പെരിങ്ങളം നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/മിട്ടുവും ടുട്ടുവും

Schoolwiki സംരംഭത്തിൽ നിന്ന്
മിട്ടുവും ടുട്ടുവും

ഒരു സുന്ദരമായ ഗ്രാമത്തിലെ വിശാലമായ വയലിനു നടുവിലുള്ള ഒരു കുളത്തിൽ വങ്കനാമയും പിങ്കിയാമയും അവരുടെ രണ്ട് മക്കളും ജീവിച്ചിരുന്നു. കുസൃതികളായ മിട്ടുവും ടുട്ടുവും ആയിരുന്നു മക്കൾ. അവർ നാലു പേരും അവിടെ സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു. ഒരു ദിവസം വങ്കനും പിങ്കിയും തീറ്റ തേടി പുറത്തേക്ക് പോയി. ടുട്ടുവും മിട്ടുവും വയൽവരമ്പിൽ തുള്ളിക്കളിക്കുകയായിരുന്നു. അപ്പോഴാണവർ ആ കാഴ്ച കാണുന്നത്. നിറയെ മണ്ണുമായി ഒരു ലോറി വയലിനരികിലേക്ക് കുതിച്ചു വരുന്നു. അവർ അവിടെ നിന്ന് കുറച്ചകലെ മാറി നിന്നു. ടുട്ടു മിട്ടുവിനോട് ചോദിച്ചു. "ചേട്ടാ ഇവരെന്താ ചെയ്യുന്നത് ?" ."എനിക്കറിയില്ല നമുക്ക് നോക്കാം". മിട്ടു പറഞ്ഞു. പെട്ടെന്ന് ലോറിയിൽ നിന്ന് വലിയ കൊമ്പൻ മീശയുള്ള രണ്ട് തടിയന്മാർ പുറത്തിറങ്ങി. അവർ ലോറിയിലെ മണ്ണ് മുഴുവൻ പുറത്തേക്കിറക്കി. ലോറി വന്ന വഴിക്ക് തന്നെ പോയി. ടുട്ടുവും മിട്ടുവും വീണ്ടും കളിക്കാൻ തുടങ്ങി. അല്പ സമയം കഴിഞ്ഞ് വീണ്ടും മണ്ണു നിറച്ച ലോറി അവിടെ എത്തി. എന്തോ അപകടം വരാൻ പോകുന്നുവെന്നറിഞ്ഞ അവർ അമ്മയുടേയും അച്ഛന്റേയും അടുത്തേക്കോടി വിവരങ്ങൾ പറഞ്ഞു. അവർ നാലുപേരും ആ കാഴ്ച സങ്കടത്തോടെ നോക്കി നിന്നു. തങ്ങൾ താമസിക്കുന്ന കുളം മണ്ണിട്ട് മൂടുന്നു." ഹയ്യോ, ഇനി നമ്മളെന്തു ചെയ്യും". പിങ്കിയാമ ചോദിച്ചു. "നമുക്ക് ഇവിടം വിട്ട് പോകാം. ഇതിനടുത്തൊരു കുളമുണ്ട്. അവിടേക്ക് താമസം മാറ്റാം ". വങ്കനാമ പറഞ്ഞു. എല്ലാവരും സമ്മതിച്ചു.

      അവർ പുതിയ കുളത്തിലേക്ക് താമസം മാറ്റി. അങ്ങനെ അവർ അവിടെ താമസമാരംഭിച്ചു. അവിടെയെങ്കിലും സന്തോഷത്തോടെ ജീവിക്കാം എന്ന് കരുതി. അധികം താമസിയാതെ കുളത്തിനടുത്തൊരു വീടുയർന്നുവന്നു. ഒരു ദിവസം അവർ നാലു പേരും ഉറങ്ങുകയായിരുന്നു . പെട്ടെന്ന് അവർ ഉറക്കത്തിൽ നിന്നുണർന്നു. "ഹയ്യോ, ശരീരത്തിലേക്ക് എന്തോ വന്ന് വീഴുകയാണല്ലോ". വങ്കനാമ പറഞ്ഞു. "മക്കളേ വേഗം എഴുന്നേൽക്ക്. നമുക്ക് ഇവിടെ നിന്ന് രക്ഷപ്പെടണം". പിങ്കിയാമ മക്കളെ വിളിച്ചുണർത്തി. പെട്ടെന്ന് മാലിന്യം തുരുതുരാ വീണു. ആമക്കുടുംബം ആരും കാണാതെ ഇഴഞ്ഞിഴഞ്ഞ് പുതിയ സ്ഥലം തേടി പോയി. അവർ ചുറ്റുപാടും നോക്കി. എല്ലായിടവും മാലിന്യം തന്നെ. 

"മാലിന്യമില്ലാത്ത സ്ഥലങ്ങൾ എവിടെയെങ്കിലുമുണ്ടോ?" വങ്കനാമ സങ്കടത്തോടെ ചോദിച്ചു. കുട്ടികൾ ചുറ്റും നോക്കി. എങ്ങും നികത്തിയവയലുകളും മാലിന്യക്കൂമ്പാരങ്ങളും മാത്രം. അവർക്ക് ഉറക്കെ കരയാൻ തോന്നി.

മേധഅനിൽ
3 എ പെരിങ്ങളം നോർത്ത് എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ