ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർഥിയിൽ നിന്ന് അധ്യാപക നിലേക്ക്...

🌹🌹🌹🌹🌹

ഒരു പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ അഭിമാനമാണ് എനിക്ക് എൻ്റെ വിദ്യാലയം... ആ ഓർമ്മകൾക്ക് എന്നും പനിനീർപ്പൂവിൻ്റെ ഗന്ധമാണ്... ഞാൻ ഓടിക്കളിച്ച ആ മൈതാനത്തിലൂടെ.. കൂട്ടുകാരോടൊപ്പം സൗഹൃദം പങ്കിട്ട വരാന്തകളിലൂടെ.. അന്നത്തെ അതേ അധ്യാപകരോടൊപ്പം വീണ്ടും ചേർന്നു നടക്കുമ്പോഴുള്ള ഈ നിമിഷം എനിക്ക് വില മതിക്കാനാവാത്തതാണ്...

ജീവിതത്തിലെ ഏറ്റവും നല്ല ഓർമ്മ ഏതെന്നു ചോദിക്കുമ്പോൾ അത് എന്റെ വിദ്യാലയം ആണെന്നു ഞാനും നിങ്ങളും ഒരുപോലെ ഉത്തരമെഴുതുന്നു. അതേ കാലമെത്ര കഴിഞ്ഞാലും ലോകമെത്ര മാറിയാലും നമ്മുടെയെല്ലാം ഉള്ളിൽ പഴയ വിദ്യാലയ അങ്കണവും... ഓർമ്മകൾ അവശേഷിക്കുന്ന ക്ലാസ് മുറികളും ഒക്കെ തന്നെ.ബാല്യം ഓർമ്മയുടെ അങ്ങേയറ്റമാണ്. എത്രയോ ക്ലാസ് മുറികൾ പിന്നിട്ട് അറിവിനൊപ്പം ഒരുപാട് അനുഭവങ്ങളും സമ്പാദിച്ച് കടന്നു പോകുമ്പോൾ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു പിടി ഓർമകളാണ് മനസിനുള്ളിൽ കാലം ബാക്കി വയ്ക്കുന്നത്.

എന്റെ സ്കൂൾ ജീവിതം എനിക്ക് തന്നത് ഒരുപാട് നല്ല ഓർമകൾ തന്നെ. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കാര്യങ്ങൾ മനസിൽ ഓടിയെത്തുന്നു. ഓർമയുടെ താളുകൾ മറിയുമ്പോൾ .. ചെമ്പനീർപ്പൂവ്  പോലെ ആ  ഓർമകൾ എന്നിൽ സുഗന്ധം നിറയ്ക്കുന്നു. സ്കൂൾ തുറക്കും മുമ്പ് എത്തുന്ന മഴ , പുതുതായി പെയ്യുന്ന ആ മഴയ്ക്ക് അവധിക്കാലം കഴിഞ്ഞു സ്കൂളിൽ പോകാൻ നിൽക്കുന്ന കുട്ടിയുടെ ഉത്സാഹം ആണ്. നനഞ്ഞ് കുതിർന്ന് സ്കൂളിൽ പോകുന്നത് ഒരു ഹരം തന്നെയായിരുന്നു. എന്നെ ഞാനാക്കിയ അധ്യാപകർ... പവിത്രമാക്കുന്ന ആ ബന്ധം ആത്മാർത്ഥമായ ദൈവിക സ്പർശം എന്നു തന്നെ ഞാൻ പറയും. എന്റെ ഉള്ളിലെ കലയേയും കഴിവിനേയും തിരിച്ചറിഞ്ഞ് എനിക്ക് വേദികൾ ഒരുക്കിതന്ന എന്റെ പ്രിയപ്പെട്ട വിദ്യാലയം.. എന്നെ ഞാനാക്കിത്തീർത്ത... എൻ്റെ വിദ്യാലയം.. തെറ്റേത് ശരിയേത് എന്ന് തിരിച്ചറിയാൻ പഠിപ്പിച്ച വിദ്യാലയം.. അതാണെൻ്റെ ദേവീവിലാസം

കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടു തന്നെ വിദ്യാർഥികളുടെ ഉന്നമനത്തിനും നാടിന്റെ നേട്ടത്തിനും വേണ്ടി എന്റെ സ്കൂൾ നിലകൊള്ളുമ്പോൾ വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ അഭിവൃദ്ധിക്ക് വേണ്ടി പരിശ്രമിക്കുന്ന എല്ലാ അദ്ധ്യാപക അനദ്ധ്യാപകരും അഭിനന്ദനം അർഹിക്കുന്നു.

ഓരോ കുട്ടികളേയും സ്വന്തം കുട്ടികളായിക്കണ്ട് അവരെ നേർവഴിക്കുനടത്താൻ ഇവിടുത്തെ അധ്യാപകർ എടുക്കുന്ന കരുതലുകൾ പ്രശംസനീയം തന്നെയാണ്. പാഠപുസ്തകത്തിനപ്പുറത്തേക്ക്.. ഉള്ള ജാലകം തുറന്നു തന്നു നന്മയുടേയും മൂല്യത്തിന്റേയും പാഠങ്ങൾ പകർന്നു തരാൻ എന്റെ പ്രിയപ്പെട്ട അധ്യാപകർക്കു കഴിഞ്ഞിട്ടുണ്ട് എന്ന് പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ നിസംശയം പറയാൻ എനിക്കു കഴിയും. അധ്യാപകരോടൊപ്പം ചേർന്ന് നിന്ന് സ്കൂളിന്റെ ഓരോ പുരോഗതിക്കും വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന മാനേജ്മെന്റിനെയും ഈ അവസരത്തിൽ ഞാൻ സ്മരിക്കുന്നു.

എന്റെ എല്ലാ ഉയർച്ചയുടേയും പിന്നിൽ എന്റെ അധ്യാപകർ വഹിച്ച പങ്ക് വളരെ വലുതാണ്.  അതുകൊണ്ട് തന്നെ പഠിച്ച സ്കൂളിൽ  അധ്യാപകനാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. സൗഹ്യദത്തിന്റെയും സ്നേഹത്തിന്റെയും പങ്കു വയ്ക്കലിന്റെയും അകത്തളങ്ങളായി ദേവീവിലാസം സ്കൂൾ വാനോളം കുതിച്ചുയരട്ടെ എന്ന് ആശംസിക്കുന്നു .നാടിന്റെ വെളിച്ചമാകാൻ എന്റെ സ്കൂളിന് എന്നും കഴിയട്ടെ എന്ന പ്രാർത്ഥനയോടെ...

           അഖിൽ . എച്ച്

SSLC - 2011 Batch...