പെരിന്തലേരി യു .പി .സ്കൂൾ‍‍‍‍ കൊയ്യം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

തളിപ്പറമ്പ് താലൂക്കിൽ പ്രശാന്തസുന്ദരമായ ചെങ്ങളായി ഗ്രാമപഞ്ചായത്തിലാണ് പെരിന്തലേരി എ യു പി സ്കൂൾ സ്ഥിതിചെയ്യുന്നത്. വളക്കൈ-കൊയ്യം റോഡിന്റെ ഇടതുവശത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരുക വളരെ എളുപ്പമാണ്.

1927 ൽ ശ്രീ മാണിക്കോത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാരാണ് നാടിന് അക്ഷരവെളിച്ചം പകരനായി ഈ വിദ്യാലയം സ്ഥാപിച്ചത്. ഈ നാട്ടിലെ പഴയ തലമുറക്കാർ എല്ലാവരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ഒന്നുമുതൽ ഏഴുവരെ ക്ലാസുകൾ ആയി ആരംഭിച്ച വിദ്യാലയത്തിൽ എ-ബി ഡിവിഷനായാണ് ക്ലാസുകൾ നടന്നു വരുന്നത്.

മുൻകാലങ്ങളിൽ ഈ പ്രദേശത്തുള്ള കുട്ടികൾക്ക് തൊട്ടടുത്ത പ്രദേശങ്ങളായ തവറൂൽ,കുറുമാത്തൂർ, വളക്കൈ തുടങ്ങിയ ഭാഗങ്ങളിൽ നിന്നും കുട്ടികൾ ധാരാളമായി ഇവിടെ എത്തിയിരുന്നു. പ്രതിഭാധനരായ അധ്യാപകരുടെ സേവനം ഈ സ്കൂളിന്റെ ഉയർച്ചയ്ക്ക് എന്നും മുതൽക്കൂട്ടാണ്. യശശരീരനായ മുൻ എംഎൽഎ ശ്രീ സി പി ഗോവിന്ദൻ നമ്പ്യാർ, കരുണാകരൻ മാസ്റ്റർ തുടങ്ങിയ പ്രതിഭാധനർ ഈ വിദ്യാലയത്തിലെ പൂർവ്വകാല അധ്യാപകരായിരുന്നു.

ഇരിക്കൂർ ഉപജില്ലയിൽ ഉൾപ്പെട്ട നമ്മുടെ വിദ്യാലയം അക്കാദമിക മികവിനൊപ്പം മറ്റു മേഖലകളിലും മുൻപന്തിയിലാണ്. ശാസ്ത്ര- ഗണിത ശാസ്ത്ര- പ്രവർത്തി പരിചയ മേളകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. പഴയ കാല ഘട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി മികച്ച കെട്ടിട സൗകര്യങ്ങൾ ഇന്ന് ഈ വിദ്യാലയത്തിൽ ഉണ്ട്. മുൻകാലങ്ങളിൽ ഓടുമേഞ്ഞ കെട്ടിടങ്ങൾ മാത്രമായിരുന്നെങ്കിൽ ഇന്ന് ആധുനിക സൗകര്യങ്ങളോടുകൂടിയ കോൺക്രീറ്റ് കെട്ടിടങ്ങൾ ഈ വിദ്യാലയത്തിനുണ്ട്. പഠന നിലവാരം ഉയർത്താൻ ആയി ഹൈടെക് ക്ലാസ് മുറികളും ശാസ്ത്ര ഗണിതശാസ്ത്ര ലാബുകളും കുട്ടികളുടെ സർഗ്ഗശേഷി വളർത്താനായി മികച്ച ലൈബ്രറി സൗകര്യവും ഇവിടെയുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം