ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ദുരിതകാലത്തെ അതിജീവനം
ദുരിതകാലത്തെ അതിജീവനം
ഒരാണവായുധവും ഉപയോഗിക്കാത്ത, ഒരു മിസൈലും തൊടുത്തു വിടാത്ത, ഒരു വെടിയൊച്ചയും മുഴക്കാത്ത, ഒരു തീനാളവും ഉയരാത്ത, ഒരു നേർത്ത ശബ്ദം പോലും കേൾക്കാത്ത, നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻപോലും കഴിയാതെ ലോകം മുഴുവൻ വിറങ്ങലിച്ചു നിൽക്കുന്ന ഒരു മഹാമാരിയെ നേരിടുകയാണ് ഇന്ന് ലോകജനത. തങ്ങളിലേക്ക് വന്നുവോ എന്ന് പോലും അറിയാതെ നിസ്സഹായരായി വാതിലടച്ചു ഒതുങ്ങുന്ന മനുഷ്യർ. ആധുനിക ശാസ്ത്രം പോലും പകച്ചു നിൽക്കുന്ന ഈ വേളയിൽ സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കാൻ മാത്രമേ ഞങ്ങൾക്ക് ആവുന്നുള്ളൂ. ലോകകാര്യങ്ങൾ എല്ലാം വിരൽതുമ്പിൽ നിയന്ത്രിക്കുന്ന നൂതന ശാസ്ത്രത്തിനു പോലും ഒന്നും കഴിയുന്നില്ല. പല രാജ്യങ്ങളിലെയും അവസ്ഥ ഇതൊക്കെയാണെങ്കിലും,ഓരോ ഇന്ത്യക്കാരും covid 19 എന്ന മഹാമാരിയെ നേരിടാൻ ചങ്കൂറ്റത്തോടെ മുന്നോട്ട് നീങ്ങുന്ന കാഴ്ച സമ്പന്ന രാഷ്ട്രങ്ങൾ പോലും അതിശയോക്തിയോടെ നോക്കിക്കാണുകയാണ്. അതിനേക്കാളുപരി കേരളം എന്ന നമ്മുടെ കൊച്ചുസംസ്ഥാനം ഈ രോഗത്തെ നേരിടുന്ന രീതി കാണുമ്പോൾ ലോകത്തെമ്പാടുമുള്ള ജനങ്ങൾ ഇവിടം ഒരു സുരക്ഷിതസ്ഥാമായി കാണുന്നു. ഇതിനൊക്കെ പിന്നിൽ അഹോരാത്രം പ്രവർത്തിക്കുന്ന ഭരണകർത്താക്കൾ, സർവ്വസമയവും സേവനസന്നദ്ധരായി ജീവൻ പോലും പണയംവച്ച് ഓരോ രോഗിയേയും പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർ, ഒരാളിലേക്ക് പോലും ഇനി പകരരുത് എന്ന് കരുതി രാവും പകലും കർക്കശ നിലപാടുമായി ജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന നമ്മുടെ നിയമപാലകർ, ഇവരോടൊക്കെയുള്ള നന്ദി വാക്കുകളിൽ ഒതുങ്ങില്ല. ഇതിനുമുമ്പും നമ്മൾ നേരിട്ട മറ്റു വൈറസ് രോഗങ്ങളും പ്രളയവും അത് വരുത്തിവച്ച നാശനഷ്ടങ്ങളും എല്ലാം ശരിയായി വരുന്നതേയുള്ളൂ.എന്നിട്ടും നമ്മുടെ നാട് എല്ലാ സാന്ത്വനങ്ങളും സഹായസഹകരണങ്ങളും അന്യസംസ്ഥാന തൊഴിലാളികൾക്ക് പോലും എവിടെയും കിട്ടാത്ത പരിരക്ഷ നമ്മൾ, മലയാളികൾ, ചെയ്ത് മറ്റുസംസ്ഥാനങ്ങൾക്ക് മാതൃകയാവുന്നു. ഒരാൾ പോലും പട്ടിണികിടക്കരുത് എന്ന ആശയത്തോടെ എല്ലാ അർത്ഥത്തിലും അന്വർത്ഥമാക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. രോഗത്തെ ചെറുത്തുതോൽപ്പിക്കാനുള്ള എല്ലാ പാഠങ്ങളും ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കുകയും വരാനിരിക്കുന്ന ദുരന്തമുഖത്തു നിന്ന് അവെര കാത്തുരക്ഷിക്കുകയും ചെയ്യുന്നു. നല്ലവരായ കുറെ മനുഷ്യസ്നേഹികളുടെ പ്രയത്നം കൊണ്ട് "ദൈവത്തിന്റെ സ്വന്തം നാട്" എന്ന പേര് അർത്ഥവത്താക്കുന്ന രീതിയിൽ ഈ മഹാമാരിയെ നമ്മൾ അതിജീവിക്കുകയാണ്. ഇനിയുള്ള ജനത ദൈവം എന്ന അദൃശ്യശക്തിയുടെ കാൽചുവട്ടിലേക്ക് കാപട്യം ഇല്ലാതെ നല്ലമനസ്സോടെ മടങ്ങുന്ന ഒരു കാഴ്ച നമുക്ക് കാണാനാകും.അതുതന്നെയാണ് മനുഷ്യന്റെ എല്ലാ മുൻകരുതലിനേക്കാളും മനുഷ്യജീവനായുള്ള ഏറ്റവും വലിയ രക്ഷ.
|