ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/ആരോഗ്യത്തോടെ ചെറുക്കാം ആയുസ്സോടെ നിൽക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യത്തോടെ ചെറുക്കാം ആയുസ്സോടെ നിൽക്കാം

പ്രകൃതിയിൽ മനോഹരവും വൈവിധ്യവുമാർന്ന ഒരു പാട് കാഴ്ചകളുണ്ട്. അതുപോലെ വ്യത്യസ്തമായ നിഗൂഢതകൾ നിറഞ്ഞ ഒട്ടനവധി രോഗങ്ങളുമുണ്ട്. സൗകര്യങ്ങൾ വർദ്ധിച്ചതോടെ ജനജീവിതവും പുരോഗതി കൈവരിച്ചു. രോഗാണുക്കളുടെ കാര്യവും ഇതുപോലെയാണ്. മുൻപത്തേക്കാൾ ശക്തരായി അവർ മാറിയിരിക്കുന്നു .ശാസ്ത്രത്തിനു പോലും പിടികൊടുക്കാനാവാത്ത വിധമാണ് അവയുടെ വളർച്ച എന്നാൽ ഇത്തരം രോഗത്തോടൊപ്പം വളരാൻ മനുഷ്യഗണത്തിന് സാധിക്കുന്നില്ല താനും.പൂർണമായും കഴിയുന്നില്ലെന്നല്ല ചിലതിനെ നേരിടുക അസാധ്യമാണ്. എന്നാൽ മികച്ച പ്രതിരോധശേഷി അതിന് മാറ്റ് കൂട്ടുന്നു.

എല്ലാ ദീനങ്ങളും ഭീകരമല്ല.ചിലതിനെ തളച്ചിടാം. മറ്റു ചിലത് അതിഭീകരമാണ് യക്ഷികളെപ്പോലെ ! രോഗങ്ങൾ സ്വയം ഉടലെടുക്കുന്നില്ല; മനുഷ്യന്റെ ചില അശാസ്ത്രീയ ഇടപെടലുകളും ശുചിത്വമില്ലായ്മയും മലിനീകരണവുെമെല്ലാം ഇതിന് കാരണമാവുന്നു. ആരോഗ്യമില്ലാത്ത ശരീരം പ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുന്നതിനാൽ രോഗം മൂർച്ഛിക്കുന്നതിനിടയാവുന്നു. ചില ജീവ ജന്തുക്കളിൽ മാത്രം കാണുന്ന വൈറസുകളോ ബാക്ടീരിയയോ മനുഷ്യരിലേക്ക് പടരാൻ സാധ്യതയേറെയാണ്. ബാക്ടീരിയേക്കാൾ വില്ലൻ വൈറസു തന്നെ. അനിയന്ത്രിതമായി തുടരുന്ന മലിനീകരണം പരിസ്ഥിതിയേയും ആവാസവ്യവസ്ഥയേയും രൂക്ഷമായി ബാധിക്കുന്നു.' അതിന്റെ പ്രത്യാഘാതം മനുഷ്യനിലും സ്പഷ്ടമാണ്. മനുഷ്യന്റെ ആന്തരിക വ്യവസ്ഥിതിയിൽ തന്നെ മാറ്റമുണ്ടാകുന്നു. അശുദ്ധമായ വായുവിന്റെയും ജലത്തിന്റെയും സാന്നിധ്യം നിരവധി രോഗങ്ങൾക്ക് വഴിവെക്കുന്നു. രാസവസ്തുക്കളടങ്ങിയ ഭക്ഷണ പദാർഥങ്ങൾ കഴിക്കുമ്പോഴും ഇതു തന്നെയാണുണ്ടാവുന്നത്. രോഗം അനിയന്ത്രിതമായി പടരുന്നത് പകർച്ചവ്യാധികളിലൂടെയാണ്. ഡെങ്കി മുതൽ കോളറ വരെ .ഭീതി പടർത്തുന്ന തരം രോഗങ്ങളാണ് കൊതുകിന്റെ കൈ പിടിയിൽ ഉള്ളത്. ആഹാരപദാർത്ഥങ്ങളിലുള്ള അശ്രദ്ധയും രോഗങ്ങളിലേക്കുള്ള തൂക്കുപാലമാണ്.

രോഗം വരുന്നെങ്കിൽ വരട്ടെ അതിനെ ചികിത്സിച്ചു ഭേദമാക്കാലോ എന്നാണ് പലരുടെയും ധാരണ ,എന്നാൽ ,ഇക്കൂട്ടത്തിൽ തന്നെ തക്കതായ മരുന്ന് കണ്ടെത്താത്ത ഒരു പാട് രോഗങ്ങളുണ്ട്. ലോകത്തെയാകെ മുൾമുനയിലാഴ്ത്തിയ കൊവിഡ്- 19 തന്നെ ഉത്തമ ഉദാഹരണം. സാധാരണയായി കണ്ടുവരുന്ന രോഗങ്ങളെ ആയുർവേദ സിദ്ധാന്തത്തിലൂടെയും ,വൈദ്യശാസ്ത്രപരമായും തടുക്കാനാവും.കൂടാതെ ,ഒറ്റമൂലികളും പ്രയോഗികമാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ അത് വരാതെ നോക്കുകയെന്നതാണ് പ്രഥമ കർത്തവ്യം.ഇതിന്, വ്യക്തി ശുചിത്വത്തോടൊപ്പം ,പരിസര ശുചിത്വവും അനിവാര്യമാണ്.ജീവകങ്ങൾ, നാരുകൾ, പ്രോട്ടീൻ, കൊഴുപ്പകൾ'... എന്നിവ അടങ്ങിയ ഭക്ഷ്യപദാർത്ഥങ്ങൾ ആഹാരത്തിലുൾപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.' രുചിയുള്ളവ മാത്രം തെരെഞ്ഞെടുത്ത് കഴിക്കുന്നതിനേക്കാൾ ആരോഗ്യത്തിനാവശ്യമായ ഘടകങ്ങൾ അടങ്ങിയ ആഹാരങ്ങൾ കൂടി ഉൾപ്പെടുത്തണം. ഇത് നാം ശീലിച്ചേ മതിയാവൂ. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. അത് നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് വരുത്തുന്നത്.ഈ ദുശ്ശീലം ഒഴിവാക്കണം. അധികമായാൽ അമൃതും വിഷം.. നല്ല ആരോഗ്യത്തിനായി അളവിൽ കൂടുതൽ ഭക്ഷ്യപദാർത്ഥങ്ങൾ കഴിക്കുന്നത് ജീവിത ശൈലീ രോഗങ്ങൾക്കിടയാക്കുന്നു. ലഘു വ്യായാമങ്ങൾ തീർച്ചയായും പിൻതുടരണം. ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും ഇത് പ്രധാനം ചെയ്യുന്നു.

നാമിന്ന് അതിജീവിച്ചു കൊണ്ടിരിക്കുന്ന കൊവിഡിനേക്കാൾ മാരകമായ നിരവധി വൈറസുകൾ കാർമേഘങ്ങളേപ്പോലെ പതുങ്ങിയിരിക്കുകയാണ്. എപ്പോഴാണവ പ്രത്യക്ഷമാവുകയെന്നത് അനിശ്ചിതമാണ്.' സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട' എന്ന വ്യവസ്ഥിതി നാം ഉൾക്കൊള്ളണം. ഒരു രോഗവും ആരെയുംതേടി വരുന്നില്ല, അത് വരുത്തിവെക്കുന്നത് നമ്മൾ തന്നെയാണ്. കൊറോണ കാലത്ത് ശീലിച്ച പ്രതിരോധ മുറകൾ താൽകാലികമാക്കേണ്ടതില്ല. ജീവിതത്തിലുടനീളം ഈയൊഴുക്ക് തുരട്ടെ. വ്യക്തി ശുചിത്വവും പരിസഥിതി സംരക്ഷണവും ഒരു പോലെ പാലിച്ചാൽ ഒരു മഹാമാരിയുംദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരില്ല. പ്രതിരോധമെന്ന യജ്ഞത്തിൽ വൈദ്യശാസ്ത്ര രംഗം മാത്രം സജ്ജരായാൽ പോര, ഓരോ മനുഷ്യമനസ്സും സുസജ്ജരാകണം. ആരോഗ്യത്തോടെ നിൽക്കാൻ;രോഗങ്ങളെ ചെറുക്കാം ,ആയുസ്സോടെ നിൽക്കാം.

NANDANA
9 A ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം