഇപ്പോൾ വർഷം ഇരുപത്തിരണ്ടായി.ഓർമ്മക്കുറവും വിടാതെ പിന്നാലെ വന്നു.ചോറും കറിയും വെക്കാൻ രമണിക്കും വയ്യ.കാൽ മുട്ടിന് വേദന.നടു വളഞ്ഞും.ദിവസവും വേലക്കാരിയുടെ തോളിൽപ്പിടിച്ചാണ് ഓരോ കാര്യങ്ങളുടെയും പോക്ക്.ഇപ്പോൾ അതും മുടങ്ങി.പോരാഞ്ഞ് രണ്ട് ദിവസത്തേക്ക് ലീവ് വേണം.നാട്ടിൽ പോയിട്ട് വരാം.സുരേന്ദ്രൻ വന്ന് എല്ലാം നോക്കിക്കൊള്ളും എന്ന സമ്മതപത്രവും.ആർക്ക് കേൾക്കാൻ?ആർക്ക് വായിക്കാൻ?പേരിന് ഒരാൾ.ആദ്യത്തെ ദിവസം അവരെ സന്തുഷ്ടരാക്കിയത് എന്തർത്ഥത്തിലാണ് എന്ന് ഇനിയും മനസ്സിലാക്കാൻ കഴിയാത്ത വിധം നിഗൂഢമായിരിക്കുന്നു.തൃപ്തിയായ് എന്ന ഇരുവരുടെയും വാദങ്ങൾ ചവറ്റുക്കുട്ടയിലേക്ക് വലിച്ചെറിഞ്ഞതിന് തുല്യമല്ലേ ഇന്നലെ എന്റെ കണ്ണുകൾ സാക്ഷ്യം വഹിച്ചത്?പോകും നേരം മാവിന്റെ ദാഹമകറ്റാൻ വെള്ളം ഒഴിച്ചുക്കൊടുക്കുന്നു.പക്ഷെ അതിന്റെ അടുത്തായ് പൂത്ത നിന്ന എന്നെ കാണാത്തത് എന്തുക്കൊണ്ടാണ്?അടുത്ത ദിവസം നേരത്തെ വരാം എന്ന വാക്ക് ഉടച്ചുക്കളഞ്ഞില്ലേ.....

തന്റെ ഇത്തിരിപ്പോന്ന സ്ഥലത്തെ മാവിലേക്കാണ് നാരായണന്റെ നോട്ടം.പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്.പക്ഷെ ഇന്നലെ ഞാൻ നിസ്സഹായയായ് മൂകയായ് നിലകൊണ്ടു.വെറുമൊരു ചെമ്പകപ്പൂവല്ലേ.... ഫോൺ വിളി ഉയർന്നു. "സുരേന്ദ്രനാണ്" "ആ പറ സുരേന്ദ്രാ..എത്ര നേരായ് കാത്ത് നിക്ക്ന്ന് നമ്മള്?ഒന്ന് വേഗം വാ.വെശക്ക്വാ.” സുരേന്ദ്രന്റെ പരുങ്ങൽ നാരായണേട്ടൻ ഊഹിച്ചെടുത്തു. "ന്താ നീയി പരുങ്ങണേ.?” "ഓ അത് ...ചെറിയ്യ പ്രശ്നം...” "ന്താ ?ന്താ കാര്യംന്ന്..?"അയാൾ പരിഭ്രാന്തിയിൽ ശ്വാസം മുട്ടി. "അത്...നാട്ടിലിപ്പോ ഈ വൈറസില്ലേ...അതിന്റെ ജാഗ്രതയ്ക്ക് വേണ്ടീറ്റാ...അത് പിന്നെ" സുരേന്ദ്രന്റെ തപ്പിതട‍ഞ്ഞുള്ള മറുപടി അയാൾക്ക് സഹിക്കാൻ കഴിഞ്ഞില്ല .ആവി വെന്ത് പൊങ്ങി. "അതോണ്ടൊന്നൂല്ലാ....കർഫ്യുവാ കർഫ്യു..ന്ന് വെച്ചാൽ ആരും പുറത്തിറങ്ങാൻ പാടില്ലാന്ന് ..ഞാനെന്താ ചെയ്യാ?” "പോലീസിനോട് പറഞ്ഞാ പോരേ?” "എനിക്ക് പേടിയാ പറ്റില്ല " ഫോൺ കട്ടായത് അയാളറിഞ്ഞില്ല.മാങ്ങകൾ വീഴുന്നതും ..വീണ ഓരോ മാങ്ങയിലെ ആഴത്തിലുള്ള പൊട്ടലുകളും വിള്ളലുകളും....വേനലിന്റെ ഗർജനം അവരെ വീർപ്പ് മുട്ടിച്ചു.കിടക്കയിൽ ചാരിയിരുന്ന രമണിയുടെ അടുത്തേക്ക് തന്റെ ഇരിപ്പിടത്തിൽ നിന്നും ചക്രത്തിൽ ഇഴഞ്ഞു.കാര്യങ്ങൾ എല്ലാം ബോധ്യപ്പെട്ടു.ആരെ വിളിക്കാൻ ?ആര് എടുക്കാൻ?

കാക്കകൾ കരഞ്ഞതുപോലും നാരായണേട്ടൻ കേട്ടില്ല.രമണിയും വീൽ ചെയറിൽ കയറിപ്പറ്റി.വിയർപ്പുത്തുള്ളികൾ പ്രത്യക്ഷമായി കാണപ്പെട്ടു.ഫാനിന്റെ സ്വിച്ച് ഏന്തി വലിഞ്ഞ് ഓൺ ചെയ്തു. "ന്താ കറങ്ങാത്തേ രമണീ..” "അറീല്ലാ..ഇനിയിപ്പോ..” "ഇനിയിപ്പോ?” "കറന്റില്ലേ?” "ന്റെ ഭഗവാനേ!” "വരും നോക്കാം" മക്കൾ ബാംഗ്ലൂരുവിൽ സുഭിക്ഷമായി കഴിയുന്നു.വേലക്കാരിയെ ഏർപ്പാടാക്കിയിട്ടുണ്ട് എന്ന മറുപടിയും.സഹനത്തിന്റെ ശക്തി ചുഴലിക്കാറ്റുക്കൊണ്ട് തകർക്കപ്പെടുന്ന കാഴ്ച....ഓർക്കാൻ കൂടി വയ്യ.

നാരായണേട്ടന്റെ ഇടതുകൈമുട്ടിൽ ചോര.എവിടെയോ കൊണ്ടതിന്റെ ഫലം..ചോരയുടെ മുറിവ് തീക്ഷ്ണമായി വർധിച്ചു. "ആരെയെങ്കിലും വിളിക്കാം "രമണി മൊഴിഞ്ഞു. വിളിച്ചു,മക്കളെ ..എടുത്തില്ല. മുറിവിന്റെ ആഴം വർധിച്ചു.മനസ്സിൽ വിങ്ങലുകൾ ചമ‍ഞ്ഞ‍ുകൂടിയിരുന്നു.ഏകാന്തതയുടെ തീവ്രത അവർക്ക് നേരെ അട്ടഹസിച്ചു.എന്താ ആരും കേൾക്കാത്തത്.?

അടുക്കളയുടെ വാതിലിൽ ഇരുവരും കൈകോർത്തണച്ചു. "എന്തെങ്കിലും ഉണ്ടാവും.. "വീണ്ടും രമണിയുടെ സ്വരം.അവർ കൈവിട്ടില്ല. "വെള്ളം എത്തിപ്പിടിച്ചു.അവല് ഇരുപ്പുണ്ടാകും .പക്ഷെ എവിടെ?” വിളിച്ചു വേലക്കാരിയെ... "സാർ അവല് മുകളിലത്തെ ഷെൽഫിലാ..കിട്ടാൻ വഴിയില്ല.വേറെയെന്തെങ്കിലും എന്ന് പറഞ്ഞാൽ ...ഇല്ല.സോറി..നാളെത്തന്നെ ഞാൻ വരാം സാർ..എന്നോട് ക്ഷമിക്കണം.” വീണ്ടും നിരാശ ആഞ്ഞടിച്ചു.സുരേന്ദ്രനെ ഒന്നു കൂടി വിളിച്ചു, "നാരായണേട്ടാ,ചാ‍ർജ്ജില്ല കറന്റുമില്ല,പിന്നെ വിളിക്കാം" മറുത്തൊരക്ഷരം പറയാൻ കഴിയാതെ അയാൾ നിസ്സഹായനായ് നിന്നു.ജാലകങ്ങൾ അടച്ചിടാമോ?ചിന്തകൾ മിന്നിമറഞ്ഞു."ഏതാ ഈ വൈറസ്?എന്തിനാ ഞങ്ങളെ പട്ടിണിക്കിടുന്നേ?"തുടങ്ങി ഒരായിരം ചിന്തകൾ....ഏകാന്തതയുടെ കൊലവിളിയിൽ മുങ്ങിത്താഴുകയായിരുന്നു അവർ.... ആര് കാണാൻ ? എന്തിന്?ലക്ഷങ്ങളുടെ കണക്കുകൾക്കിടയിൽ ഇതിന്റെ സ്ഥാനം എന്ത്?

മരുന്ന് എത്തിപ്പിടിച്ചു. "ഭാഗ്യം കിട്ടി ,കഴിച്ചു.” സംതൃപ്തിയേക്കാൾ കൂടുതൽ ആശ്വാസമായിരുന്നു ആ വാക്കുകൾ...ഭക്ഷമില്ലാതെ അവർ അലയുന്നു...രാത്രിയോളം നീണ്ടൂ ഈ കഥാപ്രസംഗം.

രാത്രിയുടെ ബന്ധനത്തിൽ മുറിവേറ്റ പക്ഷികൾ കരഞ്ഞു.അലറി നിലവിളിച്ചു.അതേ നിലവിളി അവരെ വീണ്ടും വീണ്ടും മുറിവേൽപ്പിച്ചു..ഏകാന്തതയുടെ ചട്ടങ്ങൾ പാലിച്ചതിന്റെ ശിക്ഷ!ഇത് ന്യായമോ?വെറും വയറ്റിൽ രണ്ട് പക്ഷികൾ കരയുന്നത് കേൾക്കുന്നില്ലേ?ആര് കേൾക്കാൻ ?എന്തിന്?ശരിയാണോ?ആയിരിക്കാം.ഓരോ അരിമണിയിലും അത് കഴിക്കേണ്ട ആളിന്റെ പേര് എഴുതിയിട്ടുണ്ടാവാം..വെറുമൊരു ചെമ്പകപ്പൂവല്ലേ ഞാൻ.........


ANUSHA SAVITHRI I V
9 D ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ