തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./Details

Schoolwiki സംരംഭത്തിൽ നിന്ന്

1925-26 ഒരു ലേബർ സ്കൂളായി ചേമഞ്ചേരിയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ ഇടംനേടിയ വിദ്യാലയം. 1939 ൽ മിക്സഡ് എലിമെന്ററി എയ്ഡഡ് സ്കൂളായി നവീകരിച്ചത് ബ്രിട്ടീഷ് ഗവൺമെന്റ്. ടി.കെ.ഗോവിന്ദൻ നായർ സ്ഥാപക മാനേജരായിരുന്ന പ്രസ്തുത വിദ്യാലയം 1958 ൽ അപ്പർ പ്രൈമറിയായും 1966 ൽ ഹൈസ്കൂളായും 2000 ൽ ഹയർ സെക്കന്ററിയായും വളർച്ചയുടെ പടവുകൾ കയറി. ഇപ്പോൾ മാതാപിതാ മെമ്മോറിയൽ ട്രസിനുകീഴിൽ വിദ്യാലയ വികസന സമിതിയാണ് സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
പഠനപ്രവർത്തനങ്ങൾക്കൊപ്പം വിദ്യാർത്ഥികളിലെ കഴിവുകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള അറിവരങ്ങുകൂടിയാവുന്നു ഈ വിദ്യാലയം. പ്രൈമറിതലം മുതൽ വിദ്യാർത്ഥികളുടെ - സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള ചിട്ടയായ പഠനപ്രവർത്തനങ്ങൾ ഈ വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നു. തികഞ്ഞ അച്ചടക്കത്തിനൊപ്പം വേറിട്ട പഠനമാതൃകകളും അർപ്പിതമനസ്കരായ അധ്യാപകരും നൂറുമേനിയുടെ മധുരവും ഈ വിദ്യാലയത്തിന് സ്വന്തം. അന്തർദേശീയ പഠനനിലവാരം ഇതിനകം സ്വായത്തമാക്കിയ ഈ തിരുവരങ്ങിലേക്ക് ഞങ്ങൾ ക്ഷണിക്കുന്നു. വളർച്ചയുടെ പടവുകളിൽ ഞങ്ങൾക്ക് തണലായവർ... തുണയായവർ. ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി... - നന്മയുടെ ഉറവകൾ പോലും വരണ്ടുപോകുന്ന പുതിയ കാലത്ത് നമ്മുടെ മക്കൾ ജാതിമതഭേദമില്ലാതെ സ്നേഹശീലരായി വളരട്ടെ. ആർക്കും അന്യത്വം കല്പിക്കാത്ത, സമതയുടെ സുഗന്ധമൂറുന്ന സമൂഹസൃഷ്ടിയിലേക്ക് ഓരോ കുട്ടിയും നിർമ്മലമനസ്കരായി മുന്നേറട്ടെ. പൊതുവിദ്യാലയങ്ങളിലെ മികവിന്റെ മധുരം അവർ നുണയട്ടെ. അറിവിന്റെ ഈ അക്ഷരമുറ്റത്തേക്ക് ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

സ്കൂളിന്റെ പൈതൃക കെട്ടിടം
പ്രൈമറി കെട്ടിടം
നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മാതൃക
നവീകരിച്ച ലൈബ്രറി