ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/മലയിറക്കം

Schoolwiki സംരംഭത്തിൽ നിന്ന്
മലയിറക്കം

" എല്ലാം എടുക്കണം.ഒന്നും വിട്ടു പോകരുത്. " രാവിലെ തന്നെ ആ വീട്ടിൽ ആളനക്കം കാണാം. സാധനങ്ങൾ ഓരോന്നായി അടുക്കി വയ്ക്കുന്ന തിരക്കിലാണ് അവർ.ആ ബഹളങ്ങൾ എല്ലാം തന്നെ ഗോവിന്ദനിൽ അസ്വസ്ഥതകളാണ് സൃഷ്ടിച്ചത്. അയാൾ പതിയെ മുറ്റത്തേക്കിറങ്ങി. താൻ കളിച്ചു വളർന്ന മണ്ണിൽ തന്നെ താനാക്കിയ മണ്ണിൽ അയാൾ ഒരിക്കൽ കൂടി പാദമൂന്നി. " ഇന്ന് കൂടിയേ ഉള്ളൂ അല്ലേ …….?" _മുറ്റത്തെ തേന്മാവ് കുശലം തിരക്കുന്നതായി അയാൾക്ക് തോന്നി. " അച്ഛനെല്ലാം എടുത്തോ ……?" - മരുമകൾ രാധികയാണ് '. ഉത്തരം പറയാൻ ഗോവിന്ദന് സാധിക്കുമായിരുന്നില്ല. " അച്ഛൻ വിഷമിക്കേണ്ട. നമ്മൾ ഈ വീട് വിൽക്കുകയല്ലല്ലോ, ഈ ചെറിയ കുന്ന് ഒന്ന് മണ്ണെടുത്ത് നിരപ്പാക്കി വീടൊന്ന് പുതുക്കി പണിയുന്നു. അത്രയല്ലേ ഉള്ളൂ."-രാധിക. " ഉം…... വേഗം വേണം. ഈ കുന്നിറങ്ങി വേണം റോഡിലെത്താൻ.വണ്ടി അവിടെ വരെ വരൂന്ന് ഞാൻ പറയാതെ തന്നെ അറിയാലോ?"- മകൻ സ്വാമിനാഥൻ. "അല്ല മോനേ ഇപ്പം ഇതിന്റെ എല്ലാം ആവശ്യമുണ്ടോ?" ഏറെ നാളായി മനസ്സിൽ കൊണ്ടു നടന്ന ചോദ്യം ഗോവിന്ദൻ മകനോട് ചോദിച്ചു. "അച്ഛാ നാടോടുമ്പോൾ നടുവെ ഓടണം"." അച്ഛനറിയാമല്ലോ ഇവിടുത്തെ അവസ്ഥ.ഒരു വാഹനസൗകര്യവുമില്ല, ചുറ്റും കുറെ കാടും, ഇവിടെ നമ്മള് മാത്രമേ ഇങ്ങനെയുള്ളൂ." "മോനെ ഈ കുന്നാ നമ്മളെ രക്ഷിച്ചത്.പ്രളയത്തിൽ വെള്ളം കയറാതെ, വേനലിൽ കിണർ വറ്റാതെ……" -ഗോവിന്ദന്റെ വാക്കുകൾ ഇടയ്ക്ക് മാറുന്നുണ്ടായിരുന്നു. പുച്ഛഭാവത്തിൽ സ്വാമിനാഥൻ മുഖം തിരിച്ചു.പിന്നെ വേഗം അകത്തേക്ക്.ഗോവിന്ദൻ ഒരിക്കൽ കൂടി ആ വീടിന് ചുറ്റും നടന്നു.കഴിഞ്ഞ ആഴ്ച നട്ട പ്ലാവിൻ തൈ ഇല വിരിച്ചിരിക്കുന്നു. പക്ഷേ…... ഇത് അല്പായുസ്സായി പോയല്ലോ?...... തന്റെ വീടും ചുറ്റുപാടുമാണ് തന്റെ ലോകം ഓരോ മരവും അവിടെ നടുമ്പോഴും സ്വപ്നങ്ങൾക്ക് ചിറക് വിരിയുകയായിരുന്നു. അവിടം വിട്ട് ഇറങ്ങുമ്പോൾ ഗോവിന്ദൻ ഒന്നേ തിരിഞ്ഞു നോക്കിയൊള്ളൂ. ആ ഭൂമിയിലെ മരങ്ങൾ ഒന്നായി അയാളെ യാത്രയാക്കി.

അന്ന് ഒരു തിങ്കളാഴ്ച, സ്വാമിനാഥൻ അതിരാവിലെ പുറപ്പെട്ടിരുന്നു. യന്ത്രക്കൈകൾ ആ മണ്ണിൽ താണിറങ്ങുന്നത് കാണാൻ ശക്തിയില്ലാത്തതിനാലാണ് ഗോവിന്ദൻ പോകാതിരുന്നത്.പുറത്ത് മഴ ശക്തിയായി പെയ്യുന്നുണ്ട്. സ്വാമിനാഥന്റെ ഉള്ളിലും മഴയാണ്.പെട്ടന്നാണ് സ്വാമിനാഥൻ കയറി വന്നത്. "എന്താ പറ്റിയത് " - രാധിക. എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ സ്വാമിനാഥൻ കസേരയിൽ വന്നിരുന്നു. " മണ്ണെടുക്കയായിരുന്നല്ലോ…... മണ്ണിടിഞ്ഞു കുന്ന് ഒന്നാകെ ……" - സ്വാമിനാഥൻ. "ഓ…... ഈ നശിച്ച മഴ "-രാധിക കൂട്ടി ചേർത്തു." ഇനി എന്താ ചെയ്യാ? " ഉത്തരമില്ലാത്ത ആ ചോദ്യത്തിന്റെ ഉത്തരം മൗനമായിരുന്നു. ഗോവിന്ദൻ പതിയെ മുറിയിലെ ജനാലയ്ക്ക് അരികിലെത്തി. പുറത്ത് മഴ ശക്തിയായി പെയ്യുന്നു. തന്റെ ശരീരത്തിലെ ഒരു അവയവം നശിച്ചതിന്റെ സങ്കടമാകാം പ്രകൃതി കരഞ്ഞ് തീർക്കുന്നത്…... ഗോവിന്ദൻ ഓർത്തു. അപ്പോഴും പുറത്ത് മഴ ശക്തിയായി പെയ്തുകൊണ്ടിരുന്നു…...

ആൻസി വി എ
9 B ഫാ ജി കെ എം ഹൈ സ്കൂൾ കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ