നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ *വാനരചിന്തകൾ*

Schoolwiki സംരംഭത്തിൽ നിന്ന്
*വാനരചിന്തകൾ*


 ഗരത്തിന്റെ പ്രാന്തപ്രദേശത്ത് ആളൊഴിഞ്ഞ സ്ഥലത്ത് മാലിന്യക്കൂമ്പാരത്തിന്റെ അടുത്ത് വർഷങ്ങളായി തമ്പടിച്ചിരുന്ന വാനര സംഘം, 
അവരുടെ നേതാവായി ഞാനും.
നേതാവ് എന്ന് പറയുമ്പോൾ തിരഞ്ഞെടുപ്പും,  ജനാധിപത്യവും ഒന്നുമില്ല കൂട്ടത്തിൽ ശക്തനായവൻ, കൂടെയുള്ളവരെ സംരക്ഷിക്കുന്നു. കൂട്ടത്തിലെ വികൃതിയായ കുട്ടിക്കുരങ്ങനെ അന്വേഷിച്ചിറങ്ങിയതാണ് ഞാൻ.
     ആർക്കുവേണ്ടിയും നിലയ്ക്കാതെ ഓടിക്കൊണ്ടിരിക്കുന്ന നഗരം, പെട്ടെന്നൊരു ദിവസം ശാന്തമായി.
    എന്തോ പരിഹരിക്കാനാവാത്ത  യന്ത്രത്തകരാർ സംഭവിച്ചതുപോലെ. 
 ആഘോഷങ്ങൾക്കും ആർഭാടങ്ങളും യാതൊരു കുറവും,  ഇല്ലാതിരുന്നതിനാൽ ഭക്ഷണം തേടി മാലിന്യക്കൂമ്പാരത്തിന്റെ അപ്പുറം പോകേണ്ടി വന്നിട്ടില്ല, 
ഇപ്പോൾ സ്ഥിതി അങ്ങനെയല്ല പച്ചപ്പ് വിരളമായ സിറ്റിയിൽ ഇനിയും പിടിച്ചുനിൽക്കാനാവില്ല. തിരിച്ചു കാട്ടിലേക്ക് തന്നെ മടങ്ങേണ്ടിവരും.

       തെരുവിലൂടെ നടന്നു പോകുന്ന മനുഷ്യരുടെ അവജ്ഞയോടെ ഉള്ള നോട്ടവും, മുനിസിപ്പാലിറ്റി ജീവനക്കാരുടെ ഉപദ്രവവും, വല്ലപ്പോഴും വന്നുപോകുന്ന മൃഗ വകുപ്പ് വണ്ടിയും, ഒഴിച്ചാൽ നഗരജീവിതം സാമാന്യം തരക്കേടില്ലായിരുന്നു.
പ്രകൃതി കീഴടക്കാനും പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുവാനും ഉള്ളതാണ് എന്ന മനുഷ്യന്റെ കുടില  ചിന്തയിൽ, ഞങ്ങൾക്ക് കാട് നഷ്ടപ്പെട്ടു.
    ശാസ്ത്ര സാങ്കേതിക വളർച്ചയിൽ അഭിമാനിക്കുന്ന മനുഷ്യൻ ഒരിക്കലും അവന്റെ അസ്ഥിത്വം തിരിച്ചറിഞ്ഞില്ല. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന മരംവെട്ടുകാരൻ പിന്മുറക്കാരായ അവർ. 
അവന്റെ ചിന്താശേഷി യിൽ അത്യാഗ്രഹത്തിന്റെ ആവരണം പടർന്നിരിക്കുന്നു, പരസ്പരം വെട്ടി പിടിക്കുമ്പോഴും, സാമ്രാജ്യം പണിയുമ്പോഴും ഒരിക്കലും അവൻ തിരിഞ്ഞു നോക്കിയതേയില്ല.
          ജീവ പ്രകൃതിയുടെ സന്തുലനം തന്നെ താറുമാറായി പോയപ്പോഴും, അവൻ ശാസ്ത്ര നേട്ടങ്ങളെപ്പറ്റി വാചാലനായി. പരിണാമത്തെയും ജനിതക സാങ്കേതികതയുടെയും, ഒക്കെ പൊരുൾ അറിഞ്ഞു സ്വയം പ്രപഞ്ച ശക്തിയായി താൻ മാറുകയാണെന്ന് ഒരു മൂഢനെപോലെ അവൻ അഹങ്കരിച്ചു.


          എല്ലാം മിഥ്യകളുടെ മൂടുപടം കൊഴിഞ്ഞു  വീണിരിക്കുന്നു. 
വെറുമൊരു വൈറസ് പരിണാമത്തിന്റെ പുസ്തകത്തിൽ കൂട്ടിച്ചേർക്കാൻ ആവാത്ത ഒരു ഏട്, ചേതനയറ്റ നൂറ്റാണ്ടുകൾ കഴിയാനും,  ജീവശരീരത്തിൽ എത്തിപ്പെട്ട്  പെറ്റു പെരുകാനും കഴിവുള്ള ഒരു വിചിത്ര ശക്തി, നിലച്ചില്ലേ എല്ലാ ഓട്ട പാച്ചിലുകളും. 
തിരക്കിനെ കൂട്ടുപിടിച്ച് പായുമ്പോൾ പിന്നോട്ട് തിരിഞ്ഞു നോക്കി കരുണയോടെ ഒരു വാക്ക് പറയാൻ കഴിയാത്ത നിങ്ങൾ ഇപ്പോൾ ദൈവത്തിന്റെ കാരുണ്യത്തിനായി കരയുകയല്ലേ? നിലയ്ക്കാത്ത തിരക്കിൽ അലഞ്ഞിരുന്ന നഗരത്തിൽ ഇപ്പോൾ ആംബുലൻസുകളും വല്ലപ്പോഴും വരുന്ന പോലീസ് വാഹനങ്ങളും മാത്രം. നിങ്ങളുടെ വിനോദത്തിനായി കൂട്ടിലടച്ച ജീവികളെ പോലെ,
ഇപ്പോൾ നിങ്ങളും കോൺക്രീറ്റ് സൗധങ്ങളിൽ തടവുകാരായി.  സ്വാതന്ത്ര്യം നഷ്ടപ്പെട്ടവരുടെ വേദന ഇന്ന് നീയും അറിഞ്ഞു.
         ന്യൂട്ടന്റെമൂന്നാം ചലന നിയമം കാണാതെ പഠിച്ച് പരീക്ഷ എഴുതാൻ മാത്രമായിരുന്നില്ല അത് പ്രകൃതിയുടെ നിയമം ആയിരുന്നു. സാംസ്കാരിക പൂർണതയിലേക്ക് 200 വർഷത്തിനകം കടക്കുമെന്ന് സ്വപ്നം കാണുന്ന നീ ഇനിയെങ്കിലും പ്രകൃതിയെ  വെല്ലുവിളിക്കാതെ ജീവിക്കാൻ തുടങ്ങുമെന്ന് ആശിക്കാം, നീ കരുതി ഇല്ലെങ്കിലും സഹജീവികളായ നിന്നെ ഞങ്ങൾ എന്നും കരുതലോടെ സ്നേഹിക്കും. ഈ പ്രപഞ്ചത്തിന് നിയമം,  സ്നേഹത്തിന്റെ, കരുതലിന്റെ കാരുണ്യത്തിന്റെ ആണ്.
            കൊറോണക്കപ്പുറം മനുഷ്യൻ മനുഷ്യനായി പരിണമിക്കട്ടെ. മാനവികതയുടെ പ്രകാശം ലോകമെങ്ങും പരക്കട്ടെ. 
ചിന്തകൾ കാടു കയറുന്നു, തെളിഞ്ഞ ആകാശവും ശുദ്ധവായുവും കൊണ്ട് നഗരം വൃത്തിയായി തുടങ്ങിയിരുന്നു.  മൈതാനത്തിൽ ആരോ ഉപേക്ഷിച്ച പന്ത് കളിച്ചു നടക്കുകയാണ് എന്റെ കുട്ടിക്കുരങ്ങൻ.  ആരുടെയും അടിയും ശകാരവും കേൾക്കാതെ അവൻ കളിക്കട്ടെ. കുറച്ചുനേരം ഈ തണലിൽ ഞാൻ വിശ്രമിക്കട്ടെ. നല്ലൊരു നാളെക്കായി പ്രാർത്ഥിക്കാം.
" ലോകാ സമസ്താ സുഖിനോ ഭവന്തു"


കൃഷ്ണ . ആർ
10 A നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ