മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയുടെ ഓർമയ്ക്കായി വെള്ളായണി ശാന്തിവിളയിൽ സ്ഥാപിച്ച പട്ടം സ്മാരക ഗ്രന്ഥശാല ഏഴു പതിറ്റാണ്ട് പിന്നിടുന്നു. സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനും സാമൂഹിക പ്രവർത്തകനുമായിരുന്ന ശ്രീ ശാന്തിവിള അപ്പുക്കുട്ടൻനായരും അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്ന പുതുക്കുടി ശിവശങ്കരപ്പിള്ളയും ശാന്തിവിള കെ.എൻ.വേലായുധൻ പിള്ളയും ചേർന്നാണ് പട്ടം താണുപിള്ള ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ പേരിൽ ഗ്രന്ഥശാല തുടങ്ങിയത്.

ഗ്രന്ഥശാലയ്ക്ക് തുടക്കം കുറിച്ചവർ ഇന്ന് ജീവിച്ചിരിപ്പില്ലെങ്കിലും അവർ കൊളുത്തിയ അക്ഷരവെളിച്ചം കെടാതെ കാക്കുകയാണ് പിൻതലമുറക്കാർ. ഗ്രന്ഥശാലയുടെ ആദ്യത്തെ പ്രസിഡന്റ് അപ്പുക്കുട്ടൻ നായരും സെക്രട്ടറി ഭാർഗ്ഗവപ്പണിക്കരുമായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് 1946 ജനുവരി 27-നാണ് ഗ്രന്ഥശാല ആരംഭിച്ചത്. പിന്നാക്കമേഖലയായിരുന്ന ഈ പ്രദേശത്തെ സാമൂഹികപരമായും സാംസ്കാരികപരമായും ഉയർത്തുന്നതിൽ പട്ടം ഗ്രന്ഥശാല നിർണായക പങ്കാണ് വഹിച്ചത്. പിന്നീട് ക്രമാനുഗതമായി അംഗങ്ങൾ കൂടുകയും പുസ്തകങ്ങൾ വർധിക്കുകയും ചെയ്തു. 1982 ൽ സ്വന്തം സ്ഥലംവാങ്ങി. നേമം ഗോരസ വ്യവസായ സഹകരണ സംഘം, നേമം, കല്ലിയൂർ പഞ്ചായത്തുകൾ എന്നിവയുടേയും നാട്ടുകാരുടേയും പിന്തുണയോടെ കെട്ടിടം പണിതു. പിന്നീടുള്ള ഭരണ സമിതിയുടെ ശ്രമഫലമായി ഗ്രാന്റുകളും മറ്റ് സാമ്പത്തിക സഹായങ്ങളും നേടി ഇ ഗ്രേഡിൽ നിന്നു ബി ഗ്രേഡിലേക്ക് ഗ്രന്ഥശാലയെ ഉയർത്തി. ഇപ്പോൾ അറുന്നൂറിൽപരം അംഗങ്ങളും എണ്ണായിരത്തിൽപരം പുസ്തകങ്ങളുമുണ്ട്.

2015-ൽ ജില്ലാപ്പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് രണ്ടാംനിലയിൽ കോൺഫറൻസ് ഹാൾ നിർമിച്ചു. ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി സാഹിത്യ ചർച്ചകൾ, ഹിന്ദി ക്ലാസ്, വായനമത്സരങ്ങൾ, രക്തഗ്രൂപ്പ് നിർണയ ക്യാമ്പ്, ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ, മെഡിക്കൽ ക്യാമ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു. 1955-ൽ നേമത്ത് അധ്യാപകനായിരുന്ന എൻ.ജനാർദ്ദനന്റെ നേതൃത്വത്തിൽ തുടങ്ങിയ വോളിബോൾ ക്ലബ് 1982 മുതൽ ഈ ഗ്രന്ഥശാലയുടെ കീഴിലായി. പിന്നീട് ഗ്രന്ഥശാലയുടെ പ്രോത്സാഹനവും പിന്തുണയും ലഭിച്ചതോടെ വോളിബോൾ ക്ലബ്ബിൽ അംഗങ്ങളായ പ്രതിഭകൾക്ക് ദേശീയ, അന്തർദേശീയ തലങ്ങളിൽ പങ്കെടുക്കുന്നതിനും അതുവഴി വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനുമിടയായി. ഭാഷാപണ്ഡിതനും പദ്മശ്രീ ജേതാവുമായ ഡോ.വെള്ളായണി അർജ്ജുനനും ഗ്രന്ഥശാലയുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.

മുൻ നേമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന ഒ.ഷാഹുൽ ഹമീദ്, എസ്.എം. കാസിം എന്നിവരും ഗ്രന്ഥശാലയുടെ സജീവ പ്രവർത്തകരായിരുന്ന ആർ.എസ്. പിള്ള, ജി.സദാശിവൻ നായർ, വലിയവിള ചന്ദ്രശേഖരപിള്ള, ശാന്തിവിള സിദ്ധാർത്ഥൻ, വെള്ളായണി മോഹനകുമാർ, ചിറ്റകത്തു വിജയൻ, ശാന്തിവിള യു.പി. സ്കൂൾ മുൻ മാനേജർ നേമം വേലായുധൻ നായർ തുടങ്ങി ഒട്ടേറെപ്പേർ പട്ടം ഗ്രന്ഥശാലയുടെ ഉയർച്ചയ്ക്ക് സഹായിച്ചവരാണ്. നേമം വോളിബോൾ ദേശീയ റഫറിയായിരുന്ന എസ്.കെ.നായർ പ്രഡിഡന്റും കെ. വിനോദ്കുമാർ സെക്രട്ടറിയുമായ ഭരണസമിതിയാണ് നിലവിലുള്ളത്. പത്രമാസികകളും ആനുകാലികങ്ങളും ഉൾപ്പെടെ ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഗ്രന്ഥശാലയ്ക്കുണ്ട്.


ശാന്തിവിളയിലെ മഹാപ്രസ്ഥാനങ്ങൾ

ഖാദി പ്രസ്ഥാനം വ്യാപകമാകുന്നതിനു ഭാഗമായി കേന്ദ്ര ഗവൺമെന്റ് തുടങ്ങിയ ഇൻറൻസീവ് ഏരിയാ സ്കീം. പ്രോജക്റ്റിന്റെ ഭാഗമായി വിവിധ ചെറുകിട വ്യവസായങ്ങളും ട്രെയിനിംഗ് പ്രോഗ്രാമുകളും തുടങ്ങാൻ നേമം ഗ്രാമസേവാ സമിതിയുടെ കീഴിലുള്ള സ്ഥലവും കെട്ടിടവും വിട്ടു നൽകുകയും ഖാദി, എണ്ണയാട്ട്, തുകൽ വ്യവസായം, സോപ്പ് നിർമ്മാണം, ഫൈബർ വ്യവസായം, ചർക്ക ഉൽപാദനം, തീപ്പെട്ടി വ്യവസായം, വർക്ക് ഷോപ്പ്, എന്നിവയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു.ഈ വ്യവസായ സംരംഭങ്ങൾ ഉദ്ഘാടനം നിർവഹിച്ചത് കേന്ദ്രമന്ത്രി ശ്രീ ജയപ്രകാശ് നാരായണൻ ആണ്. ഉദ്ഘാടനം നിർവഹിച്ച സംസാരിച്ച അദ്ദേഹമാണ് ഈ പ്രസ്ഥാനത്തിന് "സർവ്വോദയം" എന്ന് പേര് നൽകുകയും ആ പ്രദേശം പിന്നീട് സർവ്വോദയം എന്ന് അറിയപ്പെടാനും തുടങ്ങി. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്ന് വ്യവസായ സംരംഭകർ ഇവിടെ അവരുടെ വ്യവസായം തുടങ്ങി. ഒപ്പം കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടുന്ന് ട്രെയിനിങ് പ്രോഗ്രാമുകളും നടന്നുവന്നിരുന്നു. കേരളത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടുന്ന് ട്രെയിനിങ് ലഭിച്ചവർ പോവുകയും അവിടെയെല്ലാം വ്യവസായ സംരംഭങ്ങൾ പുരോഗമിക്കുകയും ചെയ്തു.സ്റ്റൈഫന്റോടു കൂടിയാണ് അവർ ട്രെയിനിങ് നേടിയത് എന്നതും പ്രസ്താവ്യമാണ്. ഇതിന്റെയെല്ലാം പിന്നിൽ പ്രവർത്തിച്ച പ്രഗത്ഭരായിരുന്നു ശ്രീ.കിടങ്ങൂർ ഗോപാല കൃഷ്ണപിള്ളയും ശ്രീമാൻ.ശാന്തിവിള അപ്പുക്കുട്ടൻ നായരും.

കോപ്പറേറ്റീവ് കോളേജ് എന്ന ഹിന്ദി വിദ്യാലയം ഉണ്ടായിരുന്ന സ്ഥലത്താണ് 1954 ൽ സോഷ്യൽ വെൽഫെയർ ബോർഡ് നഴ്സറിസ്കൂൾ അനുവദിച്ചത്. ട്യൂട്ടോറിയൽ കോളേജിന് വേണ്ടി കെട്ടിയ കെട്ടിടം പിന്നീട് സ്കൂൾ കെട്ടിടമാക്കി മാറ്റി. കൃഷ്ണപിള്ള സാർ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. ശ്രീ.വിശ്വംഭരൻ എം.എൽ.എ യുടെ സഹായത്തോടുകൂടി യുപി സ്കൂളായി ഉയർത്താൻ സാധിച്ചു. 1960 ൽ അനുമതി ലഭിച്ചു .1961 ൽ യു.പി. ക്ലാസുകൾ തുടങ്ങി. കെട്ടിടം ആവശ്യമായി വരുകയും സർവോദയഫണ്ടിൽ നിന്നും പണം കടമായി എടുത്ത് രണ്ടുനില സ്കൂൾ കെട്ടിടം കെട്ടുകയും ചെയ്തു. യു പി സ്കൂൾ കെട്ടിടം ശ്രീ. നാരായണ പിള്ള എംപിയാണ് ഉദ്ഘാടനം ചെയ്തത്. അനവധി അധ്യാപകരും അനദ്ധ്യാപകരുമായി നിരവധി പേരെ നിയമിക്കാനും അവർക്ക് ഗവൺമെൻറ് നിലവാരത്തിലുള്ള ശമ്പളവും പെൻഷനും ലഭിക്കുവാനുള്ള പ്രവർത്തനങ്ങൾ ഈ മഹാന്മാർ നടത്തുകയുണ്ടായി. സ്കൂളിന് പ്രാധാന്യം കൊടുത്തതോടെ സർവ്വോദയം സ്ഥാപനങ്ങളുടെ പുരോഗതിക്ക് തടസ്സം വന്നു കാലാന്തരത്തിൽ പ്രോജക്റ്റുകൾ നിന്നു പോവുകയാണുണ്ടായത്. സ്കൂളിന് പുരോഗതിയുമുണ്ടായി.

നേമം ഗോരസവ്യവസായ സഹകരണ സംഘത്തിന് കീഴിൽ പട്ടം സ്മാരക ഗ്രന്ഥശാലയും പ്രവർത്തിക്കുന്നു. പശു പരിപാലന കേന്ദ്രവും പാൽ വിതരണ കേന്ദ്രവും സഹകരണ സംഘത്തിന് കീഴിൽ പ്രവർത്തിക്കുന്നു. ശ്രീ. പട്ടംതാണുപിള്ള പി.എൻ പണിക്കരെ തിരുവിതാംകൂർ സ്റ്റേറ്റ് ലൈബ്രറി ഓർഗനൈസറായി നിയമിച്ചപ്പോൾ ശ്രീ.അപ്പുക്കുട്ടൻ നായരെ തിരുവനന്തപുരത്ത് ജില്ലാ ലൈബ്രറി ഓർഗാനൈസറായും നിയമിച്ചു. അദ്ദേഹത്തിന്റെ സ്വന്തം ലൈബ്രറി ആയിരുന്നു ആദ്യം പട്ടം സ്മാരക ഗ്രന്ഥശാല. പട്ടം താണുപിള്ള ജീവിച്ചിരുന്നപ്പോൾ തന്നെ അദ്ദേഹത്തിൻറെ പേരിൽ സ്ഥാപിതമായതാണ് ആണ് ഈ ഗ്രന്ഥശാല.

ശ്രീ കെ.എൻ വേലായുധൻപിള്ളയുടെ നേതൃത്വത്തിലാണ് സർവ്വേ സ്കൂൾ ശാന്തിവിളയിൽ ആരംഭിച്ചത്. അന്നത്തെ റവന്യൂമന്ത്രി ആയിരുന്ന ശ്രീ. ബേബിജോൺ ഈ സ്ഥാപനം തുടങ്ങുന്നതിന് അനുവാദം നൽകി അതുപോലെ നേമത്ത് ഡിസ്പെൻസറിയായിരുന്നത് ശാന്തിവിള താലൂക്ക് ആശുപത്രിയായി ഉയർന്നതിന് പിന്നിലും ഈ നാട്ടിലെ മഹാന്മാരുടെ സേവനം സ്തുതൃർഹമാണ്. 1961 ൽ ഗാന്ധിസെന്റിനറി ഹോസ്പിറ്റൽ എന്ന പേരിൽ തുടങ്ങി. ശ്രീ.ഓ.ഷാഹുൽ ഹമീദ് പ്രസിഡന്റായും പുതുക്കുടി.ശിവശങ്കരപ്പിള്ള ട്രഷററായും തേവലശ്ശേരി.കൃഷ്ണൻ നായർ സെക്രട്ടറിയായുമുള്ള കമ്മറ്റിയാണ് ആശുപത്രിയുടെ ചുമതല നിർവ്വഹിച്ചിരുന്നത്.ജി.കുട്ടപ്പൻ എം എൽ എ‍ ഗാന്ധി സെൻറിനറി ഹോസ്പ്പിറ്റൽ 12 കിടക്കളോടെ സർക്കാർ ഹോസ്പ്പിറ്റലായി പുരോഗമിച്ചു മെരിലാൻറ് സ്റ്റുഡിയോസ്ഥാപകൻ പി സുബ്രമണ്യനാണ് ഹോസ്പ്പിറ്റൽ കെട്ടിടം മാതാവിൻറെ ഓർമ്മക്കായി നിർമ്മിച്ചത്. ആരോഗ്യമന്ത്രിയായിരുന്ന ശ്രീ. ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. സൂപ്രണ്ടായി കെ. ലളിതമ്മ ചമുതലയേറ്റു.

അതുപോലെ സർവോദയത്തിൻറെ സ്ഥലമായിരുന്നു ചന്തയും. ഇത് പിന്നീട് പഞ്ചായത്ത് ലേലത്തിൽ പിടിച്ചു. പ്രദേശത്തേക്കുള്ള പല റോഡുകളും വെട്ടി ഉണ്ടാക്കിയതിനു പിന്നിലും ശ്രീ അപ്പുക്കുട്ടൻനായരും സംഘവും ഉണ്ടായിരുന്നു.കുരുമി റോഡ് ഉദ്ഘാടനം ചെയ്തത് അന്ന് മുഖ്യമന്ത്രിയായിരുന്ന ശ്രീ.പട്ടംതാണുപിള്ളയായിരുന്നു. 7 ബസ് സർവീസുകൾ അതുവഴി ഉണ്ടായിരുന്നു. ഇങ്ങനെ പ്രഗൽഭമായ പാരമ്പര്യമുള്ള ഒരു പ്രദേശമാണ് ശാന്തിവിള .