പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/അക്ഷരവൃക്ഷം/നൊസ്‌റ്റാൾജിയ
നൊസ്‌റ്റാൾജിയ
സമയം ഘടിപ്പിച്ച യന്ത്രക്കിളിയുടെ ദീനരോദനം കേട്ടുകൊണ്ടാണ് ഇന്നുമുണർന്നത്. പലപ്പോളും എന്റെ മനസിൽ ഉയർന്നു വരുന്ന ചോദ്യമാണത്. എന്തുകൊണ്ടാണ് യന്ത്രക്കിളികൾ കരയുന്നത് ? അതോ എനിക്കവ കരയുന്നതായി തോന്നുന്നതാണോ ? പണ്ടും കുട്ടിക്കാലത്ത് കിളികളുടെ കളകളാരവങ്ങൾ കേട്ടുകൊണ്ടു തന്നെയാണ് ഉണർന്നിരുന്നത്.അത് പക്ഷേ നട്ടും ബോൾട്ടും സ‌്‌ക്രൂവും ഒന്നും ഇല്ലാത്തവരായിരുന്നു എന്ന് മാത്രം. ആ പ്രകൃതിയുടെ പാട്ടുകാരുടെ പ്രഭാതനാമജപങ്ങൾ കേട്ടുണരുമ്പോൾ മനസിനുള്ളിൽ എവിടെയോ പ്രകൃതിയെ സ്‌നേഹിക്കുന്ന തന്റെ നാട്ടുമ്പുറത്തെ സ്‌നേഹിക്കുന്ന കിളികുളുടെ പാട്ടിനെയും ഹരിതാഭമായ മരങ്ങളെയും പാടിത്തിമിർക്കുന്ന കൂട്ടുകാരെയും പിന്നെ രാമൻ മാഷിന്റെ വീടിനു മുന്നിലെ ആൽമരത്തെയും സ്‌നേഹിക്കുന്ന ഒരു നിഷ്‌കളങ്കബാലികയുടെ ഉൻമേഷഭരിതമായ കൊച്ചു സന്തോഷങ്ങൾക്ക് കേളി കൊട്ടുകയായി. രാമൻ മാഷിന്റെ വീടിനു മുന്നിലെ ആൽമരം ചെറുതും വലുതുമായ എണ്ണമറ്റ ശാഖകളും ഉണ്ണിക്കണ്ണൻ കിടന്നുറങ്ങുന്നതെന്ന് അമ്മ പറഞ്ഞ ഇലകളും ഒപ്പം ചെങ്കല്ല് കൊണ്ട് കെട്ടിപ്പടുത്ത ഒരു തറയും ആ നാട്ടുമ്പുറത്തിന് എന്നും ജീവൻ നൽകിയിരുന്നു എന്നോർക്കുമ്പോൾ ഉപ്പുരസമുള്ള ഒരു പുഞ്ചിരി ചുണ്ടുകളിൽ തത്തിക്കളിച്ചു. കുട്ടികൾക്കും വലിയവർക്കും ഒരു പോലെ പ്രിയപ്പെട്ട ഒന്നായിരുന്നു ആ വലിയ ആൽമരം. വേനലിന്റെ കരുണയില്ലാത്ത മക്കളായ സൂര്യരശ്‌മികളെ തടുത്തു നിർത്താനും മഴക്കാലത്ത് മേഘങ്ങൾ കരയുമ്പോൾ ആ കണ്ണുനീരുകളിൽ നിന്ന് ആശ്രയം തേടി വരുന്നവരെ രക്ഷിക്കുവാനും ആ ഹരിതാഭ വൃക്ഷത്തിന് എന്നും കഴിഞ്ഞിരുന്നു. രാമൻ മാഷിനോട് സംശയം ചോദിക്കാനെന്നു പറഞ്ഞ് ആൽമരത്തിനു ചുവട്ടിലിരുന്ന് കണ്ണിമാങ്ങ കഴിച്ചും, സാറ്റ് കളിച്ചുമൊക്കെ ആനന്ദിച്ചിരുന്ന ആ ബാലികയിന്ന് കരയുകയാണ്. ആൽമരത്തിന് തൊട്ടടുത്തായതു കൊണ്ടാകണം രാമൻ മാഷിന്റെ വീടിനു പേര് ആൽത്തറ എന്നായത്. ഞാനൊരിക്കലും ആ ആൽത്തറ ഒഴിഞ്ഞു കിടക്കുന്നത് കണ്ടിട്ടില്ല. ശിവന്റെ അമ്പലത്തിലെ പൂജാരിയും പള്ളിയിലെ മുസ്‌ല്യാരും കൂടി അവിടെ സൊറ പറഞ്ഞിരിക്കുന്നത് ഞാനെത്ര തവണ കണ്ടിരിക്കുന്നു. റേഷനരി വാങ്ങിച്ചു ചുമടു താങ്ങി വരുന്നവരുടെയും വെള്ളം ചുമന്നു കൊണ്ട് വരുന്ന അമ്മമാരുടെയും നിത്യവിശ്രമകേന്ദ്രമായിരുന്നു ആ ആൽത്തറ.പലതരം വിശ്വാസങ്ങൾ, ആചാരങ്ങൾ, സംസ്‌കാരങ്ങൾ, ദിനചര്യകൾ, രീതികൾ, ഇവയെല്ലാം സമ്മേളിക്കുന്ന ഒരു വിശുദ്ധസംസ്‌ക്കാരം - അതായിരുന്നു എനിക്കും എന്റെ കൂട്ടു കാർക്കും അവിടം. ഹാ! പശുവിനെപ്പോലെ അയവിറക്കാനല്ലാതെ ആ ഓർമ്മകൾ എന്തിനു കൊള്ളാമെന്ന് പലപ്പോളും തിരുത്താൻ നോക്കിയതാണ്.എന്റെ മനസാക്ഷിയെ പറ്റിക്കാൻ ശ്രമിച്ചതാണ്. പക്ഷേ ഓരോ തവണ ശ്രമിക്കുമ്പോളും മനസിടറി പോകുന്നു. ആ ഓർമ്മകളാണല്ലോ എന്നെ ഞാനാക്കിയത്. പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത്. വിധിയെന്ന ആഴക്കടലിൽ കുറെപ്പേർ മുങ്ങിപ്പോയി. പാതി വരച്ചിട്ട ചിത്രം പോലെ പല മനുഷ്യരും ചിതലരിച്ചു പോയി. ഏതോ പകർച്ചവ്യാധി പോലെ പലരും മരണപ്പെട്ടു. നാട്ടുകാർ ജ്യോൽസ്യനെ വെച്ച് നോക്കിയത്രെ. ജ്യോത്സ്യൻ പറഞ്ഞുവത്രെ , ആ ആൽ ആ നാടിനൊരാപത്താണെന്ന്. ശുദ്ധ അസംബന്ധം ! ആ നാടിന് ഇത്രയും കാലം ജീവൻ നൽകിയ മരം രണ്ടു നിമിഷം കൊണ്ട് നാടിനു ശാപമായി മാറിയോ ? അന്ധവിശ്വാസികളായ നാട്ടുകാരെ പറഞ്ഞു മനസിലാക്കാൻ നമുക്കു പറ്റുമോ ? മരം വെട്ടുകാർ വന്നു മരം വെട്ടി. ആ മരം വെട്ടിയപ്പോൾ ആരും അറിയാതെ മുറിഞ്ഞുപോയത് ആ നാടിന്റെ ആത്‌മാവ് കൂടിയായിരുന്നു എന്ന് ആരും മനസിലാക്കിയില്ല. ആരും അറിയാം ..അറിയാഞ്ഞിട്ടല്ല – ആ നൊസ്‌റ്റാൾജിക് ഫീലിങ്സിനു വലിയ സ്ഥാനമുണ്ടെന്ന്. പക്ഷെ നേരത്തെെ പറഞ്ഞതു പോലെ അയവിറക്കാനല്ലാതെ ആ ഓർമ്മകൾ എന്തിന് കൊള്ളാം ? 12 ാം നിലയിലെ ബാൽക്കണിയിൽ നിന്നും താഴോട്ട് നോക്കിയപ്പോൾ തല ചുറ്റുന്നു. ഒന്നു കൂടി പോയികിടക്കാം. തന്റെ നാട്ടുമ്പുറത്തെയും ആ ആലിനെയും എന്തിനെക്കാളുമേറെ സ്‌നേഹിച്ച ആ നിഷ്‌കളങ്കയായ പെൺകുട്ടി ആ യന്ത്രക്കിളിയെപ്പോലെ നിർത്താതെ കരയുന്നുണ്ടാകാം.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ