നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/കൈത്താങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
കൈത്താങ്ങ്

സമയം ഏകദേശം ഒൻപത് മണിയായി കാണും തന്റെ മുറിയിലെ തൂങ്ങി കിടക്കുന്ന ക്ലോക്കിലേക്ക് നോക്കിയ ശേഷം അവൾ എഴുന്നേറ്റു. അടുക്കളപ്പുറത്ത് അമ്മയും പാത്രങ്ങളും തമ്മിലുള്ള മഹായുദ്ധത്തിലെ വെടിയൊച്ചകൾ കേട്ടാണ് ഉണർന്നത്. തലമുടി കയറ്റി കെട്ടി അവൾ അടുക്കളയിലേക്ക് ചെന്നു. അമ്മ ഒരു ഗ്ലാസ് കട്ടൻ കാപ്പി കൊടുത്തുകൊണ്ട് പറഞ്ഞു:

"ഹാ, പരിസ്ഥിതിസംരക്ഷകി ഉണർന്നോ? ". ആ ചോദ്യത്തിന് ചെവികൊടുക്കാതെ അവൾ ഉമ്മറത്തേക്ക് ചെന്നു. അവിടെ അടുത്ത. ചോദ്യവുമായി അച്ഛനും കാത്തിരിക്കുകയായിരുന്നു. അവൾ അതിൽ നിന്നും എല്ലാം ഒഴിഞ്ഞുമാറി മുറ്റത്തെ ചെടികളെ നനയ്ക്കാൻ ആരംഭിച്ചു. അപ്പുറത്തെ വലിയ മാളിക പോലെയുള്ള വീട്ടിലെ പൂന്തോട്ടത്തിലേക്ക് പോയി അവളുടെ ശ്രദ്ധ. അങ്ങനെ അവിടെ ലയിച്ചു നിൽക്കുമ്പോഴാണ് അവളുടെ കൂട്ടുകാരി അമ്മയുടെ ശബ്ദം അവളെ ഉണർത്തിയത്.

"നീ ഇന്ന് സ്കൂളിലേക്ക് വരുന്നില്ലേ". അവൾ പെട്ടന്നാണ് ഓർത്തത് ഇന്ന് തിങ്കളാഴ്ച ആണെന്ന്.

അതേ വരുന്നുണ്ട് എന്ന് പറഞ്ഞ് അവൾ ഉള്ളിലേക്ക് ഓടി.

നിങ്ങളിപ്പോൾ വിചാരിക്കുന്നുണ്ടാവും എന്തിനാണ് അവളെ എല്ലാവരും ഇങ്ങനെ കളിയാക്കുന്നത് എന്ന അല്ലേ?. അവൾക്ക് പ്രകൃതിയെ അത്രമാത്രം ഇഷ്ടം ആണോ? എന്ന്. അതെ അവൾ തന്റെ അതെ അവൾ ജീവനോളം പ്രകൃതിയെ സ്നേഹിച്ചു. വഴിയിൽ എവിടെയെങ്കിലും ഒരു ചെടിയെ കണ്ടാൽ അവൾ അത് പറിച്ചു വീട്ടിൽ കൊണ്ടുവരും. ചിലർ അതിനെ ഭ്രാന്തായി കരുതി. അവളുടെ ചിന്തകളെയും കഴിവുകളെയും ആരും അടുത്ത് അറിഞ്ഞില്ല. എല്ലായിടത്തും അവൾക്ക് കളിയാക്കലും പരിഹാസവും മാത്രം. ഇപ്പോൾ അവർക്ക് പ്രശ്നമല്ല. ആദ്യം അവളുടെ കുഞ്ഞു മനസ്സിനെ അത് വേദനിപ്പിച്ചു. പിന്നീട് അത് അവളെ വാശിയിലേക്ക് എത്തിച്ചു. അവൾ വീണ്ടും അവളുടെ പരിശ്രമങ്ങൾ തുടർന്ന. അവളിപ്പോൾ ആറാം ക്ലാസിലാണ്. അഞ്ചാം ക്ലാസ് കഴിയാറായപ്പോൾ വന്ന ജയഭാരതി എന്ന ടീച്ചറാണ് അവളുടെ ഏക ആശ്വാസം. ആദ്യമായി അവളെ പ്രോത്സാഹിപ്പിച്ചതും ടീച്ചർ ആണ്. അതുകൊണ്ട് തന്നെ അവൾ മറ്റാരെക്കാളും ടീച്ചറെ ഇഷ്ടപ്പെട്ടു. ഇപ്പോൾ നിങ്ങൾക്ക് കാരണം മനസ്സിലായെന്നു തോന്നുന്നു. ഇനി നമുക്ക് കഥയിലേക്ക് തിരിക്കാം. ക്ലാസ്സ് എത്തുമ്പോഴേക്കും തുടങ്ങിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഓടിക്കിതച്ച് ആണ് അവളുടെ വരവ്. അപ്പോഴേക്കും ടീച്ചർ അവളുടെ പേര് ഹാജർ വിളിച്ചു കഴിഞ്ഞു. അപ്പോൾ തന്നെ ഏറ്റവും പിന്നിലെ ബെഞ്ചിലെ രാഹുൽ എഴുന്നേറ്റു പറഞ്ഞു:

" അവൾ വഴിയിൽ വല്ല ചെടിയോ മറ്റോ കണ്ടു കാണും". അവൻ പറഞ്ഞു തീർന്നതും ക്ലാസ്സിൽ ഇടിമുഴക്കം പോലെ ചിരി തുടങ്ങി. അതിനിടയിലൂടെ തലതാഴ്ത്തി അവർ കടന്നിരുന്നു. ടീച്ചർ പഠിപ്പിക്കാൻ തുടങ്ങി. പക്ഷേ അവളുടെ ശ്രദ്ധ അവിടെയൊന്നും അല്ലായിരുന്നു. അവളുടെ മനസ്സിൽ വാശിയുടെ അഗ്നി പരക്കുകയായിരുന്നു. അവളുടെ ചിന്തകളെയും ആഗ്രഹങ്ങളെയും മറ്റുള്ളവരെ അറിയിക്കാനുള്ള വാശി. ആയിടക്കാണ് അവളുടെ സ്കൂളിലെ പ്രിൻസിപ്പൽ സ്കൂളിന്റെ മുന്നിലുള്ള മൂവാണ്ടൻ മാവ് മുറിക്കാൻ തീരുമാനിച്ചത്. അത് അവളെ സങ്കടത്തിലേക്കാഴ്ത്തി. അവൾ അതിനെതിരെ പൊരുതാൻ തീരുമാനിച്ചു. സ്കൂളിലെ ഒഴിവു സമയങ്ങളിലെല്ലാം അവൾ ആ മാവിന്റെ അരികിൽ ഇരുന്നാണ് സമയം ചെലവഴിക്കാറുള്ളത്. അതുകൊണ്ട് തന്നെ അവൾക്ക് അത് അംഗീകരിക്കാൻ കഴിഞ്ഞില്ല. വിവരം അറിഞ്ഞതും അവർ സ്റ്റാഫ് റൂമിലേക്ക് ആണ് ഓടിയത്. ഉടനെതന്നെ ജയ ടീച്ചറുടെ അരികിൽ ചെന്ന് നിന്നു. ഓടിക്കിതച്ച് വന്ന് അവളോട് ടീച്ചർ കാര്യമന്വേഷിച്ചു. ടീച്ചർ അക്കാര്യം മുന്നേ അറിഞ്ഞിരുന്നു." ഉണ്ണുന്ന ചോറിൽ കല്ലിടരുതല്ലോ". പ്രിൻസിപ്പാളുടെ തീരുമാനത്തെ ഒരു ടീച്ചർ എന്ന നിലക്ക് എതിർക്കാൻ ആവില്ലല്ലോ. എന്നാലും ടീച്ചർ അവളെ നിരുത്സാഹപ്പെടുത്തി യില്ല. ടീച്ചർ അവളോട് പറഞ്ഞു നീ അതിനെതിരെ പൊരുതി കോളു. ഒരു കുട്ടി എന്ന നിലക്കു നിന്നെ അവർ പരിഗണിക്കും. നിന്റെ കൂടെ ഞാനുണ്ടാകും. അവൾ തിരിച്ചു വന്നു. അന്ന് അവൾക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. അവളുടെ മനസ്സ് മുഴുവൻ ആ മൂവാണ്ടൻ മാവ് കായ്ച്ചുനിന്നു അവൾ അക്കാര്യം വീട്ടിൽ പറഞ്ഞില്ല.പിന്നെ അതാവും ചർച്ചാവിഷയം. ദിവസം ചെല്ലുന്തോറും അവൾ ആകെ കുഴപ്പത്തിലായി. അങ്ങനെ ആ ദിവസമെത്തി. അവൾ നടന്നു വരികയായിരുന്നു അപ്പോഴാണ് അവൾ മാവിന്റെ അടുത്ത് ഒരു ചെറിയ ജനക്കൂട്ടം കണ്ടത്. അവൾ അവിടേക്ക് ചെന്നു. അതെ മരം മുറിക്കാനുള്ള ആയുധവുമായി ഒരാൾ നിൽക്കുന്നു. അയാൾ ആയുധം മരത്തിന്റെ കഴുത്തിലേക്ക് വെച്ചതും അവൾ ബാഗും പുസ്തകവും നിലത്തിട്ട് മാവിന്റെ മുന്നിൽ ചെന്നു നിന്നു തടഞ്ഞു. അവർ അവളോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. അവൾ അവളുടെ ശബ്ദമുയർത്തി. അവൾ പറഞ്ഞു:" ഈ നിങ്ങൾ തന്നെയല്ലേ ഞങ്ങൾക്ക് പ്രകൃതിയെ പറ്റി പാഠങ്ങൾ പറഞ്ഞു തരുന്നത്? നിങ്ങൾ തന്നെയല്ലേ മരങ്ങളെ സംരക്ഷിക്കാനും പറയുന്നത്? നിങ്ങൾ വെറുതെ പറഞ്ഞാലും ഉപദേശിച്ചാലും മാത്രം മതിയാവില്ല. പ്രവർത്തിച്ചു കാണിക്കുകയും വേണം". അവളുടെ വാക്കുകൾ പ്രിൻസിപ്പളുടെ കണ്ണുതുറപ്പിച്ചു. എല്ലാവരും അത്ഭുതംകൂറി നിൽക്കുമ്പോൾ അതിനിടയിൽ ഒരു പുഞ്ചിരി മാത്രം നിറഞ്ഞുനിന്നു. അവളുടെ ആഗ്രഹം പോലെ ലോകം മുഴുവൻ അവളുടെ ആശയങ്ങളും ചിന്തകളും അറിഞ്ഞു.അതേ അവൾ പ്രശസ്തയായി. മുതിർന്നവർക്കും കുട്ടികൾക്കും അവൾ ഒരു മാതൃകയായി. അവളെ പരിഹസിച്ചവരുടെ ചുണ്ടുകളെ അവൾ അടപ്പിച്ചു. അവരുടെ നാവുകളെ അവൾ തളർത്തി. അന്ന് അവിടെയുണ്ടായ ഏതോ ഒരു" മനുഷ്യൻ "അവളുടെ വാക്കുകളെ മൊബൈൽഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. അതിലൂടെ അവൾ കയറി വന്നു. അവളെ എല്ലാവരും അനുമോദിച്ചു. അവളെ ആദരിച്ചു. അവളുടെ അച്ഛനുമമ്മയും അവളിനാൽ അഭിമാനം കൊണ്ടു. അങ്ങനെ മാധ്യമങ്ങളിൽ അവളുടെ പേര് നിറഞ്ഞുനിന്നു. അതെ സ്റ്റെല്ല എന്ന അവളുടെ പേര് എല്ലായിടത്തും നിറഞ്ഞു നിന്നു.

നെഹ്‍ല ഷെറിൻ
7 A നാവാമുകുന്ദ തിരുനാവായ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ