ഡയറ്റ് യു. പി.എസ്.തിരുവല്ല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവല്ല

പത്തനംതിട്ട ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നും തിരുവല്ല താലൂക്കിന്റെ ആസ്ഥാനവുമാണ് തിരുവല്ല . തിരുവല്ലയിലാണ് പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശമലയാളികളുള്ള പ്രദേശമാണ് തിരുവല്ലയും

ഐതിഹ്യം

തിരുവല്ലയുടെ കിഴക്കും തെക്കും അതിർത്തികളിലൂടെ ഒഴുകുന്ന മണിമലയാറിന്‌ പഴയകാലത്ത്‌ വല്ലപ്പുഴ എന്ന് പേരുണ്ടായിരുന്നു. തിരുവല്ല ഗ്രാമത്തിന്റെ പ്രധാന സങ്കേതം വല്ലപ്പുഴയുടെ വടക്കെ തീരത്തായിരുന്നതിനാൽ സ്ഥലത്തിന്‌ വല്ലവായ്‌ എന്നു പേരുണ്ടായി എന്നതാണ് ഒരു അഭിപ്രായം.  ഇവിടെയുളള ശ്രീവല്ലഭ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് തിരുവല്ല എന്ന സ്ഥലനാമം ഉരുത്തിരിഞ്ഞെതെന്നാണ് മറ്റൊരഭിപ്രായം. പുരാതനകാലത്ത് ശ്രീവല്ലഭപുരം എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം കാലാന്തരത്തിൽ “തിരുവല്ലഭപുരം” ആകുകയും ക്രമേണ “തിരുവല്ല” എന്ന് ലോപിക്കുകയും ചെയ്തുവെന്നാണ് ഇതിന്റെ വിശദീകരണം

പേരിനു പിന്നിൽ

പാലി ഭാഷയിലെ സിരിവല്ലഹവാസ എന്ന പദത്തിൽ നിന്നാണ് തിരുവല്ലയുടെ ഉത്ഭവം. ശ്രീവലഭവാസ എന്നാണ് സംസ്കൃതത്തിൽ.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ശ്രീവല്ലഭക്ഷേത്രത്തിനനുബന്ധമായി താമസസൗകര്യങ്ങളോട് കൂടിയ ഒരു ഗുരുകുലം നിലനിന്നിരുന്നതായി കരുതപ്പെടുന്നു.. ആദ്യത്തെ വ്യവസ്ഥാപിതമായ സ്കൂൾ തുടങ്ങിയത് കാവിൽ കമ്പോളത്തിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്‌. തിരുവിതാംകൂറിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് തിരുവല്ല സി.എം.എസ് സ്കൂളിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്ഥാപിതമായ എം.ജി.എം ഹൈസ്കൂളും എസ്.സി.എസ് ഹൈസ്കൂളും ഇപ്പോഴും മികച്ച നിലവാരം പുലർത്തുന്നു. മറ്റൊരു പ്രമുഖ വിദ്യാലയമാണ് ദേവസ്വം ബോർഡ് ഹൈസ്കൂൾ. കൂടാതെ മുത്തൂർ ഗവണ്മെന്റ് എൽ.പി സ്കൂൾ, മുത്തൂർ എൻ. എസ്. എസ്. ഹൈ സ്‌കൂൾ തുടങ്ങി ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള സ്ഥലമാണ് തിരുവല്ല.1952-ൽ തിരുവല്ലയിലെ ആദ്യ കലാലയമായ മാർത്തോമ്മ കോളേജ് സ്ഥാപിതമായി. ടൈറ്റസ് II ടീച്ചേഴ്സ് കോളേജ്, മാർ അത്താനേഷ്യസ് കോളേജ് ഫോർ അഡ്‌വാൻസ്‌ഡ് സ്റ്റഡീസ് (മാക്‌ഫാസ്റ്റ്) തുടങ്ങിയവ തിരുവല്ലയിലെ മറ്റ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.