ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/ഓർക്കണം നാം പരിസ്ഥിതിയെ

Schoolwiki സംരംഭത്തിൽ നിന്ന്

.

ഓർക്കണം നാം പരിസ്ഥിതിയെ ....

പരിസ്ഥിതി മലിനീകരണം ലോകം ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ വിപത്താണ് . കുറച്ച് കാലങ്ങൾക്ക് മുമ്പ് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിൽ പരിസ്ഥിതിയെ കുറിച്ച് പരാമർശിക്കാത്ത ഒരു വാർത്തയില്ലാത്ത ഒരു ദിനം പോലും ഉണ്ടായിരുന്നില്ല.

എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടുകളിൽ നിന്ന് മാറി വളരെ ചെറിയ കാഴ്ചപ്പാടിലേക്ക് എത്തുകയാണ്. ആമസോൺ കാടുകൾ കത്തിയെരിഞ്ഞപ്പോൾ വലിയ മാധ്യമങ്ങളിൽ ഒരു ചെറിയ വാർത്താ കോളത്തിൽ മാത്രം ഒതുങ്ങിയത് നമുക്ക് ചെറിയ ഒരു ഉദാഹരണമായി എടുക്കാം. ഒരു വേള, നമ്മൾ ഇന്നു നേരിടുന്ന കൊറോണ 19 എന്ന മഹാമാരി പോലും മനുഷ്യരും വന്യ ജീവികളും തമ്മിലുള്ള തുലന സാമ്യത്തിനു പ്രകൃതി വിരിച്ച ഒരു വിപത്താണെന്നു കൂടി വിചക്ഷണർ പ്രവചിക്കുന്നു. ആമസോൺ കാടുകളിൽ കത്തി നശിച്ച വന്യ ജീവികളിൽ വന്ന കുറവ് മനുഷ്യനിലും വരുത്താൻ പ്രകൃതി കൈകൊണ്ട മറ്റൊരു വഴിയാണിതെന്നാണ് ഇവർ പറയുന്നത്.

പ്രകൃതിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ സംരക്ഷിക്കുകയും അവ നശിച്ചാലുള്ള ഭവിഷ്യത്തുകളെ കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്ത കല്ലേൽ പൊക്കുടൻ എന്ന കണ്ടൽ പൊക്കുടനെ മലയാളികൾ പരിസ്ഥിതി പ്രവർത്തനത്തിന് ഇന്ന് മാതൃകയാക്കേണ്ടതുണ്ട്.

നമ്മുടെ രാജ്യമായ ഇന്ത്യ നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട നാളുകൾ അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. അശാസ്ത്രീയമായ ജീവിത മാർഗ്ഗങ്ങൾ പരിസ്ഥിതി പ്രശ്നങ്ങളിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. പ്രകൃതിയുടെ സന്തുലിതാവസ്ഥയിൽ ഉണ്ടാവുന്ന അനാരോഗ്യകരമായ മാറ്റങ്ങൾ മാനവരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാവും എന്ന തിരിച്ചറിവാണ് പരിസ്ഥിതി സംരക്ഷണത്തിനായി ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ വിവിധ ലോകരാഷ്ട്രങ്ങൾക്ക് തന്നെ പ്രേരകശക്തി ആവുന്നത്. അതുകൊണ്ട് തന്നെയാണ് എല്ലാ ലോകരാജ്യങ്ങളും 1972 മുതൽ ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നതും.



ഹാസിൽ മുഹമ്മദ്
7 B ഡി എ൯ ഒ യു പി എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം