പുഴതൻ കളകളാരവം മനസ്സിൽ മഞ്ഞുമഴയായ് പെയ്തിറങ്ങവെ,
ആ പുഴയിന്നു ചെറു നോവായ്
എൻ മനസ്സിൽ ഒഴുകീടുന്നു.
കിളികൾതൻ ചിറകടി ശബ്ദത്തിനായ് കാതോർത്തു കൊതിച്ചു ഞാൻ,
സ്വപ്നത്തിൽ കർണകഠോരമായ് പതിച്ച നാദം ഒരു തേങ്ങലായ് ചെവിയിൽ മുഴങ്ങി.
ശുദ്ധവായു പകർന്നീടുവാൻ തലയുയർത്തി നിന്ന മരങ്ങൾ വെറുമൊരോർമ്മപ്പെടുത്തലായ്
ഹൃദയത്താളുകളിൽ വന്നു പതിച്ച കനലായ് ചെറു നീറ്റലായ്....
ഗ്രാമാന്തരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് കൂടുമാറിയ മർത്യൻ
ഓർത്തതേയില്ല, ഗ്രാമീണ സൗന്ദര്യം
തുളുമ്പും പുൽമേടുകൾ ചരിത്രത്താളുകളായ് മാറുകയാണെന്ന്.
കാലം തെറ്റി പെയ്യുന്ന മഴയെ ദൈവം നമുക്കായി കരുതിവെച്ചപ്പോഴും
നാം മനസ്സിലാക്കിയില്ല,
പ്രകൃതിയെന്നൊരമ്മതൻ വികാരവായ്പ്പുകൾ.
ഇവയിപ്പോൾ ഒരോർമ്മപ്പെടുത്തലായ് നിൻ കരളിൽ ആണ്ടിറങ്ങിയോ?
മനുജാ നീ ഓർക്കുക
നിൻ പാപങ്ങൾക്കറുതി വരുത്തീടാൻ
പ്രകൃതിയും ഒരുങ്ങി കഴിഞ്ഞു