നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്


രോഗ പ്രതിരോധം


നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്ന പല മഹാമാരികളെയും നാം അതിജീവിക്കുകയും ഒരു പരിധിവരെ നിർമാർജ്ജനം ചെയ്യുകയും ചെയ്തിട്ടുണ്ട് . അതി ഭീകരമായിരുന്ന വസൂരി , പോളിയോ, ചിക്കൻഗുനിയ , എലിപ്പനി , ഡെങ്കിപ്പനി, ജപ്പാൻജ്വരം എന്നീ മാരകമായ രോഗങ്ങളെ നിയന്ത്രിച്ചുനിർത്താൻ നമുക്ക് സാധിച്ചിട്ടുണ്ട് . ഇതിനിടയിലാണ് നമ്മുടെ കേരളത്തെ നടുക്കിയ നിപ വൈറസ് പടർന്നു പിടിച്ചത് .അതിൽ നിന്നും രക്ഷനേടുവാൻ നമ്മുടെ ആരോഗ്യമേഖലക്ക് സാധിച്ചു . വസൂരിയും പോളിയോയും ഭൂമുഖത്തു നിന്ന്തന്നെ തൂത്തെറിയപ്പെട്ടു .
സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും പ്രധാനമായ പരിഹാരമാർഗം കൊതുകുനിവാരണമാണ് . പ്ലാസ്റ്റിക് ദുരുപയോഗം മൂലം പരിസ്ഥിതിക്ക് വന്നിട്ടുള്ള ദോഷങ്ങൾ അനവധിയാണ് . വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളിൽ കൊതുകുകൾ മുട്ടയിട്ടു വളരുന്നു . ജലമലിനീകരണം , വായു മലിനീകരണം കൂടാതെ പല തരത്തിൽ പ്രതികൂലമായി ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് പ്രതിവിധി കണ്ടെത്താനായാൽ നമ്മുടെ സാംക്രമിക രോഗങ്ങളെ നിയന്ത്രിച്ചു നിർത്താൻ കഴിയും . വ്യക്തിശുചിത്വം പരിസരശുചിത്വം എന്നിവ രോഗങ്ങളെ പ്രതിരോധിക്കാൻ അത്യാവശ്യമാണ് . കഴിയുന്നതും പുറത്തുനിന്നു ഭക്ഷണം കഴിക്കാതിരിക്കുക വറുത്തതും പൊരിച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ കഴിവതും ഒഴിവാക്കുക , ജലം തിളപ്പിച്ച് മാത്രം കുടിക്കുക, കിണറും കക്കൂസും തമ്മിൽ നിശ്ചിത അകലം പാലിക്കുക , മദ്യപാന ശീലം ഒഴിവാക്കുക എന്നിവയൊക്കെ രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളാണ്
2018 ൽ നിപ എന്ന മാരക രോഗത്തെ നാം കീഴടക്കി . 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന വൈറസ് ലോക രാഷ്ട്രങ്ങളെ മുഴുവൻ നശിപ്പിച്ചുകൊണ്ടിരിക്കുന്നു . വികസിത രാജ്യങ്ങളെ അപേക്ഷിച്ചു വികസ്വര രാജ്യമായ ഇന്ത്യയിലെ ഈ കൊച്ചു കേരളത്തിലും ഈ മാരക രോഗം പടർന്നു പിടിച്ചെങ്കിലും ഒരുപരിധിവരെ ഈ രോഗത്തെ പ്രതിരോധിക്കാൻ നമ്മുടെ ആരോഗ്യമേഖലക്ക് കഴിഞ്ഞിട്ടുണ്ട് . ഇതിനു ഫലപ്രദമായ മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ ഇതിനെ നിയന്ത്രണ വിധേയമാക്കാൻ ജാഗ്രതയാണ് പ്രധാന പരിഹാരം . സദാസമയവും വീട്ടിനുള്ളിൽ തന്നെ കഴിയുക , മുഖാവരണം ധരിക്കുക ,സാമൂഹിക അകലം പാലിക്കുക . ഓരോ പതിനഞ്ചു മിനിട്ടിലും കൈകൾ ഇരുപതു സെക്കൻറ് സമയമെടുത്ത് സോപ്പിട്ടു കഴുകുക . ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യങ്ങൾക്കായി മാത്രം പുറത്തിറങ്ങുക . ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ടു വായ മൂടുക പൊതു സ്ഥലത്തു തുപ്പാതിരിക്കുക. മദ്യവും പുകയിലയും കർശനമായി ഒഴിവാക്കുക . വീട്ടിലുള്ള പ്രായമായവരെ പ്രത്യേകം ശ്രദ്ധിക്കുക . തിളപ്പിച്ചാറിച്ച വെള്ളം മാത്രം കുടിക്കുക എന്നീ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ കോവിഡിനെ പ്രതിരോധിക്കാനാകും
ഭയം വേണ്ട ...... ജാഗ്രത മതി . കോവിഡ്- 19 എന്ന മഹാമാരിയെയും ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുള്ള പ്രതിരോധത്തിലൂടെ നമുക്ക് ഒറ്റകെട്ടായി തുരത്തുവാൻ കഴിയും
“ ശരിയായ രീതിയിൽ കൈകൾ കഴുകാം
പകർച്ച വ്യാധികളെ അകറ്റാം”

ഇഷ കെ രാജ്
10 A നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം