തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ദഫ് മുട്ട്

കേരളത്തിലെ ഇസ്‌ലാംമതവിശ്വാസികളുടെ ഇടയിൽ പ്രചാരമുള്ള കലാരൂപമാണ് ദഫ് മുട്ട്. ദഫ് എന്നത് ഒരു പേർ‌ഷ്യൻ പദമാണ്. മരത്തിന്റെ കുറ്റി കുഴിച്ചുണ്ടാക്കി അതിന്റെ ഒരു വശത്ത് കാളത്തോൽ വലിച്ചുകെട്ടി വൃത്താകൃതിയിലാണ് ദഫ് നിർ‌മ്മിക്കുന്നത്. ഇതിന് ഏതാണ്ട് രണ്ടടി വ്യാസവും നാലോ അഞ്ചോ ഇഞ്ച് ഉയരവുമുണ്ടായിരിയ്ക്കും. പാശ്ചാത്യരാജ്യങ്ങളിൽ ആഘോഷവേളകളിൽ ഗാനാലാപനത്തോടൊപ്പം ദഫ് മുട്ടി ചുവടുവെയ്ക്കുന്ന പതിവുണ്ടായിരുന്നു. കേരളത്തിൽ ഇസ്‌ലാം‌മതത്തിന്റെ പ്രചാരത്തിനു മുൻപുതന്നെ റോമാക്കാരുടെ ആരാധനാലയങ്ങളിൽ ഈ കല പതിവുണ്ടായിരുന്നത്രേ.

ഗുരുകുല സമ്പ്രദായത്തിൽ ദഫ്മുട്ടിലും അറബനമുട്ടിലും പരിശീലനം നൽകുന്ന 136 വർഷം പഴക്കമുള്ള തറവാടാണ് കാപ്പാട്ടെ ആലസ്സംവീട്. ഈ വിഭാഗങ്ങളിൽ 15 പേർക്ക് എല്ലാ വർഷവും കേന്ദ്രസർക്കാർ സ്‌കോളർഷിപ്പോടെ ഇവിടെ പരിശീലനം നൽകാറുണ്ട്. കേരളത്തിലും വിദേശ രാജ്യങ്ങളിലുമടക്കം നിരവധിപേർ കോയ കാപ്പാടിന്റെ ശിഷ്യരായി പഠനം നടത്തുന്നുണ്ട‌്. വർഷങ്ങളായി സംസ്ഥാന സ്‌കൂൾ യുവജനോത്സവങ്ങളിൽ വിജയികളാകുന്നത് കോയ കാപ്പാടിന്റെ ശിഷ്യരോ അവരുടെ ശിഷ്യരോ ആയിരിക്കും.

അവതരണരീതി
അറബി ബൈത്തുകളോ അറബി-മലയാളസാഹിത്യത്തിലെ ഗാനങ്ങളോ ആലപിച്ചുകൊണ്ട് പത്തുപേരിൽ‌ കുറയാത്ത സംഘങ്ങളായി താളപ്പെരുക്കങ്ങൾ തീർത്ത് ഉയർ‌ന്നും താഴ്‌ന്നും ചെരിഞ്ഞും ചുവടുകൾ വെച്ചാണ് ഇത് അവതരിപ്പിയ്ക്കുന്നത്. സലാത്ത് അഥവാ പ്രാർ‌ത്ഥനയോടേയാണ് ഇത് ആരംഭിയ്ക്കുന്നത്. പതിഞ്ഞ ശബ്ദത്തോടെ ആരംഭിച്ച് മേളം ഒന്നാംകാലം, രണ്ടാംകാലം, മൂന്നാംകാലം എന്നിങ്ങനെ വളരുന്നു. ഈ കലാരൂപം അനുഷ്ഠാനകർ‌മ്മങ്ങളായ കുത്തുറാത്തീബ്, നേർ‌ച്ചകൾ തുടങ്ങിയവയുടെ ഭാഗമായും വിവാഹം പോലെയുള്ള ആഘോഷവേളകളിലും അവതരിപ്പിക്കാറുണ്ട്. നബി(സ) മദീനയിൽ എത്തിയപ്പോൾ അൻസാറുകൾ (മദീനക്കാർ) ദഫ്ഫ് മുട്ടിയായിരുന്നു വരവേറ്റത് എന്ന് ചരിത്രം പറയുന്നു.