ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/പ്രകൃതി ഒരു പാഠപുസ്തകം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ഒരു പാഠപുസ്തകം

മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് പ്രകൃതി. പ്രകൃതി എന്തെന്ന് മനുഷ്യർ ഇതുവരെ മനസ്സിലാക്കിയിട്ടില്ല, എന്നതാണ് വാസ്തവം. എന്നാൽ പ്രകൃതി എന്നത് വെറും പച്ചപ്പ് മാത്രമല്ല ദൈവത്തിന്റെ ഒരു അപൂർവ സൃഷ്‌ടി കൂടിയാണ്. പ്രകൃതിയിൽ ഇനിയും ഒട്ടേറെ അത്ഭുത വസ്തുക്കളുണ്ട്. ജീവജാലങ്ങൾ, വൃക്ഷലതാദികൾ എന്നിങ്ങനെ നീണ്ടുപോകും.....


നമ്മുടെ ജീവിതത്തിൽ പ്രകൃതിക്കൊരു വലിയ പങ്കുണ്ട്. കാരണം ജീവന്റെ അടിസ്ഥാന വസ്തുക്കളായ ജലം, വായു, സൂര്യപ്രകാശം, ഭക്ഷണം... എന്തിന് നമ്മളെ സുരക്ഷിതമാക്കുന്ന വീട് പോലും ഭൂമിയുടെ ഹൃദയമായ പ്രകൃതിയിലാണ്. പ്രകൃതിക്ക് മനുഷ്യരെ ഇങ്ങനെയെല്ലാം പരിപാലിക്കാനുള്ള കഴിവുണ്ടെങ്കിൽ മുഴുവൻ മനുഷ്യരെയും നശിപ്പിക്കാനുള്ള കഴിവുമുണ്ട്. അതിനുദാഹരണമാണ് 2019-ലെ പ്രളയം. പ്രകൃതി മനുഷ്യർക്കായി ഒരുക്കിവച്ച തിരിച്ചടി. പ്രകൃതി എന്താണെന്ന് മനസ്സിലാക്കിയ നാളുകളായിരുന്നു അത്.


പണ്ടുകാലത്തെ മനുഷ്യർ പ്രകൃതിയെ അമ്മയെ പോലെയാണ് കണ്ടിരുന്നത്. കൃഷിയായിരുന്നു അവരുടെ ഏറ്റവും വലിയ തൊഴിൽ. പുതുതലമുറയിൽ തൊഴിലവസരങ്ങൾ വർധിക്കുന്നതോടെ കൃഷിയിൽ ആർക്കും താല്പര്യമില്ലാതായി. എന്നാൽ നമ്മുടെ സുഖസൗകര്യങ്ങളിൽ പ്രകൃതി ഒരിക്കലും ഇല്ലാതാകരുത്, കാരണം പ്രകൃതിയിലെ ഓരോ വസ്തുക്കളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഭൂമിക്കുമേൽ ഭാരമായി കൊണ്ടിരിക്കുന്ന പടുകൂറ്റൻ കെട്ടിടങ്ങൾ പണിതുയർത്തി കൊണ്ടിരിക്കുന്ന നമ്മൾ ഒരിക്കലും പ്രകൃതിക്ക് ഭാരമാവരുത്. പ്രകൃതിയുടെ ജീവധാരകളായ പുഴകളും, നദികളും, തോടുകളും, വയലുകളും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അവ ഇന്ന് ഏറെ കുറെ അപ്രത്യക്ഷമായിരിക്കുന്നു. കുളങ്ങളിലെ കുളിയും, അലക്കും ഇന്നു സിനിമകളിൽ മാത്രമായി നിറഞ്ഞുനിൽക്കുന്നു. നമ്മുടെ ഇന്നത്തെ കാലത്തെ വാഹനങ്ങളിലൂടെ പുറപ്പെടുന്ന മലിനവായുവും, ഫാക്ടറികളിലൂടെ ഒഴുകുന്ന രാസപദാർത്ഥങ്ങൾ അടങ്ങിയ മലിനജലം പുഴകളെയും, തോടുകളെയും മലിനമാക്കുന്നു. അന്തരീക്ഷം വൃത്തിഹീനമായാൽ രോഗാണുക്കൾ പെരുകും. അത് മനുഷ്യരുടെ ആരോഗ്യകരമായ ജീവിതത്തെ ബാധിക്കുന്നു. അങ്ങനെയുള്ള ഒരു മഹാമാരിയാണ് ലോകം മുഴുവൻ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന കോവിഡ്-19. നമ്മൾ പ്രകൃതിക്ക് കൊടുക്കുന്ന ഓരോ വേദനയും ഓരോ പാഠമായി തിരിച്ചുവരും. അങ്ങനെയുള്ളൊരു പാഠമാണ് പ്രകൃതി നമുക്കായി ഒരുക്കിവച്ചിരിക്കുന്നത്. ശുദ്ധവായു മാസ്കിലൂടെയല്ലാതെ ശ്വസിക്കാനാവില്ല. ഈ കോവിഡ് -19 കാലത്തു പ്രകൃതി നല്കുന്ന തിരിച്ചടി കൂടിയാണിത്


ആരോഗ്യകരമായ ജീവിതം ഓരോ വ്യക്തിയുടെയും അവകാശമാണ്'. ആരോഗ്യകരമായ ജീവിതമാണ് പ്രകൃതി നമുക്കായി ഒരുക്കി വച്ചിരിക്കുന്ന സമ്പത്ത്. പ്രകൃതിയുടെ കാവൽക്കാരാണ് മനുഷ്യർ എന്ന് പണ്ടത്തെ എഴുത്തുകാരന്മാർ പറയുന്നത്. അതുകൊണ്ട് പരിസ്ഥിതിയെ മലിനമാകാതെ കരുതലോടെ സംരക്ഷിക്കുക എന്നതാണ് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വവും. വായനക്കാർക്കും എഴുത്തുകാർക്കും കലാകാരന്മാർക്കും ഏറെ പ്രചോദകമായ ഒന്നാണ് പ്രകൃതി.

ജയ്‌ഹിന്ദ്‌

മേരി ഹെലെന പി ജെ
IX D ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം