ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

  പരീക്ഷക്ക് വേണ്ടി പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് വാർഡൻ വന്ന് വിളിച്ചത്, നിന്റെ ടീച്ചർമാരൊക്കെ വന്നിട്ടുണ്ട് താഴത്ത് എന്ന്... എന്താണ് കാര്യം എന്ന് മനസ്സിലായില്ലെങ്കിലും പെട്ടെന്ന് തന്നെ ഇറങ്ങിപ്പോയി നോക്കി. അവിടെ ആരെയും കണ്ടില്ല.. ഒരു ലോറിയും അതിൽ ഓട് കയറ്റുന്ന ഇത്തിരി പണിക്കാരും അല്ലാതെ മറ്റാരും അവിടെയില്ല. ഞാൻ വീണ്ടും അങ്കലാപ്പിലായി. അങ്ങനെ നിൽക്കുമ്പോഴാണ് വാർഡൻ വീണ്ടും വിളിച്ചത്, നോക്കുമ്പോഴല്ലേ കഥ അറിയുന്നത്... ഈ നിൽക്കുന്ന പണിക്കാർ തന്നെയാണ് ടീച്ചർമാർ... കാലങ്ങൾക്ക് ശേഷം അവരെയൊക്കെ നേരിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. എങ്കിലും ഞങ്ങളെല്ലാം മനസ്സിൽ വാനോളം ഉയർത്തി വെച്ചവർ മണ്ണിൽ ഇറങ്ങി നിൽക്കുന്നത് കണ്ടപ്പോൾ ഒരു നിമിഷം സങ്കടം തോന്നാതിരുന്നില്ല. മറ്റൊന്നും കൊണ്ടല്ല, ബഹുമാനം കൊണ്ടാണ്.. എന്നാൽ ആലോചിച്ചപ്പോൾ പിന്നെ അഭിമാനം തോന്നി.

           ഞങ്ങൾ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് സ്കൂൾ വീടായിരുന്നു. ടീച്ചർമാർ മാതാപിതാക്കൾ ആയിരുന്നു. ഇപ്പോൾ മക്കൾക്ക് വേണ്ടി വീട് പുതുക്കിപ്പണിയാൻ കച്ച കെട്ടിയിറങ്ങിയ ഗുരുനാഥർ ആണവർ! ഇത്തരം ചിത്രങ്ങൾ മുമ്പും ഞാൻ കണ്ടിട്ടുണ്ട്.. സോഷ്യൽ മീഡിയകളിലൂടെ.. പക്ഷെ നേരിൽ കാണുന്നത് ഇന്നാണ്..   ടീ ഷർട്ടും ഇട്ട്, തലയിൽ മുണ്ട് മടക്കി കെട്ടി, നോമ്പും നോറ്റ് വെയിലത്ത്‌ വിയർത്തു കുളിച്ച് ഊരക്ക് കയ്യും കൊടുത്തുള്ള ആ നിർത്തം ഇപ്പോഴും മനസ്സിലുണ്ട്. കയ്യും കെട്ടി നോക്കി നിൽക്കാനല്ലാതെ, ഒരു തുള്ളി വെള്ളം പോലും കൊടുക്കാൻ നിർവാഹമില്ലാത്തതിന്റെ നിസ്സഹായതയിൽ ആയിരുന്നു ഞാൻ.

          പണ്ട് എനിക്ക് തോന്നാറുണ്ടായിരുന്നു... വലുതായി കഴിഞ്ഞാൽ എന്തൊക്കെയോ ചെയ്യുമെന്ന്.., എല്ലാവരെയും സഹായിക്കുമെന്ന്.., അങ്ങനെ എന്തെല്ലാമോ സ്വപ്‌നങ്ങൾ... പിന്നെ പിന്നെ വളർന്നു തുടങ്ങിയപ്പോ... സന്തോഷവും സങ്കടവും സുഖവും ദുഖവുമുള്ള പച്ചമനുഷ്യനായി ജീവിക്കാൻ തുടങ്ങിയപ്പോൾ മുതൽ സ്വാർത്ഥ താല്പര്യങ്ങൾക്ക് ആയി മുൻ‌തൂക്കം.. എനിക്കെന്നല്ല, എല്ലാ ഓരോ മനുഷ്യരുടെയും കാര്യം ഇങ്ങനെയായിരിക്കും. എല്ലാ സമയവും തനിക്ക് സുഖം വേണം, സന്തോഷം വേണം, പണം വേണം, സമ്പാദിക്കണം... എന്നു തുടങ്ങി നീണ്ടു പോകുന്നു ആ നിര... ഇവിടെയാണ്‌ Fmhss കൂമ്പാറയിലെ ടീച്ചർമാർ വ്യത്യസ്തരാവുന്നത്...  പേരിന് അവർ ടീച്ചർമാർ ആണ്. പക്ഷെ പ്രവർത്തിയിൽ അവർ ആ പദവിയുടെ കനത്തിൽ ഒതുങ്ങി നിൽക്കുന്നില്ല... വേണ്ട സമയങ്ങളിൽ തൂമ്പയെടുത്ത് പറമ്പിൽ കിളക്കാനിറങ്ങാനും ആവശ്യം വരുമ്പോൾ ഞങ്ങൾക്ക് മുന്നിൽ ദൈവത്തോളം ഉയർന്നു നിൽക്കാനും പര്യാപ്തമായവർ! അവിടെ ദേഷ്യമില്ല സങ്കടമില്ല അഹങ്കാരമില്ല അഹംഭാവമില്ല.. വേതനം ആഗ്രഹിച്ചല്ല.. എങ്ങും സന്തോഷവും സ്നേഹവും മാത്രം.. കരുതലിന്റെ പാഠങ്ങൾ മാത്രം..

           പറക്കമുറ്റാത്ത പ്രായത്തിൽ ഞങ്ങളെ ചേർത്തി നിർത്തി, മാതാപിതാക്കളുടെ അഭാവത്തിലും ജീവിത പാഠങ്ങൾ പഠിപ്പിച്ച് നല്ലൊരു മനുഷ്യനാക്കി വാർത്തെടുത്തവർ ആണവർ! ഇന്നത്തെ "ഞാൻ" എന്ന മനുഷ്യനിൽ അവർ അലിഞ്ഞു ചേർന്നിട്ടുണ്ടെന്നുള്ളത് വാസ്തവം! എല്ലാവരും പറയുന്നത് പോലെ 'ഇവിടം വിട്ടു പോയാൽ നിങ്ങൾ എല്ലാം മറക്കും' എന്നതല്ല, അവിടം വിട്ടതിൽ പിന്നെയാണ് എല്ലാം ഓർമയായത്. ബോധ മനസ്സ് ഉണർന്നത്.. പലതും നഷ്ടമായെന്നൊരു ബോധോദയം ഉണ്ടായത്.. പലതും നേടിയത് അവിടെ നിന്നായിരുന്നെന്ന് അറിഞ്ഞത്.. ആ കാലം അമൂല്യമായിരുന്നെന്ന് മനസ്സിലായത്..

           ഇന്നും എഫ് എം എച്ച്എസ്എസ് ലെ ടീച്ചർമാരെ കാണുമ്പോൾ ഓടിയൊളിക്കാറില്ല.. ചെന്ന് സംസാരിക്കണോ വേണ്ടയോ എന്ന് സംശയം പോലും തോന്നാറില്ല. ദൂരെ മാറിപ്പോയ കുടുംബക്കാരെ വീണ്ടും കാണുന്ന പ്രതീതിയാണ്. പഠിച്ച മറ്റു സ്കൂളുകളെക്കാളും പഠിപ്പിച്ച മറ്റു ടീച്ചർമാരെക്കാളും മഹത്വം തോന്നാറുണ്ട്.. സ്കൂളിന്റെ പേര് കേൾക്കുമ്പോൾ തന്നെ രോമാഞ്ചമാണ്.. അവരെ കാണുമ്പോൾ മനസ്സിൽ എന്തോ ബഹുമാനത്തിൽ പൊതിഞ്ഞ ഒരു ആനന്ദമാണ്. ആ ഒരാനന്ദം ഇന്നെനിക്ക് അപ്രതീക്ഷിതമായി കിട്ടി. ഇപ്പോഴും മനസ്സിൽ നിന്ന് ആ ചിത്രം മാഞ്ഞു പോയിട്ടില്ല.. പോകുകയുമില്ല.. "ഞങ്ങളെ പലരും ബംഗാളികൾ എന്ന് വിളിക്കാറുണ്ടെന്ന് " സാർ തമാശ പറഞ്ഞു.. കാര്യം തമാശയാണെങ്കിൽ കൂടി ആ ശബ്ദത്തിൽ നിരാശ ഉണ്ടായിരുന്നില്ല, നിസ്സഹായത കലർന്നിരുന്നില്ല.. പകരം ആത്മാനിർവൃതി മാത്രം..

           ഈ ലോകത്ത് നമുക്ക് സന്തോഷവും സുഖവും അല്ല വേണ്ടത്. പണ്ടൊരു മനുഷ്യൻ ലോകത്തിന്റെ ഒരു കോണിൽ ജനിച്ച് സന്തോഷത്തോടെ ജീവിച്ച് മരിച്ചു പോയിരുന്നു എന്നത് കൊണ്ട് ആർക്കും ഒരു നേട്ടവും ഇല്ല, അവനവനു പോലും...   മറിച്ച് തന്റെ ചെറിയ ജീവിതത്തിനിടയിൽ മറ്റു ചിലർക്ക് കൂടെ നാം കാരണം ഗുണമുണ്ടായെന്നും അവരുടെ സന്തോഷത്തിൽ ഞാനും ഒരു ഭാഗവാക്കായെന്നും അറിയുമ്പോഴുള്ള ഒരു ആത്മനിർവൃതി ഇല്ലേ.. അതാണ്‌ ഏറ്റവും പ്രധാനം.. അവിടെ നമ…

ഫാത്തിമ ഫർസാന. പി പി

പൂർവ്വ വിദ്യാർത്ഥി

യൂനാനി ഡോക്ടർ