ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം

“ ഒരു തൈ നടാം നമുക്ക് അമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചുമക്കൾക്കുവേണ്ടി
ഒരു തൈ നടാം നൂറുകിളികൾക്കുവേണ്ടി
ഒരു തൈ നടാം നല്ല നാളേക്കുവേണ്ടി ”


എന്ന കവിവചനം ശ്രദ്ധേയമാണ്. ആരോഗ്യം സമ്പത്ത് എന്ന് എല്ലാവരും തിരിച്ചറിയണം. ആധുനിക വൽക്കരണത്തിന്റെ പേരിൽ നാം ഇപ്പോഴും വൃക്ഷങ്ങൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയുടെ ഹരിതാഭയും പച്ചപ്പും നഷ്ടമായികൊണ്ടിരിക്കുന്നു. ആധുനികവൽക്കരണവും പച്ചപ്പും സമന്വയിപ്പിച്ചുകൊണ്ട് മുന്നേറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.


മനുഷ്യർക്കും മറ്റ് ജീവികൾക്കും ഒരു പോലെ അവകാശപ്പെട്ട ഈ ഭൂമി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. കേരളം നിരവധി പാരിസ്ഥിതികപ്രശ്നങ്ങളിൽ പെട്ടുഴലുകയാണ്. അടുത്ത കാലത്തുണ്ടായ പ്രളയവും മറ്റ് പ്രകൃതിദുരന്തങ്ങളും മനുഷ്യന്റെ പ്രകൃതിയിലേക്കുള്ള അതിരുവിട്ട കടന്നു കയറ്റത്തിന്റെ ഫലമാണ്. ഭൂമിയുടെ അന്തരീക്ഷത്തിൽ ഹരിതഗൃഹവാതകങ്ങളുടെ അളവ് ക്രമാതീതമായി കൂടുന്നു. അന്തരീക്ഷതാപനില ഉയരാൻ പ്രധാനകാരണമാണിത്. താപനിലയിലെ മാറ്റം നമ്മുടെ കാലാവസ്ഥയെ മാറ്റിമറിക്കുന്നു. കാടും പുഴയും കുന്നും വയലും കായലും നശിപ്പിക്കുന്നത് കേരളത്തിലെ കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. മാലിന്യങ്ങൾ പെരുകുന്നത് വിവിധ രോഗങ്ങൾക്ക് കാരണമാകുന്നു. പുതിയ രോഗങ്ങൾ (കോവിഡ്-19 ,നിപ്പ ) പുതിയ ഭീഷണിയാകുന്നു. ഈ സ്ഥിതിയെ മറികടക്കാൻ നമുക്ക് കഴിയണം.


പ്രകൃതി സ്നേഹം തീർച്ചയായും മലിനീകരണത്തിന്റെ തോത് കുറയ്ക്കും. മരങ്ങൾ വ്യാപകമായി നട്ടുവളർത്തുന്നത് ക്രമേണ എയർ കണ്ടീഷണറുകളുടെ ഉപയോഗം കുറയ്ക്കും. കാർഷിക സംസ്കൃതിയിൽ അടിയുറച്ച് നിൽക്കുന്ന രാജ്യമാണ് ഭാരതം. വനനശീകരണം പരിസ്ഥിതിയെ ഗുരുതരമായി തകരാരിലാക്കുന്നു. വ്യവസായ യുഗത്തിലെ അതിഭീകരമായ പരിസ്ഥിതി മലിനീകരണത്തിനിടയിലും നമ്മുടെ അന്തരീക്ഷം അല്പമെങ്കിലും ശുദ്ധമായി നിലനിൽക്കുന്നത് വനങ്ങൾ മൂലമാണ്.


സസ്യങ്ങൾ ഇല്ലെങ്കിൽ മനുഷ്യന് ജീവവായു പോലും ലഭ്യമല്ല. വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമാണ് വനങ്ങൾ. വനനശീകരണം ഏറെ ബാധിക്കുന്നത് വന്യജീവികളുടെ ആവാസ വ്യവസ്ഥയെയാണ്. ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും ജീവന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്നു. വനനശീകരണം, പുൽപ്രദേശങ്ങൾ നശിപ്പിക്കൽ, ഭീമാകാരമായ അണക്കെട്ടുകളുടെ നിർമ്മാണം, വ്യവസായശാലകളിൽ നിന്ന് മാലിന്യം പുറന്തള്ളുന്നത്, കീടനാശിനികളുടെ അമിതോപയോഗം എന്നങ്ങനെയുള്ള പ്രവർത്തികൾ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.


മനുഷ്യൻ പ്രകൃതിയുടെ ഭാഗമായതിനാൽ പ്രകൃതിയിലുണ്ടാകുന്നമാറ്റങ്ങൾ മനുഷ്യനെയും കാര്യമായിതന്നെ ബാധിക്കും. വീടിനുള്ളിൽ നല്ല ചൂടായിരിക്കുമ്പോൾ പുറത്ത് വൃക്ഷത്തണലിൽ നല്ല കുളിർമ അനുഭനപ്പടുന്നു. വ്യക്തിയും പരിസ്ഥിതിയും തമ്മിൽ പരസ്പരം സഹായിക്കുന്ന ആരോഗ്യകരമായ ഒരു ബന്ധം നിലനിർത്തുവാൻ കഴിയുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. പരിസ്ഥിതി സംരക്ഷണത്തിന്റെ ഉത്തരവാദിത്വങ്ങൾ സമൂഹം ഏറ്റെടുക്കേണ്ടതാണ്. ഒരു മരം നടുമ്പോൾ നാളേക്കായി ഒരു ചുവടുവയ്പ്പാണ് നമ്മൾ നടത്തുന്നത്.


സൂര്യ ലാൽ ജെ എൽ
9 ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം