ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/അക്ഷരവൃക്ഷം/കൊറോണ കാലത്തെ ചിന്തകൾ
ആരോഗ്യം രോഗപ്രതിരോധം - കൊറോണ കാലത്തെ ചിന്തകൾ
നാം ഇന്ന് ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ ആണ് കടന്നുപോയികൊണ്ടിരിക്കുന്നത് . കൊറോണ വൈറസ് എന്ന മഹാമാരി ലോകമെങ്ങും വ്യാപിച്ചു കഴിഞ്ഞു. അതിനെ നേരിടാൻ ലോകരാഷ്ട്രങ്ങൾ എല്ലാം തന്നെ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് . നമ്മുടെ രാജ്യവും കോറോണക്കെതിരെയുള്ള യുദ്ധം ആരംഭിച്ചു കഴിഞ്ഞു. കോറോണയെ പൊരുതി തോൽപിക്കാൻ നമ്മുടെ കൊച്ചു കേരളവും ശ്രമിക്കുകയാണ്. ഈ ഘട്ടത്തിൽ നാം കൂടുതൽ ചിന്തിക്കേണ്ട വിഷയം ആണ് ആരോഗ്യവും രോഗപ്രതിരോധവും. സാധാരണഗതിയിൽ രോഗങ്ങൾ വരുമ്പോൾ ആശുപത്രികളിൽ പോയി രോഗങ്ങൾ മാറ്റാറാണ് പതിവ്. അല്ലാതെ രോഗം വരാതിരിക്കാനോ രോഗപ്രതിരോധശേഷി വർധിപ്പിക്കുവാനോ നാം ശ്രമിക്കുന്നില്ല. രോഗങ്ങൾ വരാതിരിക്കാൻ നാം നമ്മുടെ ഓരോരുത്തരുടെയും ആരോഗ്യപരമായകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തേണ്ടതുണ്ട് . രോഗപ്രതിരോധം എന്നത് ഒറ്റവാക്കിൽ പറയേണ്ടതോ, ആരോഗ്യം എന്നത് മൂന്ന് അക്ഷരത്തിൽ ഒതുക്കേണ്ട വിഷയമോ അല്ല. മറിച്ച് അത് ഒരുപാടുകാര്യങ്ങളുമായി കോർത്തിണങ്ങി കിടക്കുന്ന ഒരു പ്രധാനവിഷയം തന്നെയാണ്. രോഗപ്രതിരോധത്തെ ആസ്പദമാക്കി ഒരു ലേഖനം തയാറാക്കുമ്പോൾ അതുമായി ബന്ധപെട്ടു കിടക്കുന്ന പ്രധാന ഘടകങ്ങൾ ആണ് ശുചിത്വം, ആരോഗ്യം , പരിസ്ഥിതി എന്നിവ . പരിസ്ഥിതിയെ ചൂഷണം ചെയ്യരുത് എന്നത് നാമെല്ലാവരും നമ്മുടെ സ്കൂൾ കാലഘട്ടത്തിൽ ഗൃഹസ്ഥമാക്കിയ ഒരു പ്രധാന ആശയമാണ്. പരിസ്ഥിതി നേരിടുന്ന ഒരുപാട് വെല്ലുവിളികളെക്കുറിച്ചു നാം പഠിച്ചിട്ടുണ്ട് . മനുഷ്യർ പരിസ്ഥിതിയെ ചൂഷണം ചെയ്തപ്പോൾ അത് മനുഷ്യന് ഹാനികരമായി ഭവിക്കുമെന്നു മനുഷ്യർ ചിന്തിക്കുന്നില്ല. പ്രളയവും മഹാമാരികളും ഉരുൾപൊട്ടലും എല്ലാം ഇതിന്റെ ഭാഗമാണ്. പുഴയിലേക്കും കടലിലേക്കും മാലിന്യങ്ങൾ വലിച്ചെറിഞ്ഞു പുഴയേയും കടലിനെയും നശിപ്പിച്ചപ്പോൾ ആ പുഴകളും ജലാശയങ്ങളും കരകവിഞ്ഞൊഴുകി മനുഷ്യജീവൻ എടുത്ത കാലഘട്ടത്തിലൂടെയും നാം കടന്നുപോയി. പ്രതിസന്ധികളെ തരണംചെയ്യാൻ കേരളജനത പഠിക്കുമ്പോൾ ഒന്നോർക്കുക , മനുഷ്യജീവൻ പോലെ വിലപ്പെട്ടതാണ് നമുക്ക് പരിസ്ഥിതിയും. നമ്മുക്ക് ചുറ്റുമുള്ള മനുഷ്യർ, മറ്റു ജീവജാലങ്ങൾ , ചെടികൾ, മരങ്ങൾ എല്ലാം പരസ്പരം ബന്ധപെട്ടു കിടക്കുന്നു. ശുചിത്വമുള്ള ജീവിതശൈലികൾ ഓരോ മനുഷ്യനെയും ആരോഗ്യമുള്ളവനാക്കി തീർക്കുന്നു. ആരോഗ്യമുള്ള ശരീരത്തിന് രോഗങ്ങളെ ചെറുത്തു നിൽക്കാനും അതിനെ അതിജീവിക്കാനും സാധിക്കും. ഈ അടുത്തകാലത്ത് എന്റെ അമ്മയുടെ അമേരിക്കയിൽ ഉള്ള ഒരു സുഹൃത്തിന്റെ ഫേസ്‍ബുക് പോസ്റ്റ് വായിക്കാൻ ഇടയായി. അതിൽപറഞ്ഞ ഒരു ശ്രെദ്ധേയമായ കാര്യം താഴെ കുറിക്കുന്നു. "അമേരിക്കയിൽ ദിനംപ്രതി കൊറോണ രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്നു. എന്നാൽ നമ്മുടെകേരളത്തിൽ കോറോണയെന്ന രോഗം പടർന്നു പിടിക്കാതെ ഇരിക്കുന്നതിനുള്ള ഒരു പ്രധാന കാരണം കേരളജനത ആരോഗ്യത്തിന്റെ കാര്യത്തിൽ കുറച്ചു കൂടി ശ്രദ്ധാലുക്കളാണ് . അതിനു കാരണം നമ്മുടെ നാടൻ ഭക്ഷണരീതികളാണ്. നമ്മുടെ ഭക്ഷണത്തിൽ നാം ചേർക്കുന്ന മഞ്ഞൾ, ഇഞ്ചി, ചെറുനാരങ്ങാ, വെളുത്തുള്ളി, കാന്താരിമുളക്, മറ്റു സുഗന്ധവ്യഞ്ജനങ്ങൾ ആ ഒരു രോഗപ്രതിരോധം നമ്മുടെ ശരീരത്തിൽ ഉണ്ടാക്കാൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു . അമേരിക്കയിലും മറ്റു നാടുകളിലും പൊതുവെ ഭക്ഷണങ്ങളിൽ മസാല വളരെ കുറവാണ്” . ഈ ഒരാശയം ശരിയാണെന്ന നിഗമനത്തിൽ ഞാൻ ഇവിടെ കുറിക്കുന്നു. ഇതിൽനിന്നും നാം മനസിലാക്കേണ്ട ഒരു കാര്യം നമ്മുടെ പൂർവികർ ചെയ്തുപോന്നിരുന്നു കൃഷികളും ഭക്ഷണശൈലികളും നാം അനുവർത്തിക്കേണ്ടതുണ്ട് . നൂതനാശയങ്ങൾ നാം കടമെടുക്കുമ്പോൾ, മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നാം നമ്മുടെ ജീവിത ശൈലികളും ഭക്ഷണരീതികളും വിദേശികളെ അനുകരിച്ചപ്പോൾ നമ്മുടെ ആരോഗ്യത്തെയും രോഗങ്ങളെ ചെറുത്തു നില്കുവാനുള്ള ശരീരത്തിന്റെ ശേഷിയെയുമാണ് അത് ബാധിച്ചത്. നാടൻ ഭക്ഷണരീതി ഉപേക്ഷിച്ചു ഫാസ്റ്റ് ഫുഡ്സും ജങ്ക് ഫുഡ്സും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി വീട്ടുമുറ്റത്തോ പറമ്പിലോ സ്വന്തമായി കൃഷിചെയ്യാൻ മലയാളികൾ മറന്നുപോയിരുന്നു. തിരക്കേറിയ ജീവിത സാഹചര്യത്തിൽ അതിനുവേണ്ടി സമയം കണ്ടെത്തുവാനോ കഴിയാതെപോയി എന്നാൽ ഈ ചിന്തകളെ ഓർമപെടുത്തികൊണ്ടു പ്രകൃതി ദുരന്തങ്ങളും മഹാമാരികളും മനുഷ്യമനസ്സിനെ സ്പർശിച്ചു തുടങ്ങിയിരിക്കുന്നു.
മനുഷ്യമനഃസാക്ഷിയെ വേദനിപ്പിക്കുന്ന ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അല്ല നാം ബോധവാന്മാരാകേണ്ടത്. നമ്മുടെ ചുറ്റുപാടുകളെയും അതായതു നാം ജീവിക്കുന്ന ലോകത്തെയും സമൂഹത്തെയും കുറിച്ച് നാം ബോധവാന്മാരായിരിക്കണം. സാമൂഹിക പ്രതിപത്തതയും വ്യക്തിശുചിത്വവും സാമൂഹികശുചിത്വവും പരിപാലനവും നമ്മുടെ ഉത്തരവാദിത്വമാണ് . ഓരോ വ്യക്തിയിൽനിന്നും ആണ് ഓരോ സമൂഹം രൂപപ്പെടുന്നത്. സമൂഹത്തെ നല്ലതാക്കാനും നശിപ്പിക്കാനും ഒരു വ്യക്തിയിലൂടെ സാധിക്കും. അതുപോലെ തന്നെ ഓരോ വ്യക്തിയും ആരോഗ്യവകുപ്പിന്റെ രോഗപ്രതിരോധത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്, ഒരു വ്യക്തിയുടെ ജനനം മുതൽ ഉള്ള എല്ലാ പ്രതിരോധകുത്തിവെയ്പുകളും എടുക്കേണ്ടതുണ്ട് . അതിൽ വീഴ്ചവരുത്തുകയോ അലംഭാവം കാണിക്കുകയോ അരുത്. പ്രതിരോധമരുന്നുകളും പ്രതിരോധകുത്തിവെയ്പുകളും യഥാസമയം എടുക്കുവാൻ മറക്കരുത് . അങ്ങനെ ഓരോ രോഗത്തെയും പ്രതിരോധിക്കാൻ നമ്മുടെ സർക്കാരിനൊപ്പം നമ്മുക്ക് ഒരുമിച്ചു പ്രവർത്തിക്കാം . നല്ല നാടിനായ് നന്മയുള്ള മനുഷ്യരായി നമ്മുക്ക് വീടുകളിൽ തന്നെ ഇരിക്കാം. നമുക്കൊരുമിച്ചു കോറോണയെ ചെറുത്തു തോല്പിക്കാം. ജയ് ഹിന്ദ്
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം