തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./History

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരെ ലക്ഷ്യമാക്കിക്കൊണ്ട് 1925-26 ലാണ് തിരുവങ്ങൂരിൽ ഒരു ലേബർ സ്കൂൾ ആരംഭിക്കുന്നത്. അന്ന് ആ വിദ്യാലയത്തിന് കെട്ടിടമുണ്ടാക്കിക്കൊടുത്തത് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപക മാനേജരായിരുന്ന ശ്രീ. ടി.കെ. ഗോവിന്ദൻ നായരുടെ പിതാവായ ഉണിച്ചാത്തൻ നായരായിരുന്നു. ഇതേകാലത്ത് തിരുവങ്ങൂർ അങ്ങാടിയുടെ കിഴക്ക്ഭാഗത്ത് ഒരു പ്രൈമറി സ്കൂളും പ്രവർത്തിച്ചിരുന്നു. കൂടാതെ ഇതേ കോമ്പൗണ്ടിൽ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ഒരു ഗേൾസ് പ്രൈമറി സ്കൂളും പ്രവർത്തിച്ചിരുന്നു. ഈ മൂന്ന് വിദ്യാലയങ്ങളും ഏകോപിപ്പിച്ചുകൊണ്ട് 1939 ൽ ബ്രിട്ടീഷ് ഗവൺമെന്റ് തിരുവങ്ങൂർ മിക്സഡ് എലമന്ററി സ്കൂൾ എന്ന പേരിൽ ഒരു എയ്ഡഡ് സ്കൂളിന് രൂപം നൽകി. അതിന്റെ ഒന്നാമത്തെ മാനേജരായി നിയുക്തനായത് ശ്രീ. ടി.കെ. ഗോവിന്ദൻ നായരായിരുന്നു. 1958 ൽ ഈ വിദ്യാലയം അപ്പർ പ്രൈമറി ആയും 1966 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ശ്രീ. കണ്ണൻ മാസ്റ്ററായിരുന്നു ഈ വിദ്യാലത്തിന്റെ പ്രധമ പ്രധാനാധ്യാപകൻ. നീണ്ട 23 വർഷക്കാലം അദ്ദേഹം ഈ വിദ്യാലത്തിന്റെ പ്രധാനാധ്യാപകനായി തുടർന്നു. 1969 ലായിരുന്നു ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങിയത്. 2000 ത്തിൽ വിദ്യാലയം ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഹൈസ്കൂൾ - ഹയർ സെക്കണ്ടറി തലത്തിലുള്ള ഏക പൊതുവിദ്യാലയമാണ് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ തിളക്കമാർന്ന വിജയങ്ങൾ തുടർച്ചയായി നേടിക്കൊണ്ടിരിക്കുന്ന വിദ്യാലയം കൂടിയാണിത്. പ്രൈമറിതലം മുതൽ ഹയർ സെക്കണ്ടറി തലം വരെ നാലായിരത്തിലധികം വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഇവിടത്തെ വിദ്യാർത്ഥികളിൽ ഏറെയും. അധ്യാപകർ, രക്ഷിതാക്കൾ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, മാനേജ്മെന്റ്, വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് ഈ വിദ്യാലയത്തിന്റെ മികവിനു പിന്നിലെ കരുത്ത്. അധ്യാപകരും അനധ്യാപകരുമുൾപ്പെടെ 146 ജീവനക്കാരാണ് ഈ വിദ്യാലയത്തിലുള്ളത്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി വിദ്യാർത്ഥികൾ ഇവിടെ എത്തുന്നുണ്ട്. കഴി‍ഞ്ഞ വർഷം വരെ വിദ്യാലയത്തിന്റെ മാനേജരായിരുന്ന ശ്രീ. ടി.കെ വാസുദേവൻ നായർ പദവി കൈമാറിയതിനെത്തുർന്ന് ഈ അധ്യയനവർഷം മുതൽ ശ്രീ. ടി.കെ ജനാർദ്ദനൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള പുതിയ മാനേജ്മെന്റാണ് സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ശ്രീ. എൻ.പി. രജീഷ് പ്രസിഡണ്ടും ശ്രീ. വിനോദ് വൈസ് പ്രസിഡണ്ടുമായ പി.ടി.എ സ്കൂൾ പ്രവർത്തനങ്ങൾക്ക് സജീവമായ പിന്തുണ നൽകിവരുന്നു.